
ശ്രീനാരായണഗുരുവിന്റെ പ്രധാനദാർശനിക കൃതിയായ ദർശനമാല പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ ശാസ്ത്രീയ സംഗീത രൂപത്തിൽ അവതരിപ്പിച്ചതിനെ അടിസ്ഥാനമാക്കി രാജശ്രീവാര്യർ തയ്യാറാക്കിയ നൃത്തരൂപത്തെ ലോകമെങ്ങുമുള്ള നൃത്താസ്വാദകർ നിറഞ്ഞൊഴുകുന്ന ഹൃദയം കൊണ്ടും നല്ല വാക്കുകളാലുമാണ് സ്വീകരിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയായിരുന്ന യാത്രയെക്കുറിച്ച്, ശ്രീനാരായണഗുരുദേവന്റെ തത്വചിന്ത ജീവിതത്തെ സ്വാധീനിച്ചതിനെക്കുറിച്ച് ഡോ. രാജശ്രീവാര്യർ സംസാരിക്കുന്നു...
ശ്രീനാരായണ ഗുരുദേവന്റെ ദർശനമാല വലിയ വെല്ലുവിളിയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. പക്ഷേ അത് നന്നായി വന്നുവെന്നതിലാണ് സന്തോഷം. ചില കാര്യങ്ങൾ അങ്ങനെയാണല്ലോ. എങ്ങനെയാണോ ഒരു വടവൃക്ഷം നിൽക്കുന്നത്, അതായത് ഉയർന്നു മുകളിലേക്ക് പോകുമ്പോഴും അതിന് മുകളിൽ നിന്നും താഴോട്ടേക്കും വളർച്ചയുണ്ട്. ആ താഴേക്ക് എത്തി ഭൂമിയിൽ തൊട്ട് വീണ്ടും മുകളിലേക്ക് വളരുന്നു. അതുപോലൊരു സൈക്കിൾ പ്രക്രിയയാണ് സൃഷ്ടി സ്ഥിതി സംഹാരം. ഇതെല്ലാം ഒന്നു തന്നെയാണ് എന്ന സത്യത്തെയാണ് ദർശനമാല പ്രതിഫലിപ്പിക്കുന്നത്."" സാർത്ഥകമായ ഒരു യാത്രയുടെ തെളിമയോടെ പ്രശസ്ത നർത്തകി രാജശ്രീ വാര്യർ പറഞ്ഞു തുടങ്ങി.
ശ്രീനാരായണഗുരുവിന്റെ പ്രധാന ദാർശനിക കൃതിയായ ദർശനമാല പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ ശാസ്ത്രീയസംഗീതരൂപത്തിൽ അവതരിപ്പിച്ചതിനെ അടിസ്ഥാനമാക്കി രാജശ്രീവാര്യർ തയ്യാറാക്കിയ നൃത്തരൂപമാണ് ലോകമെമ്പാടുമുള്ള നൃത്താസ്വാദകർ ഹൃദയം കൊണ്ടും നല്ല വാക്കുകളാലും സ്വീകരിച്ചത്. യു.എസിലെ 'കൊളറാഡോ അസോസിയേഷൻ ഫോർ ഫൈൻ ആർട്സി" ന്റെ പ്രകൃതി ഓൺലൈൻ ഫെസ്റ്റിനുവേണ്ടിയായിരുന്നു സെപ്തംബർ അവസാനവാരം രാജശ്രീ വാര്യർ നൃത്തം പ്രീമിയർ ചെയ്തത്. രണ്ടുദിവസം കൊണ്ട് കൊറിയോഗ്രാഫി ചെയ്ത നൃത്തം വീഡിയോ റെക്കാർഡ് ചെയ്ത് ഫെസ്റ്റിൽ അവതരിപ്പിക്കുകയായിരുന്നു.
