police-

തിരുവനന്തപുരം : കൊവിഡ് മഹാമാരി നാട് മുഴുവൻ പടരുമ്പോൾ പ്രത്യക്ഷത്തിൽ പോരാടുന്ന രണ്ട് വിഭാഗമാണ് ആരോഗ്യപ്രവർത്തകരും പൊലീസും. സാലറി കട്ടിൽ തന്നെ ഈ രണ്ട് വിഭാഗങ്ങളെയും ഒഴിവാക്കണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ഇപ്പോഴിതാ കൊവിഡ് ഡ്യൂട്ടിചെയ്ത പൊലീസുകാർക്ക് ബഹുമതിയായി നൽകുന്ന 'കൊവിഡ് പോരാളി' പതക്കത്തിന്റെ പേരിലും വിവാദം ഉയരുന്നു. കഴിഞ്ഞ ദിവസമാണ് കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് പോരാളി പതക്കം നൽകാമെന്ന ഡി ജി പിയുടെ സർക്കുലർ ഇറങ്ങിയത്. എന്നാൽ പുരസ്‌കാരം ആവശ്യമുള്ളവർ നൂറ് രൂപ അടയ്ക്കണമെന്ന വിചിത്ര വാദമാണ് വിവാദത്തിന് കാരണമായത്. 'കൊവിഡ് വോറിയർ' എന്നു രേഖപ്പെടുത്തിയ ചെറുപതക്കം പൊലീസുകാർ 100 രൂപ നൽകി വാങ്ങണമെന്നാണ് സർക്കുലറിൽ പറയുന്നത്. ബഹുമതി പണം കൊടുത്തു വാങ്ങേണ്ട ഒന്നാണോ എന്ന ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയോട് ഇതിനെകുറിച്ച് പ്രതികരണം ചോദിച്ചുവെങ്കിലും ഇങ്ങനെയൊരു സർക്കുലർ ശ്രദ്ധയിൽ പെട്ടില്ല എന്ന മറുപടിയാണ് നൽകിയത്.

പൊലീസുകാർക്കിടയിൽ കൊവിഡ് ബാധ വർദ്ധിക്കുകയും ജോലി ഭാരം കൂടുകയും ചെയ്‌പ്പോൾ അവരെ പ്രോത്സാഹിപ്പിക്കാനാണ് 'കൊവിഡ് വോറിയർ' പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു മാസം കൊവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാർക്കെല്ലാം അത് നൽകുമെന്നായിരുന്നു അന്നത്തെ സർക്കുലർ. എന്നാൽ പണം നൽകി ബാഡ്ജ് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇ മെയിൽ വഴി രജിസ്റ്റർ ചെയ്യുകയോ പൊലീസ് ആസ്ഥാനത്തെ ഇൻസ്‌പെക്ടറുമായി ബന്ധപ്പെടുകയോ ചെയ്യണമെന്നാണ് പുതിയ സർക്കുലർ.

പൊലീസിന്റെ വെൽഫെയർ ബ്യൂറോയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സംതൃപ്തി കഫെറ്റീരിയ, ലുധിയാനയിലെ ബി.കെ.വി എന്റർപ്രൈസസിൽ നിന്നാണ് പതക്കങ്ങൾ വാങ്ങിയതെന്നും അവ ഒന്നിന് നൂറു രൂപ എന്ന നിലയിൽ വിതരണം ചെയ്യുമെന്നുമാണ് അറിയിപ്പ്. പതക്കത്തിനായി സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാത്തതിനാലാണ് പൊലീസുകാരോട് പണം നൽകാൻ പറയുന്നതെന്നാണ് വിവരം. പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥർ യൂണിഫോമിന്റെ ഇടതു പോക്കറ്റിനു മുകളിലായാണ് അതു ധരിക്കേണ്ടത്. ബഹുമതിക്കായി പരിഗണിക്കേണ്ട ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവികളും യൂണിറ്റ് തലവൻമാരുമാണ് കണ്ടെത്തേണ്ടത്.