bineesh-kodiyeri-

ബംഗളൂരു : കൊച്ചിയിൽ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് സ്മാർട്ടായെത്തിയ ബിനീഷ് കോടിയേരിക്ക് പക്ഷേ ബംഗളൂരു ഓഫീസിലെ ചോദ്യം ചെയ്യലിൽ തളർച്ച നേരിട്ടു. ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഓഫീസിൽ അസി.ഡയറക്ടർ സോമശേഖരയുടെ നേതൃത്വത്തിൽ രാവിലെ 11മുതലാണ് ബിനീഷിനെ ചോദ്യംചെയ്തത്. 10.45നുതന്നെ ബിനീഷ് ഹാജരായി. വൈകിട്ട് അഞ്ചിന് ഇഡി ഓഫീസിൽനിന്ന് പുറത്തേക്കു വന്നയുടനെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഓഫീസിലെ വിശ്രമിക്കാനുള്ള സ്ഥലത്ത് അൽപനേരം ഇരിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വാഹനത്തിൽ കയറി പോയത്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങൾ.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ കൊച്ചിയിൽ ഇ.ഡിയിൽ നിന്നും നേരിട്ട ചോദ്യങ്ങളേക്കാൾ ശക്തമായിരുന്നു ബംഗളൂരുവിലെ ഓഫീസിലെ ചോദ്യശരങ്ങൾ. കൊച്ചിയിൽ നൽകിയ മൊഴിയിൽ ഉറച്ചുനിന്നാണ് ബിനീഷ് ഇതിനെ നേരിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങൾ. അനൂപിന് ഹോട്ടൽ തുടങ്ങുവാനായി ആറ് ലക്ഷം രൂപമാത്രമാണ് താൻ നൽകിയതെന്നാണ് ബിനീഷ് നൽകിയ മൊഴി.

എന്നാൽ അനൂപിന്റെ അക്കൗണ്ടിൽ എത്തിയ 70 ലക്ഷം രൂപയും, ഇതിൽ 50 ലക്ഷത്തിന് ബിനീഷുമായി ബന്ധമുണ്ടെന്ന അനൂപിന്റെ മൊഴിയുമാണ് ഇന്നലത്തെ ചോദ്യം ചെയ്യലിൽ ബിനീഷ് നേരിടേണ്ടി വന്നത്. മുൻ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ് ബിനീഷ്. ബംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബീ ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിംഗ് കമ്പനിയുടെ സാമ്പത്തിക ഉറവിടങ്ങളും ഇ.ഡി തേടി. അനൂപിന്റെ സാമ്പത്തിക ഇടപാടുകൾ, കൂട്ടുകച്ചവടത്തിലെ പങ്കാളികൾ, അടുത്തബന്ധങ്ങൾ എന്നിവ സംബന്ധിച്ചു ബിനീഷ് പറഞ്ഞ കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ബിനീഷിന് ഇപ്പോഴും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും, മൊഴിയിലെ പൊരുത്തക്കേടുകൾ പഠിച്ച ശേഷം ഇനിയും ആവശ്യമുണ്ടെങ്കിൽ വിളിപ്പിക്കുമെന്നുമാണ് ഇ ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

എൻ.സി.ബിയും നോട്ടമിടുന്നു

ബംഗളൂരൂ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ചോദ്യം ചെയ്‌തേക്കും. ലഹരിക്കടത്ത് എൻ.സി.ബിയും ബംഗളൂരു പൊലീസിന്റെ ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം സംബന്ധിച്ചും എൻ.സി.ബി അന്വേഷിക്കുന്നുണ്ട്. അതിനാൽ തന്നെ ബിനീഷിനെ എൻ.സി.ബി. ഉടൻ ചോദ്യം ചെയ്യാനാണ് സാദ്ധ്യത. അനൂപുമായി അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് നേരത്തെ സമ്മതിച്ചിരുന്നു. ബിനീഷ് പലപ്പോഴായി പണം തന്ന് സഹായിച്ചെന്ന് അനൂപും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.