 
എന്തും വെട്ടിപ്പിടിക്കുന്ന സ്വഭാവമാണ് ചില കോട്ടയംകാരുടേത്. ഇക്കാര്യത്തിൽ കാടെന്നോ മലയെന്നോ പുഴയെന്നോ വ്യത്യാസമില്ല. പ്രകൃതിയോട് മല്ലടിക്കാനും മടിയില്ല. പഴയകാല കോട്ടയം അച്ചായന്മാരിൽ ചിലർ കാടുംമേടും വെട്ടിപ്പിടിച്ച് കൃഷി ചെയ്തു പണക്കാരായതും ഇങ്ങനെയായിരുന്നു. നാട്ടിലെ നിയമം തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് വെട്ടിപ്പിടുത്തം. ഗാഡ്ഗിലോ, കസ്തൂരി രംഗനോ പരിസ്ഥിതി ലോലപ്രദേശമെന്നു ചൂണ്ടിക്കാണിക്കുന്നിടവും പോയി പണിനോക്കെന്ന് പറഞ്ഞു കയ്യേറും.
സമീപ നാളിലും പഴയ കാലത്തെ ഓർമിപ്പിക്കുന്ന കൈയ്യേറ്റം നടന്നു.ഒരു ആറ് തന്നെ നികത്താനായിരുന്നു നീക്കം . മുൻ പഞ്ചായത്തംഗം തന്റെ പാടത്തോട് ചേർന്നുള്ള ആറാണ് നികത്താൻ നോക്കിയത്.
ഗാന്ധിജയന്തിയോട് അനുബന്ധിച്ചുള്ള അവധി ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തു.
എട്ടു മീറ്ററോളം വീതിയിൽ മൂന്നാൾ പൊക്കത്തിൽ മണ്ണടിച്ചു കഴിഞ്ഞപ്പോൾ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു. പരിസ്ഥിതി വാദികൾ രംഗത്തെത്തി. ജില്ലാ ഭരണകൂടം ഇടപെട്ടു. കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കുന്ന പഴമൊഴി അന്വർത്ഥമായി. ആറ് മണ്ണിട്ടു നികത്താൻ നോക്കിയ വില്ലനെക്കൊണ്ടു തന്നെ മണ്ണ് തിരികെ എടുപ്പിച്ചു. രണ്ട് ജെ.സിബി ഉപയോഗിച്ച് 70 ലോഡ് മണ്ണ് നീക്കം ചെയ്തിട്ടും. ആറ് തെളിഞ്ഞിട്ടില്ല ! മണ്ണ് നീക്കം ചെയ്യൽ തുടരുകയാണ്.
ആറുകളും തോടുകളും മാലിന്യമുക്തമാക്കി, ഒഴുക്ക് വീണ്ടെടുത്ത് പ്രളയരഹിത കോട്ടയമെന്ന ലക്ഷ്യം മുൻ നിറുത്തിയായിരുന്നു മൂന്നു വർഷം മുമ്പ് കൊടൂരാർ മീനച്ചിലാർ മീനന്തറയാർ സംയോജന പദ്ധതി നടപ്പാക്കിവന്നത്. രാഷ്ടീയത്തിന് അതീതമായി ജനകീയ മുന്നേറ്റമെന്ന് വിശേഷിപ്പിക്കാവുന്ന, ലക്ഷ്യത്തോട് അടുത്ത പദ്ധതിയായിരുന്നു ഇത്. എന്നാൽ പദ്ധതി തകർക്കാനുള്ള ശ്രമം പോലെയായി റോഡിന് വീതി കൂട്ടാനെന്ന വ്യാജേന, പൊൻപള്ളി ഭാഗത്ത് മീനന്തറയാറ്റ് തീരം മണ്ണിട്ടു നികത്താൻ നടത്തിയ നീക്കം.
സംഭവം വിവാദമായപ്പോൾ മണ്ണ് നീക്കാൻ കർശന നടപടിയെടുക്കും, അന്വേഷണം നടത്താൻ നിർദ്ദേശം നൽകി തുടങ്ങിയ സ്ഥിരം ഡയലോഗാണ് ജില്ലാ കളക്ടർ നടത്തിയത്. ഇത്ര തന്റേടത്തോടെ മീനന്തറയാറ്റിൽ മണ്ണിട്ട് നികത്താൻ ധൈര്യം കാട്ടിയത് ഉദ്യോഗസ്ഥന്മാരുടെ പിന്തുണയോടെതന്നെയെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. പണ്ട് രാജുനാരായണ സ്വാമി കോട്ടയം കളക്ടറായിരുന്നപ്പോൾ ചങ്ങനാശേരിയിൽ ഒരു വൻകിട ബിസിനസുകാരൻ സ്വന്തം പാടം മണ്ണടിച്ചു നികത്തി. ജെ.സി.ബി ഉപയോഗിച്ച് മുഴുവൻ മണ്ണും അടിയന്തരമായി മാറ്റി, അതിനുള്ള ചെലവ് കാശ് ബിസിനസുകാരനിൽ നിന്നു വാങ്ങിയ സ്വാമി കൂടുതൽ കാലം കോട്ടയത്ത് ഇരുന്നില്ല! അതാണ് കോട്ടയം അച്ചായന്മാരുടെ കൊമ്പത്തെ ' പിടിപാട് '.
