dalit

35 കാരനായ കേശവൻ തലമുടി മുറിക്കാനായി കിലോമീറ്ററുകൾ ദൂരെയുള്ള ബാർബർ ഷോപ്പിലായിരുന്നു പോയിരുന്നത്. നാട്ടിൽ നല്ല ബാർബർ ഷോപ്പില്ലാത്തതുകൊണ്ടല്ല. പട്ടികജാതിക്കാരനായതിനാൽ കേശവനടങ്ങുന്ന വിഭാഗത്തിന് ഗ്രാമത്തിലെ ബാർബർ ഷോപ്പിൽ പ്രവേശനമില്ല. യു.പിയിലോ ബീഹാറിലോ അല്ല കേശവന്റെ ഗ്രാമം. നവോത്ഥാന കേരളത്തിലെ മലയോര ജില്ലയായ ഇടുക്കിയുടെ അതിർത്തി ഗ്രാമമായ വട്ടവടയിലാണ് ഈ 'ഭ്രാന്താലയം". ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട വട്ടവട പഞ്ചായത്തിലെ 99 ശതമാനം പേരും തമിഴ് വംശജരാണ്. പട്ടികജാതിക്കാരായ ചക്ലിയർ, പള്ളർ, പറയർ എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് താഴ്ന്ന ജാതിക്കാരായി കണക്കാക്കുന്നത്. ഇതിൽ ചക്ലിയരാണ് ഏറ്റവും കൂടുതൽ ജാതിവിവേചനം നേരിടുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ചെട്ടിയാർ, മന്നാടിയാർ, തേവർ എന്നിവരാണ് മേൽത്തട്ടുകാരെന്ന് അവകാശപ്പെടുന്നവർ. തൊണ്ണൂറുകളിൽ വട്ടവട പഞ്ചായത്തിലെ ഹോട്ടലുകളിലും മറ്റും ചക്ലിയ വിഭാഗത്തിന് ചായ നൽകിയിരുന്നത് ചിരട്ടയിലായിരുന്നു. അന്നിത് മാദ്ധ്യമങ്ങളിൽ വാർത്തയാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ചായക്കടകളിൽ ചക്ലിയ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക ഗ്ലാസായി മാറി. അടുത്തിടെ ചക്ലിയവിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം യുവാക്കൾ പരാതിയുമായി രംഗത്തെത്തുമ്പോഴാണ് ബാർബർ ഷോപ്പുകളിലെ അയിത്തം ചർച്ചയാകുന്നത്. ചക്ലിയ വിഭാഗത്തിലുള്ള 250ലേറെ കുടുംബങ്ങളുണ്ട് വട്ടവടയിൽ. ഇവരെല്ലാം മുടിമുറിക്കാൻ 12 കിലോമീറ്റർ ദൂരത്തുള്ള ചിറ്റുവരയിലോ 42 കിലോമീറ്റർ സഞ്ചരിച്ച് മൂന്നാറിലോ എത്തണം. ഇതൊഴിവാക്കാൻ പലപ്പോഴും ഇവർ പരസ്പരം മുടിമുറിക്കുകയാണ് പതിവ്. മുടിവെട്ടാനായി കുട്ടികൾക്ക് സ്‌കൂളിൽ അവധികൊടുക്കുന്ന സമ്പ്രദായം പോലും ഇവിടെ നിലനിന്നിരുന്നു. വർഷങ്ങളായി ഈ കീഴ്‌വഴക്കം തുടർന്നുപോന്നു. എന്നാൽ ഈ തൊട്ടുകൂടായ്മയ്ക്കെതിരെ ആത്മാഭിമാനമുള്ള യുവതലമുറ പരാതി നൽകാൻ തയ്യാറായതോടെ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം വട്ടവട സന്ദർശിച്ചു. തുടർന്ന് കോവിലൂർ ടൗണിൽ പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ്പുകൾ പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജിന്റെയും സെക്രട്ടറി നന്ദകുമാറിന്റെയും നേതൃത്വത്തിൽ പൂട്ടിച്ചു. എല്ലാവരുടെയും മുടിവെട്ടാൻ തയ്യാറാകുന്നത് വരെ ബാർബർ ഷോപ്പുകൾ തുറക്കേണ്ടെന്നായിരുന്നു പഞ്ചായത്തിന്റെ ശക്തമായ നിലപാട്. മാത്രമല്ല ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പൊതുബാർബർഷോപ്പ് ആരംഭിച്ചു. പഞ്ചായത്ത് അംഗം എം.കെ. മുരുകൻ മുടിവെട്ടി പൊതു ബാർബർ ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. പിന്നാലെ ചക്ലിയ സമുദായാംഗമായ കേശവനും മുടി വെട്ടി. ഇതോടെ മുടിവെട്ട് പ്രശ്നം പരിഹരിച്ചേക്കാം. എന്നാൽ പൊതു ബാർബർ ഷോപ്പ് കുറച്ച് നാളുകൾക്കകം ചക്ലിയ സമുദായക്കാർക്ക് വേണ്ടി മാത്രമുള്ളതായി മാറുമോയെന്ന് ആശങ്കയുണ്ട്.

