
നിരവധി കൊലപാതക കേസുകളുടെ ചുരുളഴിച്ച് പ്രതികളെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥനാണ് റിട്ട. ഡി വൈ എസ് പി ഗിൽബർട്ട്. ഉദ്യോഗത്തിൽ നിന്നും വിരമിച്ച അദ്ദേഹം താൻ അന്വേഷിച്ച കൊലപാതക കേസുകളെ കുറിച്ച് വെളിപ്പെടുത്തുന്നു. തൃശൂർ പാലക്കാട് മേഖലയിൽ സ്വൈര്യവിഹാരം നടത്തിയിരുന്ന കരിവണ്ട് മണിയന്റെ കൊലപാതകം പൊലീസിനെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. റോഡ് വക്കിൽ തലയ്ക്ക് മാരകമായി മുറിവേറ്റാണ് മണിയൻ മരിച്ചുകിടന്നത്. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കൊലപാതകമാണെന്ന് തീരുമാനിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാൽ ഡെഡ്‌ബോഡിക്ക് സമീപം മറ്റ് അടയാളങ്ങളോ, രക്തക്കറയോ ഇല്ലാതിരുന്നതാണ് അന്വേഷണ സംഘത്തെ കുഴക്കിയത്.
തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി റോഡിൽ നിന്നും മൃതദേഹം ആംബുലൻസിലേക്ക് കയറ്റവേ മുഖം മറച്ച ഒരു യുവതിയുടെ തേങ്ങൽ ഡി വൈ എസ് പി ഗിൽബർട്ടിന്റെ ശ്രദ്ധയിൽ പെട്ടു. സ്ത്രീകളുടെ ഇടയിൽ നിന്നും തലവഴി മൂടിയ സ്ത്രീ പൊലീസ് ഉദ്യോഗസ്ഥൻ ശ്രദ്ധിക്കുന്നു എന്ന് മനസിലായതോടെ പിന്നോട്ട് നീങ്ങി നിന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ സംശയമുന യുവതിയിലേക്ക് നീളാൻ അധികസമയം വേണ്ടി വന്നില്ലെങ്കിലും ഒന്നുമറിയാത്ത പോലെ അവിടെ നിന്നും മൃതദേഹം മാറ്റുകയും, തൊട്ട് പിന്നാലെ അന്വേഷണം യുവതിയിലേക്ക് നീളുകയും ചെയ്തു. അന്വേഷണത്തിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ റിട്ട ഡി വൈ എസ് പി ഗിൽബർട്ട് പ്രേക്ഷകരുമായി ഇവിടെ പങ്കുവയ്ക്കുന്നു.