xi-jin-ping

വാഷിംഗ്ടൺ: കൊവിഡ് രോഗം ലോകമാകെ പൊട്ടിപ്പുറപ്പെട്ടതിന് കാരണമായത് മുതൽ ചൈനയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ലോകരാജ്യങ്ങൾക്ക്. അമേരിക്കയുമായും ഇന്ത്യയുമായും ഇവർക്കുള‌ള തർക്കങ്ങൾ മൂലം ആ ഇമേജ് അൽപം കൂടി ഇടിഞ്ഞു. ഇപ്പോഴിതാ അമേരിക്കയിൽ നടത്തിയ ഒരു സർവേ ഫലത്തിൽ വിവിധ വികസിത രാജ്യങ്ങളിലെ ജനങ്ങൾ ചൈനയെ കുറിച്ച് വളരെ മോശം അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കൻ സംഘടനയായ പ്യു റിസർച് സെന്റർ ജൂൺ 10 നും ഓഗസ്‌റ്റ് 3നുമിടയിൽ നടത്തിയ സർവേയിലാണ് വിവിധ രാജ്യങ്ങളിലെ 14,276 ജനങ്ങൾ ചൈനയ്‌ക്കെതിരെ അഭിപ്രായമറിയിച്ചത്. ഫോൺ വഴിയായിരുന്നു സർവെ. ഓസ്‌ട്രേലിയ,ബ്രിട്ടൺ,ജർമനി, നെതർലാന്റ്‌സ്,സ്വീഡൻ, അമേരിക്ക, ദക്ഷിണ കൊറിയ, സ്‌പെയിൻ, കാനഡ എന്നീ രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ചൈനയ്‌ക്കെതിരെ മോശം അഭിപ്രായമാണ് നടത്തിയത്.

കൊവിഡ് മഹാമാരിയുടെയും നവംബർ 3ന് അമേരിക്കയിൽ നടക്കാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് സർവേ നടന്നത്. സർവേയിൽ പങ്കെടുത്ത 61 ശതമാനം പേരും ചൈന മഹാമാരിയെ നേരിട്ടത് വളരെ മോശമായ രീതിയിലാണെന്ന് അഭിപ്രായപ്പെട്ടു. ചൈനയ്‌ക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത് വെറും 37 ശതമാനം പേർ മാത്രമാണ്. ഇതിൽ അമേരിക്കയിൽ നിന്ന് 84 ശതമാനം പേരും പ്രതികൂലം അഭിപ്രായമാണ് അറിയിച്ചത്.

കൊവിഡ് മഹാമാരിയെ ചൈന കൈകാര്യം ചെയ്‌ത രീതി ചൈനയെ കുറിച്ച് വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ അഭിപ്രായത്തെ തന്നെ മാ‌റ്റിമറിച്ചു എന്നാണ് സർവെ ഫലത്തിലുള‌ളത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെ കുറിച്ചും 14 രാജ്യങ്ങളിലെ 78 ശതമാനം ജനങ്ങൾക്കും നല്ല അഭിപ്രായമില്ല. ചൈന കൊവിഡ് രോഗത്തെ ഫലപ്രദമായി നേരിട്ടു എന്ന് അഭിപ്രായപ്പെട്ട ന്യൂനപക്ഷത്തിന് പോലും ഷി ജിൻ പിംഗിനെ കുറിച്ച് നല്ല അഭിപ്രായമില്ല. എന്നാൽ മിക്ക രാജ്യങ്ങൾക്കും ട്രംപിനെക്കാൾ ഷിയെ വിശ്വാസമുണ്ട് എന്ന കണ്ടെത്തലും സർവെയിലുണ്ട്. ജർമനിയിൽ 78 ശതമാനം പേർക്ക് ഷി യിൽ വിശ്വാസമില്ല. ഇവിടെ 89 ശതമാനം പേർക്കും ട്രംപിലും വിശ്വാസമില്ല.

സാമ്പത്തിക ഭദ്രതയുള‌ള രാജ്യമാണ് ചൈന എന്ന കാര്യത്തിൽ സർവെയിൽ പങ്കെടുത്ത മിക്കജനങ്ങൾക്കും സംശയമില്ല. അമേരിക്ക,ജപ്പാൻ,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾ മാത്രമേ അമേരിക്ക ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാണെന്ന് സർവെയിൽ സമ്മതിക്കുന്നുള‌ളു.