''ശ്രീനാരായണഗുരുവിന്റെ കൃതികൾക്ക് എന്നത്തേക്കാളുമേറെ പ്രസക്തിയുണ്ട്. ജാതീയതയ്ക്കും വർഗീയതയ്ക്കും മുകളിലാണ് മനുഷ്യത്വമെന്ന നിലപാടുള്ള, നന്മയും സ്നേഹവും ഉയർത്തിപ്പിടിക്കുന്ന, പ്രപഞ്ചം എന്നുപറയുന്നത് മനുഷ്യൻ മാത്രമല്ലെന്ന് പറയുന്ന ആദ്ധ്യാത്മികതയാണ് ശ്രീനാരായണ തത്വചിന്ത. അത് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഒരു കലാകാരി എന്ന നിലയിൽ എന്റെ കടമയാണെന്ന് കരുതുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമുക്ക് ചുറ്റും നടക്കുന്ന പല വിവേചനങ്ങളോടുമുള്ള എന്റെ പ്രതികരണം എന്റെ കലയിലൂടെയാണ് പലപ്പോഴും."" രാജശ്രീ വാര്യർ ചൂണ്ടിക്കാട്ടി.
ഭരതനാട്യത്തിന്റെ ലാവണ്യതത്വം കൊണ്ടുവന്നു
ഈശ്വരൻ എന്ന് നമ്മൾ വിളിക്കുന്ന ഒരു ശക്തി ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് വളരെ സുന്ദരമായിട്ടാണ്. അതേ സമയം മനുഷ്യൻ അതിൽ ജഡങ്ങളെ സൃഷ്ടിക്കുന്നു, അതിനെ ശൂന്യമാക്കുന്നു. മനുഷ്യന്റെ തന്നെ ചെയ്തികൾ കൊണ്ട് അതിനകത്ത് ഒന്നുമില്ലാത്തതായി അനുഭവപ്പെടുന്നു. പൂർണത്തിൽ നിന്നും പൂർണം ഒഴിവാക്കിയാലും പൂർണം അവശേഷിക്കും എന്ന തത്വചിന്താപരമായ ഔന്നത്യത്തിന്റെ കാഴ്ചപ്പാടും ദർശനമാല മുന്നോട്ടുവയ്ക്കുന്നു. ടി. എം. കൃഷ്ണ ഭരതനാട്യത്തിലെ ശബ്ദം എന്ന ഒരു സംഗീതരൂപത്തിലാണ് 'ദർശനമാല" പാടിയിരിക്കുന്നത്. ഇത് നൃത്തമായി അവതരിപ്പിച്ചാലോ എന്ന് തോന്നിയതും അതുകൊണ്ടാണ്. വർഷങ്ങളായി കൃഷ്ണയെ പരിചയമുണ്ട്. അങ്ങനെയാണ് ദർശനമാല നൃത്തമായി ചെയ്യട്ടേ എന്ന് ചോദിച്ചതും ഉറപ്പായും ചെയ്യൂ എന്ന് കൃഷ്ണ പറഞ്ഞതും. പാട്ടും മൃദംഗവും വയലിനും ഘടവുമായിരുന്നു അതിലുള്ളത്. എനിക്കത് പോരായിരുന്നു. ഞാനത് ചെയ്യുമ്പോൾ എന്റെ കാലുകൾ എങ്ങനെയാണ് ചലിക്കുന്നത് എന്നതിനനുസരിച്ച് കൃത്യമായ ഒരു കാര്യം വേണമായിരുന്നു. അതിനാണ് നട്ടുവാങ്കവും ചേർത്ത് അവതരിപ്പിച്ചത്. കുറേ കാഴ്ചക്കാരിലേക്ക് നൃത്തമെത്തി എന്നതിനോടൊപ്പം തന്നെ അത് സ്വീകരിക്കപ്പെട്ടു എന്നതിലാണ് സന്തോഷം. ചില കാര്യങ്ങൾ അങ്ങനെയാണല്ലോ. കൃഷ്ണ തന്നെ പറഞ്ഞത് പാട്ടുപോലെ തന്നെയാണ് നൃത്തവും ചെയ്തത് എന്നാണ്, പാട്ടിൽ നിന്നും നൃത്തം മാറി നിൽക്കുന്നില്ല. ആ പാട്ടിൽ ചില മൗനങ്ങളുണ്ട്, ആ മൗനങ്ങളെ മൗനങ്ങളായി തന്നെ ഞാൻ നൃത്തത്തിൽ നിലനിറുത്തി. എനിക്ക് പാട്ട് അറിയുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാൻ കഴിയുന്നത്. എന്റെ ഒരു ഇടപെടൽ അങ്ങനെയാണ്. പലരും പറഞ്ഞത് ദർശനമാല നൃത്തരൂപമായപ്പോൾ അതിൽ സംഗീതം കാണാൻ പറ്റുന്നു എന്നാണ്. എന്റെ നൃത്തം സംഗീതം കൂടിയാണ്, സംഗീതം എനിക്ക് വളരെ പ്രധാനമായതുകൊണ്ട് സംഗീതത്തിന്റേതായ ഒരു ഗുണമേന്മ നൃത്തത്തിന് വേണം എന്ന നിർബന്ധവുമുണ്ട്. ഭരതനാട്യത്തിന്റെ ലാവണ്യതത്വത്തോട് അതു ചേർന്നു നിൽക്കുകയും വേണം, എന്നാലേ നൃത്തത്തിന് സൗന്ദര്യമുണ്ടാകുകയുള്ളൂ. പൂർണതയില്ലാതെ ഒന്നും ചെയ്തിട്ട് കാര്യമില്ലല്ലോ. അതിനൊരു ഭംഗി വന്നു, നർത്തകരും അല്ലാത്തവരും അഭിനന്ദിച്ചു.