വിവേചന ചരിത്രം

അഞ്ച് നൂറ്റാണ്ട് മുമ്പ് തമിഴ്‌നാട്ടിൽ നിന്നെത്തിയവരാണ് വട്ടവട കൊട്ടാക്കൊമ്പൂർ നിവാസികൾ. ഇവരുടെ ജീവിതരീതിയിൽ ഇപ്പോഴും ഗോത്ര സ്വഭാവം കാണാം. ഊരു വിലക്ക്, മൃഗബലി, മൃഗവേട്ട എന്നീ ആചാരങ്ങൾക്ക് മാറ്റം വന്നെങ്കിലും തമിഴ്നാട്ടിലെ ജല്ലിക്കെട്ടിനോട് സാമ്യമുള്ള മഞ്ചുവിരട്ട് പോലുള്ളവ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പൂഞ്ഞാർ രാജാവ് വട്ടവടയിൽ എത്തിയപ്പോൾ 13 കുടുംബങ്ങളെ അഞ്ച് സ്ഥാനങ്ങൾ നൽകി തിരിച്ച് പട്ടയം നൽകിയത്രേ. മന്ത്രിയാർ, മന്നാടിയാർ, മണിയകാരൻ, പെരിയധനം, കണ്ടൽകാരൻ എന്നിങ്ങനെയായിരുന്നു വിഭജനം. മന്ത്രിയുടെ ചുമതലയായിരുന്നു ഉന്നതജാതിയിൽപ്പെട്ട മന്ത്രിയാർക്കുണ്ടായിരുന്നത്. ഇതിൽ കണ്ടൽക്കാരൻ ചക്ലിയ ജാതിയിൽപ്പെട്ടവരായിരുന്നു. അവർക്ക് ജോലിക്ക് പോകുന്നതിനോ സമ്പാദിക്കുന്നതിനോ അവകാശമുണ്ടായിരുന്നില്ല. മേൽജാതിക്കാരുടെ വീടും പരിസരവും വൃത്തിയാക്കലും തോട്ടിപ്പണിയുമായിരുന്നു പ്രധാന തൊഴിൽ. ഇതിന് ശേഷം മേൽജാതിക്കാർ നൽകുന്ന ഭക്ഷണമാണ് ആകെയുള്ള കൂലി. പൊതു ഇടങ്ങളിലൊന്നും ഇവർക്ക് പ്രവേശനമുണ്ടാകില്ല. ലംഘിച്ചാൽ കടുത്ത ശിക്ഷാ നടപടിക്കു വിധേയരാകും.

തറയിലിരിക്കുന്ന പഞ്ചായത്ത് മെമ്പർ

2005ൽ പുതിയ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്നപ്പോൾ ചക്ലിയ വിഭാഗത്തിൽ നിന്നു മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട വനിത അംഗങ്ങൾക്കായുള്ള കസേരയിൽ ഇരിക്കാതെ തറയിലിരുന്ന ചരിത്രമുണ്ട്. മറ്റ് 13 അംഗങ്ങളും ഉയർന്ന ജാതിയിൽപ്പെട്ടവരായതിനാലാണ് ഇവർക്കൊപ്പം കസേരയിൽ ഇരിക്കാൻ മെമ്പർ മടിച്ചത്. ഒടുവിൽ ഇപ്പോഴത്തെ വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജരാജ് ഉൾപ്പെടെയുള്ള മെമ്പർമാർ ഏറെ നിർബന്ധിച്ചാണ് വനിത അംഗത്തെ കസേരയിൽ ഇരുത്തിയത്.

ജാതിവേർതിരിവ് വട്ടവടയിൽനിന്നു തുടച്ചുമാറ്റാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കുടുംബശ്രീ, ജെ.എൽ.ജി ഗ്രൂപ്പുകൾ വഴിയും മറ്റും ബോധവത്ക്കരണം നടന്നു വരുന്നുണ്ടെങ്കിലും ഇപ്പോഴും ജാതി വിവേചനം തുടരുകയാണ്. പുതിയ തലമുറയിൽ നല്ലൊരു ശതമാനം പേരും പുരോഗമന ചിന്താഗതിക്കാരാണെങ്കിലും ജാതി പറഞ്ഞുള്ള വേർതിരിവ് പല കാര്യങ്ങളിലും വട്ടവടയിൽ ഇപ്പോഴും മാറാതെ നിൽക്കുന്നു എന്നതാണ് വസ്തുത.