trivandrum-airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിന് പിന്തുണ നൽകുന്ന റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് പല നേതാക്കന്മാരുടെയും ഭീഷണിയുണ്ടെന്ന് ടെക്നോപാര്‍ക്ക് സ്ഥാപക സി.ഇ.ഒ ജി. വിജയരാഘവന്‍. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നില്ലന്നും തിരുവനന്തപുരത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താൽപര്യമെന്നും കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈന്‍ അഭിമുഖപരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.

'ഞാൻ ഒരു ഇലക്ഷനും നിൽക്കാൻ പോകുന്നില്ല. പാർട്ടി രൂപീകരിക്കുന്നില്ല.എന്നാൽ തിരുവനന്തപുരത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കണം. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധയിൽ നിന്നും നഷ്ടപ്പെട്ട് പോയ ഒരു കാര്യമുണ്ട്. ഓരോ വാർഡുകളിലും അവിടെ തന്നെ ജനിച്ച് വളർന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്. പലർക്കും ജോലിയില്ല. അവരിൽ പലരും ഈ കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും കൊവിഡ് സമയത്തും പ്രായമായ ആളുകൾ ഉള്ള വീടുകളിൽ പോയി അവരെ സഹായിച്ചിട്ടുണ്ട്. പലരും പല പാർട്ടിക്കാരാകാം അവരെല്ലാം ചെയ്യുന്നത് അവരുടെ റെസിഡന്റ്‌സ് അസോസിയേഷനുകളിലാണ്.

തിരുവനന്തപുരത്ത് ഏകദേശം ആയിരം റെസിഡന്റ്‌സ് അസോസിയേഷനുകൾ ഉണ്ടാവാം. അതിൽ 700 എണ്ണം ആക്ടീവ് ആയിരിക്കും.അതിൽ ഒരു 400-500 എണ്ണം ഈ അജണ്ടയെ സപ്പോർട്ട് ചെയ്യുന്നവരാണ്. ആ റെസിഡന്റ്‌സ് അസോസിയേഷനുകളിൽ വിളിച്ച് പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിങ്ങൾ ഇത് സപ്പോർട്ട് ചെയ്താൽ നിങ്ങൾക്ക് ബുദ്ധിമുട്ട് വരും എന്ന് ഭീഷണി വന്നിരുന്നു. അങ്ങനെ ഒരുപാട് ഭീഷണികൾ വന്നിട്ടുണ്ട്. ഈ വിരട്ട് ഒന്നും ഇനി നടക്കില്ല. ഈ അജണ്ടയിൽ രാഷ്ട്രീയമില്ല, ഇത് വികസനത്തിന്റെ രാഷ്ട്രീയമാണ് ' ജി. വിജയരാഘവന്‍ പറഞ്ഞു.