ചേർത്തുനിറുത്തിയവർ ആനന്ദക്കണ്ണീർ തൂകിയവർ
ഗുരുവിന്റെ ചിന്തകളുണ്ടല്ലോ... നമ്മൾ അത്ഭുതപ്പെട്ടുപോകും. ഇവിടെ ഗുരു എന്നു പറയുന്നവർ പോലും ഗുരുവിന്റെ കൃതികളെ എത്രത്തോളം എടുത്തു നോക്കിയിട്ടുണ്ടെന്ന് എനിക്കറിയില്ല. ഇപ്പോൾ 'കാളിനാടക" മെടുത്താൽ അതിലെ കാളി ഊർജത്തിന്റെ പരമമായ ഒരു ഇരിപ്പിടമാണ്. ആ കാളി ഇങ്ങനെ സ്വസ്ഥമായി പ്രൗഢയായി ഇരിക്കുകയല്ല, ഉന്മാദിനിയായ ഒരു സ്ത്രീ സാന്നിദ്ധ്യം തന്നെയാണവർ. സ്ത്രീത്വത്തെ ആഘോഷിക്കുന്ന കാളിയാണ്, അല്ലാതെ രൗദ്രഭാവത്തിൽ മാത്രം ഇരിക്കുന്ന കാളിയല്ല നാരായണഗുരുവിന്റെ കാളി. ശ്രീരാമകൃഷ്ണപരമഹംസർ ഒക്കെ കണ്ടതുപോലെ സൃഷ്ടിയുടെയും സ്ഥിതിയുടെയും സംഹാരത്തിന്റെയും മൂർത്തിമദ്ഭാവമാണ് കാളി, അല്ലാതെ സംഹാരരൂപിണിയായി മാത്രം ഇരിക്കുകയല്ല കാളി, കാളിയിൽ എല്ലാമുണ്ട്. ഇതേ കാഴ്ചപ്പാട് തന്നെയാണ് നാരായണഗുരുവിന്റെ കൃതികളിലെല്ലാം, ഇപ്പോൾ 'പിണ്ഡനന്ദി" യും കാളിനാടകവും ഞാൻ ചെയ്തപ്പോൾ ജീവിതത്തിൽ എന്റെ കാഴ്ചപ്പാടുകൾ തന്നെയാണ് മാറ്റിയെഴുതപ്പെട്ടത്. അമേരിക്കയിലെ ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ന്യൂയോർക്കിൽ പിണ്ഡനന്ദി അവതരിപ്പിച്ചത്. ഗുരുകൃതികളെ ആസ്പദമാക്കി ഒരു നൃത്തം അവതരിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഞാൻ കാളി നാടകം ചെയ്തിട്ടുണ്ടെന്ന് പറയുകയും അവരുടെ നിർദ്ദേശങ്ങൾ തേടുകയും ചെയ്തിരുന്നു. അവർ തന്ന നിർദേശങ്ങളിലൊന്നായിരുന്നു പിണ്ഡനന്ദി. ഒരുപാട് പേരുടെ ആഗ്രഹമാണ് നൃത്തരൂപത്തിൽ പിണ്ഡനന്ദി കാണുകയെന്നതും അവർ പറഞ്ഞു. വല്ലാത്ത അനുഭവമായിരുന്നു ആ നൃത്തം