siddique-kappan

ലക്നൗ: ഹാഥ്‌രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രാമദ്ധ്യേ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമപ്രവർത്തകൻ ഉൾപ്പെടെ നാല് പേർക്കെതിരെ യു.എ.പി.ഐ ചുമത്തി. രാജ്യദ്രോഹകുറ്റവും ഇവർക്ക് മേൽ പൊലീസ് ചുമത്തിയെന്നാണ് റിപ്പോർട്ട്. യു.എ.പി.എ നിയമത്തിലെ സെക്ഷൻ 17 പ്രകാരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഹാഥ്‌രസ് പീഡനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പുറപ്പെട്ട കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി സെക്രട്ടറിയുമായും 'അഴിമുഖം' ലേഖകനുമായ സിദ്ദിഖ് കാപ്പനാണ് അറസ്റ്റിലായത്.പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും ഹാഥ്‌രസിലേക്ക് പോയത് അവിടുത്തെ സമാധാനനില തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.

നിരോധനാജ്ഞ ലംഘിക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച അത്തീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, ആലം എന്നിവർക്കൊപ്പം ഹാഥ്‌രസിലേക്ക് പുറപ്പെട്ട സിദ്ധിഖ് കാപ്പനെയും യു.പി മഥുര പൊലീസ് അറസ്റ്റ് ചെയ്തത്.


രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് നാലു പേരെയും കസ്റ്റഡിയിലെടുത്തതെന്നും ഇവരെല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നുമാണ് പൊലീസ് ആരോപിച്ചത്. മണിക്കൂറുകൾ കഴിഞ്ഞാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. സിദ്ദിഖിന്റെ മൊബൈൽ ഫോണും ലാപ് ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു.