
കൊട്ടിയം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിയുടെയും ബന്ധുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ഈ മാസം ഒമ്പതിലേക്കാണ് മാറ്റിയത്.കൊല്ലം സെഷൻസ് കോടതിയാണ് വിധി പറയുക.
നടി ലക്ഷ്മി പ്രമോദ്, ഇവരുടെ ഭർതൃമാതാവ് ആരീഫാബീവിയുമാണ് മുൻകൂർജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.ഇവർക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടു. അതോടൊപ്പം ഇവർക്കെതിരായ തെളിവുകളും കോടതിയിൽ ഹാജരാക്കിയതായാണ് സൂചന. നേരത്തെ ഈ മാസം ആറുവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു.
യുവതിയുടെ പ്രതിശ്രുത വരനായിരുന്ന ഹാരിസ് നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഇയാൾ റംസിയെ ഒഴിവാക്കിയെന്നും, ഇതിനെത്തുടർന്നായിരുന്നു ആത്മഹത്യയെന്നുമാണ് പരാതി. ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. റംസി ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു. ലക്ഷ്മിക്കൊപ്പം ഷൂട്ടിംഗ് സെറ്റിലൊക്കെ റംസി പോകാറുണ്ടായിരുന്നു.