
കോലഞ്ചേരി: കൊവിഡ് വ്യാപനത്തിന് പിന്നാലെ നമ്മുടെ നാട്ടിൽ നായ്‌ക്കുട്ടികളുടെ ആവശ്യക്കാരും ഏറിയിരിക്കുകയാണ്. വീട്ടിലൊതുങ്ങിയ ജീവിതം രസകരമാക്കാനും കുട്ടികളുടെ നിർബന്ധത്തിനും വഴങ്ങിയാണ് നായ്ക്കളെ സ്വന്തമാക്കാൻ പലരും തീരുമാനിച്ചത്.
ആവശ്യക്കാരേറിയതോടെ നല്ലയിനം പട്ടിക്കുട്ടികളെ കിട്ടാനുമില്ല.ഉള്ളവയ്ക്കാണെങ്കിൽ മോഹവിലയും. മുന്തിയ ഇനം വളർത്തുനായ്ക്കളുടെ പ്രസവം കാത്തിരിക്കുകയാണ് മലയാളികൾ. വില ഇരട്ടിക്കുകയും ചെയ്തു. കേരളത്തിൽ ബ്രീഡ് ചെയ്തു വിൽക്കുന്നിടത്തെല്ലാം ആവശ്യക്കാർ വെയ്റ്റിംഗ് ലിസ്റ്റിലാണ്

നായ വളർത്തുകാരന്റെയും വില്പനക്കാരന്റെയും ബ്രീഡർമാരുടെയും പക്കൽ കുഞ്ഞുങ്ങൾ സ്റ്റോക്കില്ല. അത്യാവശ്യക്കാർക്ക് ബംഗളൂരുവിൽ നിന്ന് എത്തിച്ച് നല്കും. എറണാകുളം വരെയുള്ള യാത്രാചെലവായി നൽകണം രണ്ടായിരത്തോളം രൂപ. വീടിനകത്ത് വളർത്താവുന്നവയ്ക്കാണ് ഇപ്പോൾ പ്രിയം.
ഇനം, ലോക്ക് ഡൗൺ സമയത്തെ വില, ഇപ്പോഴത്തെ വില
ലാബ്രഡോർ 7000, 10000 ,25000
ബീഗിൾ 20000- 45000
ഷിൻ ടിസു 18000- 30000
ഗോൾഡൻ റിട്രീവർ 12500 -25000
റോട്ട് വീലർ 20000 -35000
ജെർമ്മൻ ഷെപ്പേർഡ് 14000 -23000
പിറ്റ് ബുൾ 10000 -20000
ഡോഗോ അർജന്റീന 30000 45000
ഗ്രേറ്റ് ഡെയിൻ 16000 25000
പഗ്ഗ് 15000- 25000
പൊമറേനിയൻ 8000- 15000
രാജപാളയം 15000- 20000

'വീട്ടിൽ ചെലവഴിക്കുന്ന സമയം കൂടിയതോടെയാണ് അരുമകളെ വളർത്താൻ പലരും തീരുമാനിച്ചത്. കൂട്ടുകാരോടൊപ്പം കളിക്കാൻ പറ്റാതെ വന്നതോടെ കുട്ടികൾക്കും ആവേശമായി. ഇതോടെ ആവശ്യക്കാർ കൂടിവരുകയാണ് ' ഡോ. സുനിൽകുമാർ,
ഫെലിക്കൻ പെറ്റ് ഹോസ്പിറ്റൽ, തൃപ്പൂണിത്തുറ
'ലോക്ക് ഡൗൺ സമയത്ത് സ്റ്റോക്കുണ്ടായിരുന്നവയെ കിട്ടിയ വിലയ്ക്ക് വിറ്റ് ഒഴിവാക്കിയിരുന്നു. വംശശുദ്ധി തെളിയിക്കുന്ന കെന്നൽ ക്ളബ് രേഖകളുള്ള കുഞ്ഞുങ്ങൾക്ക് വില ഇരട്ടിയാണ്. ഡോഗ് ഷോകളിൽ പങ്കെടുത്ത് വിജയിച്ചവരുടെ മക്കളായാൽ പൊന്നും വിലയും'.
ഉണ്ണിക്കൃഷ്ണൻ, ഡോഗ് ബ്രീഡർ, പെരുമ്പാവൂർ, വെങ്ങോല