
മദ്യം തലയ്ക്ക് പിടിച്ചാൽ എന്തും ചെയ്യുമെന്ന് കേട്ടിട്ടില്ലേ? മദ്യം കഴിച്ച് ലക്കുകെട്ട യുവതി സുഹൃത്തുക്കളെ വെല്ലുവിളിച്ച് വാഷിംഗ് മെഷീനിൽ കയറി കുടുങ്ങി. ഡ്രയറിൽ കുടുങ്ങിപ്പോയ യുവതിയെ ഒടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷപ്പെടുത്തിയത്. ബ്രിട്ടീഷ് വനിത റോസിയാണ് വാഷിംഗ് മെഷീനിൽ കുടുങ്ങി മണിക്കൂറുകളോളം പരിഭ്രാന്തിയിൽ കഴിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. റോസിയും സുഹൃത്തുക്കളും മദ്യപിച്ചു കൊണ്ടിരിക്കെയാണ് വാഷിംഗ് മെഷീനിൽ കയറണമെന്ന ഐഡിയ മനസിൽ തോന്നിയത്. സുഹൃത്തുക്കളുടെ വിലക്ക് അവഗണിച്ച് റോസി വാഷിംഗ് മെഷീനിൽ കയറി. എന്നാൽ, പുറത്തിറങ്ങുന്നതിനിടെ ഡ്രയറിൽ കുടുങ്ങി. സുഹൃത്തുക്കൾ റോസിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. റോസിയുടെ കാലുകളും ഇടുപ്പിന്റെ ഭാഗവുമാണ് മെഷീനിൽ കുടുങ്ങിയത്. അതോടെ കളി കാര്യമായി. ഭയന്ന് നിലവിളിക്കാൻ തുടങ്ങിയതോടെ സുഹൃത്തുക്കൾ പഠിച്ച പണി പതിനെട്ടും നോക്കി. എന്നാൽ, പുറത്തെടുക്കാൻ സാധിച്ചില്ല. മൂന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്നാണ് റോസിയെ വാഷിംഗ് മെഷീനിൽ നിന്ന് കഷ്ടപ്പെട്ട് പുറത്തെടുത്തത്.