 
അവസാനം ഗുരുദേവന്റെ പേരിൽ കേരളത്തിൽ ഒരു സർവകലാശാല സ്ഥാപിതമായിരിക്കുന്നു. വൈസ് ചാൻസലർ മുതൽ പ്രധാന അധികാരികളെ നിയമിക്കുകയും സർവകലാശാല ഔപചാരികമായി സമാരംഭിക്കുകയും ചെയ്തു. പതിറ്റാണ്ടുകളുടെ ഉദാസീനതയ്ക്ക് വിരാമമിടാൻ കഴിഞ്ഞതിൽ സർക്കാരിന് വലിയ ചാരിതാർത്ഥ്യത്തിനു അവകാശമുണ്ട്. ഈ ചരിത്ര തീരുമാനങ്ങളുടെ ശില്പികളോട് കേരളം കടപ്പെട്ടിരിക്കുന്നു. ഗുരുദേവന്റെ പേരിൽ ഇത്രകാലവും ഒരു സർവകലാശാല എന്തുകൊണ്ട് രൂപപ്പെട്ടില്ല എന്ന ചോദ്യം തല്ക്കാലം ഉപേക്ഷിക്കാം. ഉന്നതമായ അക്കാഡമിക് നിലവാരം, കാലോചിതമായ പുതിയ കോഴ്സുകൾ, വൈജ്ഞാനികമായ ജാഗ്രത, ഉത്കൃഷ്ടമായ ഗവേഷണം, ഭരണപരമായ മികവ്, സാങ്കേതിക വിദ്യയുടെ സമുചിതമായ സന്നിവേശം എന്നിവയാൽ ഇപ്പോൾ നിലവിൽ വന്ന പുതിയ സർവകലാശാല കേരളത്തിന് വലിയ അഭിമാനം നേടിത്തരട്ടെ എന്നാണ് എല്ലാ ഉത്പതിഷ്ണുക്കളുടെയും ആഗ്രഹവും പ്രാർത്ഥനയും. ലോകനിലവാരത്തിലേക്ക് അനുക്രമം വളരുന്ന ഒന്നായിരിക്കണം മഹാഗുരുവിന്റെ പേരിലുള്ള സർവകലാശാല. വിട്ടുവീഴ്ചകളിലൂടെ ശരാശരി നിലവാരം പുലർത്തുന്ന സ്ഥാപനമായി ഗുരുദേവന്റെ പേര് വഹിക്കുന്ന സർവകലാശാല ചുരുങ്ങാൻ പാടില്ല.
നമ്മുടെ സമൂഹത്തിൽ ശരാശരിയിലേക്ക് ചുരുങ്ങാനുള്ള പ്രവണത വ്യാപകവും പ്രബലവുമാണ്. അതുകൊണ്ടു തന്നെ ലോകനിലവാരം എന്ന ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും പിന്മാറാത്ത നിശ്ചയദാർഢ്യം ഒന്നാം ദിവസം മുതൽ ഈ സ്ഥാപനത്തിന്റെ ജനിതകത്തിൽ മുദ്രിതമാവണം. ലോകോത്തരനിലവാരം തുടങ്ങിയ ആശയങ്ങളുടെ സ്വീകാര്യതയും നീതീകരണവും ചോദ്യം ചെയ്യുന്ന പ്രതിശബ്ദങ്ങൾ ആദ്യം ഉണ്ടാകും. 'നമ്മുടെ നിലവാരം നമ്മൾ തീരുമാനിക്കും. ലോക നിലവാരവും ആഗോള റാങ്കിംഗുമെല്ലാം പാശ്ചാത്യ ഉപജാപത്തിന്റെ ഭാഗമാണ്; നമ്മൾ അതിലൊന്നും വീഴരുത് ". ഇതാണ് ആദ്യത്തെ വാരിക്കുഴി. ഇതിൽ വീഴാതെ മുന്നോട്ടു പോകാനുള്ള ആർജവമാണ് പരമപ്രധാനം. ലോകത്തിലെ മികച്ച സർവകലാശാലകളോട് തുലനം ചെയ്താൽ നമ്മൾ ഒട്ടുംപിന്നിലാവുകയില്ല എന്ന് ഉറപ്പു വരുത്താൻ എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യവും അധികാരവും സമ്പാദിക്കുകയും നിലനിറുത്തുകയും ചെയ്യുകയെന്നതാണ് അടുത്ത വെല്ലുവിളി.