അവതരിപ്പിച്ചപ്പോഴുണ്ടായത്. പെർഫോമൻസ് കഴിഞ്ഞയുടനെ കുറേപേർ എന്റെ ചുറ്റിലും നിറഞ്ഞു. പലരും കരഞ്ഞുകൊണ്ടായിരുന്നു അവരുടെ സന്തോഷം അറിയിച്ചത്. പിണ്ഡനന്ദിയുടെ സാഹിത്യം അങ്ങനെയാണ്, ഒരു കല്ലിന്റെ ഇടയ്ക്കിരിക്കുന്ന ഒരു ജീവി. അതെങ്ങനെ ജീവിച്ചിരിക്കുന്നു? അത് ഈ പ്രപഞ്ചദാതാവിന്റെ കൃപ കൊണ്ടാണ്. ആ കല്ലൊന്ന് ചരിഞ്ഞാൽ ജീവി ചത്തുപോകും. പക്ഷേ, ആ കല്ല് ചരിയുന്നില്ല. ആ കല്ല് ചരിയണോ വേണ്ടയോ എന്നത് നേരത്തെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ആ കൃതി തുടങ്ങുന്നത് അങ്ങനെ തന്നെയാണ്. ഗർഭത്തിലിരിക്കുന്ന ശിശുവിന്റെ അച്ഛൻ എന്നു പറയുന്നത് ആരാണ്, അതിന്റെ അച്ഛനും അമ്മയുമാണോ?, അല്ല. ദി സുപ്രീം ആണ് ആ ശിശുവിന്റെ അച്ഛനും അമ്മയും. വിപരീതസാഹചര്യങ്ങളിലും ആ കുഞ്ഞിനെ കാത്തുരക്ഷിക്കുന്നത് ഈശ്വരന്റെ കൃപയാണ്. അച്ഛൻ എന്നു വിളിക്കേണ്ടത് ഭഗവാനെയാണ്. പിണ്ഡനന്ദി എനിക്ക് അത്രയും സന്തോഷവും സംതൃപ്തിയും തന്ന നൃത്തരൂപമാണ്. ദർശനമാലയെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള അറിവാണെന്നു തന്നെ പറയാം. അതിലെ മനോഹരമായ ഒരു വരി ഇങ്ങനെയാണ്. ഒരു ഊർജബിന്ദു ജനിക്കുമ്പോൾ അതിന്റെ മനസിലുണ്ടാകും എങ്ങനെ ജനിക്കാം, ഏതൊക്കെ രീതിയിൽ വളരാം, ഏതൊക്കെ രീതിയിൽ പടരാം. ഇതൊക്കെ മനസിൽ വച്ചുകൊണ്ടാണ് ഒരു ഊർജബിന്ദു ഉണ്ടാകുന്നത്. പിന്നെ അതിന്റെ തന്നെ ധ്യാനത്തിൽ നിന്നാണ് സൃഷ്ടി ഉണ്ടാകുന്നത്. ഇത് പറയുന്നതുപോലെ അത്ര എളുപ്പമല്ല, ചെയ്തു കാണിക്കുമ്പോൾ. ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. പക്ഷേ അതു നന്നായി വന്നു, അത് ആശയവിനിമയം ചെയ്യാൻ പറ്റി.

