chennithala

തിരുവനന്തപുരം: വഴിയോര വിശ്രമ പദ്ധതിയിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സ്വകാര്യ കമ്പനിയുമായി പദ്ധതിക്കു വേണ്ടി സർക്കാർ ധാരണയിലെത്തി. പദ്ധതിയിൽ ഭൂമിയേ‌റ്റെടുക്കലിൽ അടക്കം കള‌ളക്കളികളുണ്ട്. പൊതുമരാമത്ത് വകുപ്പും നോർക്കയുംപ്രത്യേക ഉത്തരവ് പദ്ധതിക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ റവന്യു മന്ത്രി തന്നെ പദ്ധതിക്കെതിരെ സർക്കാരിന് കത്ത് നൽകി. ഈ പദ്ധതിയ്ക്കായി ചട്ടപ്പടി ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്‌തിട്ടില്ല. പദ്ധതിയെ കുറിച്ച് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ല.

സ്വകാര്യവ്യക്തികൾക്ക് സർക്കാർ ഭൂമി പാട്ടത്തിന് നൽകാൻ സർക്കാർ നടപടിയെടുത്തു. ഈ പദ്ധതിയുടെ 26 ശതമാനം ഓഹരി സ്വകാര്യ വ്യക്തികൾക്കാണ്. ഇത്തരം സംരംഭങ്ങൾ നടത്തി പരിചയമുള‌ള ഐ.ഒ.സി ഈ പദ്ധതിയിൽ താൽപര്യമുണ്ടെന്ന് അറിയിച്ച് കത്ത് നൽകിയെങ്കിലും സർക്കാർ അവർക്ക് എന്തുകൊണ്ട് കരാർ നൽകിയില്ല? അബ്ദുള‌ള, ഷാജി ജോർജ് എന്നിവരെ പദ്ധതിക്കായി തിരഞ്ഞെടുത്ത മാനദണ്ഡമെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഈ പദ്ധതിയുടെ എം.ഓ.യു പുറത്ത് വിടണമെന്നും, റവന്യു മന്ത്രിയുടെ അഭിപ്രായം കേൾക്കാത്തത് എന്തു കൊണ്ടാണെന്നും, ഈ പദ്ധതിക്ക് കാബിനറ്റ് അംഗീകാരമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഈ സർക്കാർ അവസാനകാലത്ത് ലക്ഷക്കണക്കിന് സർക്കാർ ഭൂമി സ്വന്തക്കാർക്കും വേണ്ടവർക്കും എഴുതി കൊടുക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിനുദാഹരണമായി ഇലക്‌ട്രിസി‌റ്റി ബോർഡിന്റെ 5 സെന്റ് ഭൂമി എംപ്ളോയിസ് കോ ഓപറേ‌റ്റീവ് സൊസൈ‌റ്രിക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.