പുതിയ കോഴ്സുകൾ ആവിഷ്കരിക്കുമ്പോൾ, നിലവിലെ പാഠ്യപദ്ധതികൾ പരിഷ്കരിക്കാൻ തുടങ്ങുമ്പോൾ, പരീക്ഷ രീതികൾ മാറ്റുമ്പോൾ, എന്തെങ്കിലും പുതുതായി തുടങ്ങാൻ ശ്രമിക്കുമ്പോൾ എല്ലാം ആദ്യം എതിർപ്പും പിന്നെ വിമർശനവും തുടർന്ന് ആരോപണവും ഉണ്ടാകും. മാറാതിരിക്കാനും ശരാശരിക്കപ്പുറം പോകാതിരിക്കാനുമുള്ള ചെറുത്തുനിൽപ്പിൽ മഹത്വം കാണുന്ന ഒരു മൗഢ്യം എവിടെയോ ഒളിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിയണം. വിദ്യാർത്ഥികൾക്ക് പ്രസക്തമായ അറിവ് കൊടുക്കാൻ സാധിക്കുന്നതെല്ലാം ശരി അതിനു തടസ്സമായി നിൽക്കുന്നതെല്ലാം തെറ്റ് എന്ന യുക്തികൊണ്ടേ ഇതിനെ പ്രതിരോധിക്കാനാവൂ. ഇന്നലത്തെ അറിവുകളും നൈപുണികളും മനോഭാവങ്ങളുമായിട്ടല്ല നമ്മുടെ വിദ്യാർത്ഥികൾ മാറുന്ന സമൂഹത്തെയും ലോകത്തെയും അഭിമുഖീകരിക്കേണ്ടത്. ഈ സർവകലാശാലയിലെ ബിരുദമാണെങ്കിൽ ഒരു ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിന് കൂടുതലൊന്നും ആലോചിക്കാനില്ല എന്ന അവസ്ഥ അടുത്ത നാലഞ്ചു വർഷം കൊണ്ട് സംജാതമാവണം.
കേന്ദ്ര സർക്കാർ ഈയിടെ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം (അതിനോട് വിയോജിക്കാനും കലഹിക്കാനും അനവധി കാര്യങ്ങൾ വേറെ ഉണ്ടെങ്കിലും) പഠന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനും കോഴ്സുകൾ പൂർത്തിയാക്കുന്നതിനുമെല്ലാം പൂർവാധികം സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഓപ്പൺ സർവകലാശാലയ്ക്ക് ഈ വ്യവസ്ഥ പ്രയോജനകരമായിരിക്കും. ഇപ്പോഴത്തെ രീതികളിൽ നിന്ന് മാറുകയില്ല എന്ന കടുംപിടിത്തം ഭൂഷണമായിരിക്കുകയില്ല.
സംസ്ഥാനത്തിനുള്ളിലെ മറ്റു സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ പുതിയ സർവകലാശാലയുടെ ഭാഗമാകുമ്പോൾ തീർച്ചയായും പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ ആ പ്രശ്നങ്ങൾ ബാലാരിഷ്ടതകളായി മാത്രമേ കാണാൻ പാടുള്ളൂ. ആ സർവകലാശാലകളിൽ ചേർന്ന വിദ്യാർത്ഥികൾക്കു തുടക്കത്തിൽ വാഗ്ദാനം ചെയ്തിരുന്നത് എന്തോ അത് പൂർത്തിയാക്കിക്കൊടുക്കുകയും പുതിയ വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകൾ ലഭ്യമാക്കുകയും ചെയ്യുക എന്ന നയം സ്വീകരിച്ചാൽ ബാലാരിഷ്ടതകൾ ആജന്മക്ലേശങ്ങളായി മാറാതിരിക്കും.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പ്രവർത്തനം ആരംഭിക്കുന്ന ഒരു സ്ഥാപനത്തിന്റെ ഭരണസംവിധാനം ആരംഭം മുതൽ തന്നെ ആധുനികമായിരിക്കണം. ലോകം ഉപേക്ഷിച്ച പുണ്യപുരാതന ഫയൽസഞ്ചലനശീലം ആദ്യ ദിവസം മുതൽ വർജിച്ചാൽ അത്രയും നന്ന്. ഔദ്യോഗിക രേഖകൾ വേണ്ട എന്നല്ല ; പക്ഷേ അവയെല്ലാം ഇനിയും ചുവപ്പു നാട കൊണ്ട് കെട്ടിവരിയേണ്ടതില്ല. മാറ്റങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന ഉദ്യോഗസ്ഥ മനോഭാവം രൂപപ്പെടുന്നതിനെതിരെ ജാഗ്രത പുലർത്തണം.
സ്ഥാപനങ്ങൾ ചെറിയ താല്പര്യങ്ങളുടെ കളിക്കളമാകാതിരിക്കണമെങ്കിൽ സ്ഥാപനത്തിന്റെ ലക്ഷ്യം വളരെ ഉന്നതമായിരിക്കേണ്ടതുണ്ട്. ഗുരുദേവകൃതികളെക്കുറിച്ചും ആ പുണ്യജീവിതത്തെക്കുറിച്ചുമുള്ള ഗവേഷണത്തിന് ഈ സർവകലാശാലയിൽ പ്രത്യേകമായ ഒരു കേന്ദ്രം തുടക്കം മുതൽ പ്രവർത്തിക്കണം. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള ഗവേഷകരും പണ്ഡിതരും അവിടേയ്ക്കു ആകർഷിക്കപ്പെടണം. ഗുരുദേവദർശനങ്ങളുടെ സനാതനവും സമകാലികവുമായ ഭാഷ്യങ്ങളും പുതിയ വായനകളും ഉണ്ടാകണം. ആ പ്രതിഭാ വിലാസം ലോകത്തെങ്ങും പ്രസരിപ്പിക്കാൻ ആ കേന്ദ്രത്തിനു സാധിക്കണം. ഗുരുദേവന്റെ ചിന്താപരമായ പ്രകാശോർജം ഈ പുതിയ സർവകലാശാലയുടെ അക്ഷയചൈതന്യമാകട്ടെ. ഈ സർവകലാശാല കേരളത്തിന്റെ അഭിമാനമാകട്ടെ.