
തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് തകർന്നു തരിപ്പണമായ ടൂറിസം മേഖല വീണ്ടും തുറക്കാൻ തീരുമാനിച്ചതിനൊപ്പം മേഖലയ്ക്ക് ഉണർവേകാൻ ഡിജിറ്റൽ പ്രചാരണങ്ങളുമായി സർക്കാർ. ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴി വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനായി 6.70 കോടിയുടെ വെർച്വൽ പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ രാജ്യത്തെയും പുറത്തെയും ടൂറിസം ബ്രാൻഡുകൾ സഞ്ചാരികളെ ആകർഷിക്കാൻ വെർച്വൽ പ്രചാരണം തുടങ്ങിയതോടെയാണ് കേരളവും ഈ വഴി തേടിയത്.
വെർച്വൽ ടൂർ കാമ്പെയിൻ
വെർച്വൽ ടൂർ കാമ്പെയിൻ 2021 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത ആറ് മാസത്തേക്ക് 3.38 കോടിയാണ് ടൂറിസം വകുപ്പ് ചെലവിടുക. ടൂറിസം വകുപ്പിന്റെ https://www.keralatourism.org/ എന്ന ഔദ്യോഗിക വെബ്സൈറിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളെ കുറിച്ചുള്ള പൂർണവിവരങ്ങൾ ഉൾപ്പെടുത്തി പ്രചാരണം നടത്തും. തുടർന്ന് സഞ്ചാരികളോട് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ ഓൺലൈൻ വോട്ടിംഗിലൂടെ ആവശ്യപ്പെടും. ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഗുണമേന്മ (ഹൈ ഡെഫിനിഷൻ) കൂടിയ ചിത്രങ്ങളും 360 ഡിഗ്രിയിലുള്ള പനോരമിക് വീഡിയോയും സൈറ്റിൽ ഉൾപ്പെടുത്തി വൻപ്രചാരം നൽകും.
2004 മുതൽ കേരളത്തിന്റെ ടൂറിസം വെബ്സൈറ്റ് ലോകത്ത് ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന വെബ്സൈറ്റുകളിൽ ഒന്നാമതാണ്. പ്രതിവർഷം ഒരു കോടി സന്ദർശകരുള്ള വെബ്സൈറ്റിൽ കൊവിഡ് കാലമായതിനെ തുടർന്ന് മൂന്ന് ലക്ഷം പേർ മാത്രമാണ് എത്തുന്നത്. ഇത് 15 ലക്ഷമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ക്ളിക്ക് കാമ്പെയിൻ നടത്തുന്നത്.
കേരളീയ ഭക്ഷണവും
ഇതോടൊപ്പം കേരളീയ ഭക്ഷണത്തിന്റെ വലിയൊരു പ്ളാറ്റ്ഫോമും ഒരുക്കും. വ്യത്യസ്തങ്ങളായ 100 ഭക്ഷണങ്ങളാണ് സൈറ്റിൽ ഉണ്ടാകുക. ഇവ എങ്ങനെ ഉണ്ടാക്കാമെന്നുള്ള വിവരണങ്ങളും സൈറ്റിലുണ്ടാകും. കേരളീയർ അല്ലാത്തവർക്കായി ഭക്ഷണങ്ങൾ സ്വന്തം വീട്ടിൽ ഉണ്ടാക്കുന്നതിനായി വീഡിയോയും ഉൾപ്പെടുത്തും. ഇങ്ങനെ ഭക്ഷണം പാചകം ചെയ്യൽ മത്സരത്തിൽ പങ്കെടുക്കുന്നവരിൽ നിന്ന് വിജയികളാകുന്നവർക്ക് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ ഒരാഴ്ച സൗജന്യ താമസത്തിനുള്ള പാക്കേജ് സമ്മാനമായി നൽകും.
ടൂറിസം മേഖല തുറക്കുന്നു
കൊവിഡിനെ തുടർന്ന് ഏഴ് മാസമായി അടഞ്ഞുകിടക്കുന്ന ടൂറിസം മേഖല തുറന്നു കൊടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാലം കേരളത്തിന് ടൂറിസം മേഖലയിൽ ഉണ്ടായ നഷ്ടം 20,000 കോടിയാണ്. പ്രത്യക്ഷമായി 15 ലക്ഷം പേരും പരോക്ഷമായി 20 ലക്ഷം പേരും തൊഴിലെടുക്കുന്ന മേഖലയാണ് ടൂറിസം. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 12 ശതമാനമാണ് ടൂറിസത്തിന്റെ സംഭാവന. പ്രതിമാസം 4,000 കോടിയാണ് ടൂറിസത്തിൽ നിന്നുള്ള സംസ്ഥാനത്തിന്റെ ശരാശരി വരുമാനം. ഇനിയും ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടാൽ സംസ്ഥാനം കരകയറാനാകാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 15 മുതൽ ഘട്ടംഘട്ടമായി ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം. ആദ്യം ആഭ്യന്തര വിനോദസഞ്ചാരികൾക്ക് കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. ആദ്യഘട്ടത്തിൽ ടിക്കറ്റ് സംവിധാനമുള്ള കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവയാണ് തുറക്കുക. നിയന്ത്രണമേർപ്പെടുത്താൻ സാധിക്കാത്ത ബീച്ചുകൾ പോലുള്ള ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല.
രോഗവ്യാപനം തീവ്രമായതിനാൽ ടൂറിസം പൂർണമായും തുറക്കാനാകില്ല. വിദേശ സഞ്ചാരികളുടെ കാര്യത്തിൽ പൊതുധാരണയുണ്ടാകണം- മന്ത്രി കടകംപള്ളി