കല ഒരുകലാപ്രവർത്തനം കൂടിയാണ്
ഈ ഒരു കാലം മനുഷ്യന്റെ കൊച്ചുകൊച്ചു ഭാഗ്യത്തെ കുറിച്ച് കൂടി അറിയേണ്ട കാലമാണ്. ചുറ്റുപാടും എത്രയോ കലാകാരന്മാർ പട്ടിണി കിടക്കുന്ന കാലമാണ്. നമുക്ക് പട്ടിണി കിടക്കാതെ ഇങ്ങനെ ഓരോ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നതുകൊണ്ട് ഓരോ കാര്യത്തിലും നമ്മൾ നന്ദിയുള്ളവരാകണം. ആ തിരിച്ചറിവാണ് എനിക്കുണ്ടാകുന്നത്. കലാകാരന്മാർ ജനിക്കുന്നത് സമ്പന്നരായിട്ടാണ്. പക്ഷേ മരിക്കുമ്പോൾ ഒന്നുമുണ്ടാകണമെന്നില്ല. ഞങ്ങൾ കുറച്ച് ആളുകൾ ചേർന്ന് പ്രായമായിട്ടുള്ള അദ്ധ്യാപകർക്ക് ഞങ്ങളാലാകുന്ന തരത്തിൽ കുറച്ച് പണം സ്വരൂപിച്ച് കൊടുത്തു. അത്ര എളുപ്പമല്ല ആ കാര്യം. കൃത്യമായി വരുമാനമുള്ള കലാകാരന്മാർക്ക് പെൻഷൻ കിട്ടുന്നതു പോലെയുള്ള ഒരു ശ്രമം തുടങ്ങണം. ഉത്സവകാലത്തെ മാത്രം നോക്കിയിരിക്കുന്ന നൃത്തസംഘങ്ങളുണ്ട്. പൂരമില്ലാതെ വരുമ്പോൾ അക്കൊല്ലം പട്ടിണി കിടക്കുന്ന കലാകാരന്മാരുമുണ്ട്. ചുറ്റിലും നമ്മൾ കണ്ണോടിക്കണം. കലാകാരി എന്നത് വേദിയിൽ പെർഫോം ചെയ്യുക, കൈയടി വാങ്ങുക, അതിൽ അഭിരമിക്കുക എന്നത് മാത്രമല്ല. കല എന്നത് ഒരു കലാപ്രവർത്തനം കൂടിയാണ്. കലയെ മാത്രം കൊണ്ടു വരിക എന്നതല്ല, എല്ലാ കലാപ്രവർത്തകരെയും കൂടെ കാണാനും അവർക്ക് വേണ്ടത് നമ്മളാൽ കഴിയുന്നത് നൽകാനും ഈ മേഖലയിലെ പ്രായമാകുന്നവരെ മറ്റു ആകുലതകളൊന്നുമില്ലാതെ സംരക്ഷിക്കാനുമൊക്കെ ആലോചിക്കേണ്ട സമയമാണിത്.
ദർശനമാല
വേദാന്തശാസ്ത്രത്തെ പത്തുദർശനങ്ങളായി വിഭജിച്ച് പ്രതിപാദിച്ചിരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രശസ്തമായ ദാർശനികകൃതിയാണ് ദർശനമാല. 1916 ലാണ് ഗുരു ഇത് രചിച്ചതെന്ന് കരുതപ്പെടുന്നു. ഇതേ പോലെ വിഷയവിഭജനം ചെയ്തുസമഗ്രമായി വേദാന്തശാസ്ത്രം പ്രതിപാദിക്കുന്ന മറ്റൊരുകൃതി മലയാളത്തിലോ സംസ്കൃതത്തിലോ ഇല്ല. ശാസ്ത്രം, വേദാന്തം, അനുഭൂതി എന്നിവയിൽ ഗുരുവിന്റെ അഗാധമായ പാണ്ഡിത്യം ഈ കൃതിയിൽ ദർശിക്കാം. വേദാന്തശാസ്ത്രത്തെ മുഴുവൻ പത്തുദർശനങ്ങളായി ക്രമപ്പെടുത്തി പ്രതിപാദിച്ചിരിക്കുന്നതുകൊണ്ടാണ് ദർശനമാല എന്ന് പേരുനൽകിയത്. ഒന്നുമുതൽ ഏഴുവരെയുള്ള ദർശനങ്ങളിൽ സിദ്ധാന്ത അംശങ്ങൾക്കാണ് പ്രാധാന്യം. എട്ടും ഒൻപതും ദർശനങ്ങൾ സാധനാപരങ്ങളാണ്. അനുഷ്ടുപ്പ് വൃത്തത്തിലുള്ള പത്തുശ്ളോകങ്ങളിൽ ഓരോ ദർശനങ്ങളും അടങ്ങുന്നു. ഋഷി കവിയായ മഹാഗുരുവിന്റെ അമൂല്യസംഭാവനയാണ് ദർശനമാല.