നദീസംരക്ഷണ നിയമപ്രകാരം പുഴയുടെ തീരത്ത് എന്തു മാറ്റം വരുത്താനും അനുമതി വേണമെന്നാണ് നിയമം. വയൽ നികത്താൻ നിയമം അനുവദിക്കുന്നില്ല. സമീപത്തെ കുന്നിൽ നിന്നാണ് മണ്ണ് എത്തിച്ചത്. ഇതെല്ലാം ജില്ലാ ഭരണകൂടത്തിന്റെ മൂക്കിന് താഴെ നടന്ന നിയമലംഘനങ്ങളാണ്. ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ഈ നിയമലംഘനം നടക്കില്ല . മണ്ണിട്ട ജനദ്രോഹികളെ മാത്രമല്ല കാശ് വാങ്ങി ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവർക്കെതിരെയും നിയമനടപടി ഉണ്ടാവണം. പണ്ട് ഭക്ഷ്യക്ഷാമം വന്നപ്പോൾ കാട്ടിൽ കൃഷി നടത്താൻ രാജാവ് നാട്ടുകാരെ അനുവദിച്ചു. പല കോട്ടയംകാരും അങ്ങനെയാണ് കാടു കൈയേറി കൃഷി തുടങ്ങിയത്. കൃഷി തുടങ്ങിയതിനൊപ്പം, കാട്ടിലെ നല്ല മരങ്ങൾ മുഴുവൻ കടത്തി . കാട്ടുമൃഗങ്ങളെ തിന്നും കൊന്നും കാട്ടുരാജാക്കന്മാരായി. ജനകീയ ഭരണം വന്നതോടെ കൈയേറ്റക്കാർ നാട്ടുരാജാക്കന്മാരുമായി . പട്ടയമെന്ന പേരിൽ കൈയേറ്റഭൂമി പതിച്ചു കൊടുക്കേണ്ടിയും വന്നു. അവരുടെ പിന്തുടർച്ചക്കാരാകുമ്പോൾ കാടിന് പകരം ആറ് തന്നെ എങ്ങനെ കൈയേറാതിരിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക് താടിയിൽ താഴ്ത്തി, കാമറ നോക്കി ചിരിച്ച് ആവശ്യത്തിനും അനാവശ്യത്തിനും പൊലീസ് ബാരിക്കേഡിൽ പിടിച്ചുവലിച്ചും, അത് മറിച്ചിട്ടും പൊലീസിനെ കല്ലെറിഞ്ഞും സ്ഥിരം അടിമേടിക്കൽ സമര കോലാഹലങ്ങൾ നടത്തുന്ന രാഷ്ടീയ പാർട്ടികളുടെ നേതാക്കളോ പ്രവർത്തകരോ മീനന്തറയാർ മണ്ണടിച്ചു നികത്തിയതിനെതിരെ ഒരു പ്രസ്താവന ഇറക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല. മണ്ണ് പൂർണമായി നീക്കിയില്ലെങ്കിൽ ആറ് നികന്ന് പ്രളയ ഭീഷണി ഉണ്ടാകുമെന്നാണ് പരിസ്ഥിതി വിദഗ്ദർ പറയുന്നത്. എല്ലാം അളന്നു തിട്ടപ്പെടുത്തി കയ്യേറ്റം നടന്നോ എന്നു നോക്കട്ടെയെന്നാണ് കയ്യേറ്റക്കാരനെ എങ്ങനെയും സംരക്ഷിക്കാൻ നോക്കുന്ന റവന്യൂ ഏമാന്മാർ പറയുന്നത്. ഇനി എന്തു പ്രളയം വന്നാലും തങ്ങൾക്ക് കിട്ടാനുള്ളത് കൃത്യമായി കിട്ടിയാൽ ആർക്കും എന്തു ' താന്തോന്നിത്തരവും ' കാണിക്കാമെന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥരും പ്രതികരിക്കാത്ത രാഷ്ടീയക്കാരുമുണ്ടെങ്കിൽ മീനന്തറയാറല്ല വേമ്പനാട്ടുകായൽ വരെ വേണമെങ്കിൽ നികത്തും. ആരുണ്ടിവിടെ ചോദിക്കാൻ !