lueke

1990ൽ അമേരിക്കയിലെ ടെക്സസിൽ ജിമ്മി ലുക്ക് എന്ന കർഷകൻ തന്റെ കന്നുകാലികൾക്ക് മേയുന്നതിനായി സ്വന്തം പറമ്പിലെ കാടും പടർപ്പും വെട്ടിത്തെളിക്കാൻ തീരുമാനിച്ചു. ഒരു വ്യത്യസ്തതയ്ക്കായി സ്വന്തം പേരിന്റെ രൂപം വരത്തക്ക രീതിയിൽ ചില മരങ്ങൾ വെട്ടിമാറ്റാൻ തീരുമാനിച്ചു. എന്നാൽ കൗതുകമെന്തെന്നാൽ ആ പേര് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൈയൊപ്പ് ആയി മാറി എന്നതാണ്. ഈ കൈയൊപ്പ് കൊണ്ട് പിന്നെ ജിമ്മിക്ക് ഗുണം ഉണ്ടായില്ലെങ്കിലും നാസയ്ക്ക് ഈ കൈയൊപ്പ് നന്നേ ബോധിച്ചു. ബഹിരാകാശത്തുള്ള അവരുടെ സാറ്റലൈറ്റ് ക്യാമറകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഈ കൈയൊപ്പിനെയാണ് നാസ ആശ്രയിക്കുന്നത്. ടെക്സസ് സ്റ്റേറ്റ് ട്രൂപ്പറായിരുന്നു ജിമ്മി ലൂക്ക്. 1980 ൽ ഹൈവേ പട്രോളിംഗ് ഉപേക്ഷിച്ച് അദ്ദേഹം എണ്ണ ബിസിനസ് തുടങ്ങുകയും അതിലൂടെ കോടീശ്വരനാവുകയും ചെയ്തു. ലാഭത്തിന്റെ ഭൂരിഭാഗവും സ്മിത്ത് വിൽ പട്ടണത്തിന് പുറത്തുള്ള ഏക്കറുകണക്കിന് ഭൂമി വാങ്ങാനാണ് ഉപയോഗിച്ചത്. അവിടെ അദ്ദേഹം കന്നുകാലികളെ വളർത്താൻ തുടങ്ങി, 1990 കളുടെ അവസാനത്തോടെ കന്നുകാലികളുടെ എണ്ണം കൂടിയപ്പോഴാണ് മരങ്ങൾ വെട്ടാൻ തീരുമാനിച്ചത്. അതിനിടയിലാണ് മരങ്ങൾ ഉപയോഗിച്ച് തന്റെ പേര് എഴുതാൻ അദ്ദേഹം തീരുമാനിച്ചത്. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ഒപ്പ് സൃഷ്ടിച്ചു.

LUECKE എന്ന ഈ ഒപ്പിന് ഏകദേശം മൂന്ന് മൈൽ നീളമുണ്ട്‌. ഓരോ അക്ഷരത്തിനും നൂറു കണക്കിന് അടി ഉയരവുമുണ്ട്. ബഹിരാകാശയാത്രികർക്ക് ബഹിരാകാശവാഹനത്തിലെ ക്യാമറകളുടെ പരമാവധി റെസല്യൂഷൻ കണക്കാക്കാൻ ഈ ലൂക്ക് സിഗ്നേച്ചർ സഹായിക്കുന്നുണ്ടെന്നാണ് നാസ വെളിപ്പെടുത്തൽ. ഹ്യൂസ്റ്റണിൽ നിന്നുള്ള പ്രധാന ഫ്ലൈറ്റ് പാതയ്ക്ക് കീഴെയാണ് ലൂക്ക് ഫാം സ്ഥിതിചെയ്യുന്നത്. വിമാനത്തിൽ സഞ്ചരിക്കുന്നവർക്കും ഇത് വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണ്.