
ലോസാഞ്ചൽസ്: ഗിറ്റാറിലൂടെ മാന്ത്രികത സൃഷ്ടിച്ച പ്രശസ്ത സംഗീതജ്ഞൻ എഡ്ഡി വാൻ ഹാലൻ അന്തരിച്ചു. 65 വയസായിരുന്നു. ദീർഘകാലമായി തൊണ്ടയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു ഇതിഹാസ താരം. മകൻ വോൾഫ്ഗാംഗാണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. സഹോദരനായ അലക്സിനൊപ്പം ചേർന്ന് റോക്ക് ബാൻഡ് സ്ഥാപിച്ച എഡ്ഡി 1984ൽ യു.എസിൽ തരംഗം സൃഷ്ടിച്ച ജംപ് ഗാനത്തിന്റെ സൃഷ്ടാവുമാണ്. ഫിംഗർ ടാപ്പിംഗ് എന്നാണ് എഡ്ഡിയെ ആരാധകർ വിളിച്ചിരുന്നത്. ഗിറ്റാറിനെ ഒരു പിയാനോയെപ്പോലെ ഇരു കൈവിരലുകൾ കൊണ്ട് ഒരേസമയം മീട്ടുന്നതിലൂടെയാണ് എഡ്ഡി ആ വിളിപ്പേര് നേടിയെടുത്തത്. 1955ൽ നെതർലൻഡിലെ ആംസ്റ്റർ ഡാമിലാണ് എഡ്ഡി ജനിച്ചത്. പിതാവ് ജാൻ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. റോളിംഗ് മാഗസിൻ പുറത്തുവിട്ട ലോകത്തിലെ 100 മികച്ച ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ എട്ടാം സ്ഥാനം നേടിയിരുന്നു എഡ്ഡി. 1981ൽ നടിയായ വലേരി ബെർട്ടിനലിയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം 2007ൽ അവസാനിച്ചു. പിന്നീട് സ്റ്റണ്ട് വുമണായ ജനിയെ 2009ൽ വിവാഹം കഴിച്ചു.