sabarimala

​​​​പമ്പ : ശബരിമലയിൽ തിരുപ്പതി മോഡൽ ഓൺലൈൻ ദർശനമാകാമെന്ന നിർദേശത്തെ എതിർത്ത് തന്ത്രിയും വിവിധ സംഘടനകളും രംഗത്ത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശത്തോട് യോജിപ്പില്ലെന്ന് തന്ത്രി വ്യക്തമാക്കി. ഓൺലൈൻ ദർശനം ശബരിമലയിലെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും യോജിച്ചതല്ലെന്നാണ് തന്ത്രി കണ്ഠര് രാജീവരര് അഭിപ്രായപ്പെട്ടത്.

ശബരിമല തന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്ന പ്രതികരണമാണ് പന്തളം കൊട്ടാരവും മറ്റ് ഹിന്ദു സംഘടനകളും കൈക്കൊണ്ടിരിക്കുന്നത്. ഓൺലൈൻ ദർശനം ആചാരങ്ങളെ ബാധിക്കാത്ത തരത്തിലുള്ളതാവണം എന്നാണ് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാർ വർമ അഭിപ്രായപ്പെട്ടു. അതേസമയം ഓൺലൈൻ ദർശനത്തിനെതിരെ കടുത്ത രീതിയിലാണ് ഹിന്ദു ഐക്യ വേദി പ്രതികരിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ തീർത്ഥാടകരെ ശബരിമലയിൽ നിന്ന് അകറ്റിനിർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓൺലൈൻ ദർശനത്തിന് അരങ്ങൊരുങ്ങുന്നതെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് പ്രതികരിച്ചത്. ആചാരങ്ങൾ ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.