
സക്കറിയ സംവിധാനം ചെയ്യുന്ന 'ഹലാൽ ലൗ സ്റ്റോറി' യുടെ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, പാർവതി തിരവോത്ത്, സൗബിൻ ഷാഹിർ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ ഈ മാസം പതിനഞ്ചിന് സിനിമ റിലീസ് ചെയ്യും. ചലച്ചിത്ര നിർമ്മാണത്തിൽ തൽപരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും, ഇതേ ആഗ്രഹമുള്ള സുഹൃത്തുക്കളായ റഹീമും ഷെരീഫും ചേർന്ന് സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും, ചലച്ചിത്ര നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നതുമാണ് ട്രെയിലറിൽ.
സക്കറിയയും മുഹ്സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.അജയ് മേനോൻ ഛായാഗ്രഹണവും, സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ചിത്രത്തിൽ ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ, യാക്സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.