sc

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിനെ വിമർശിച്ച് സുപ്രീം കോടതി. പൊതുനിരത്ത് കയ്യേറി സമരം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും, ഇത്തരം സമരങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകി.

ഷഹീന്‍ബാഗില്‍ പൊതു നിരത്ത് കയ്യേറി നടത്തിയ സമരങ്ങള്‍ നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. അതോടൊപ്പം ജനാധിപത്യത്തില്‍ പ്രതിഷേധ സമരങ്ങള്‍ അനിവാര്യമാണെന്നും, സമാധാനപരമായി പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായ അവകാശം ജനങ്ങള്‍ക്ക് ഉണ്ടെന്നും കോടതി വ്യക്തമാക്കി.

സമരങ്ങള്‍ നിശ്ചിതസ്ഥലങ്ങളില്‍ മാത്രമേ പാടുള്ളു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന രീതിയിലുള്ള അനിശ്ചിതകാല സമരങ്ങള്‍ക്ക് എതിരെ നടപടി കൈക്കൊള്ളാൻ പൊലീസ് കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുത്- കോടതി അഭിപ്രായപ്പെട്ടു.

ഷഹീന്‍ബാഗിലെ സമരങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചാരണം നടന്നുവെന്നും, സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുള്ള ഇത്തരത്തിലുള്ള പ്രചാരണം പലപ്പോഴും അപകടം നിറഞ്ഞ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.