
കൊച്ചി: സ്വർണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു എന്ന് എൻഫോഴ്സ്‌മെറ്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രത്തിൽ പരാമർശം. സ്പേസ് പാർക്കിൽ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ഇടപെടൽ മൂലമാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്വപ്നയുടെ മൊഴിയെ ഉദ്ധരിച്ചാണ് ഇഡി കുറ്റപത്രത്തിൽ ഇക്കാര്യം പരാമർശിച്ചത്.
ജോലിക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് ശിവശങ്കർ സ്വപ്നയ്ക്ക് ഉറപ്പുനൽകി. ഇതിനുശേഷം സ്പേസ് പാർക്ക് സി ഇ ഒ സ്വപ്നയെ വിളിച്ച് ജോലിക്ക് ചേരാൻ നിർദേശിക്കുകയായിരുന്നു. എം ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. സ്വപ്നയും ശിവശങ്കറും പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ആറുതവണ ശിവശങ്കറിനെ കണ്ടപ്പോൾ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കോൺസുൽ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിൽ സ്വപ്നയെ മുഖ്യമന്ത്രിക്ക് പരിചയമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കെ എസ് ഐ ടി ഐ എൽ എം.ഡിയേയും സ്പെഷ്യൽ ഓഫീസറെയും കാണാൻ സ്വപ്നയോട് ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സന്തോഷ് സ്വപ്നയെ വിളിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചത്. സപേസ് പാർക്കിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസിലാക്കാനായിരുന്നു ഇത്-കുറ്റപത്രം പറയുന്നു.
പ്രതികളുടെ ജാമ്യഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്കുറ്റപത്രം സമർപ്പിച്ചത്.