
വാഷിംഗ്ടൺ: കൊവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം അമേരിക്കൻ പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിലിട്ട പോസ്റ്റ് നീക്കം ചെയ്തും മറച്ചുപിടിച്ചും ഫേസ്ബുക്കും ട്വിറ്ററും. കൊവിഡിനെ നിസാരവത്കരിച്ച പോസ്റ്റിനെതിരെയാണ് സോഷ്യൽ മീഡിയയുടെ നീക്കം. നാലു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ട്രംപ് വൈറ്റ് ഹൗസിൽ മടങ്ങിയെത്തിയത്. തുടർന്ന് 'ഈ പനിക്കാലത്തോടൊപ്പം ജീവിക്കാൻ പഠിക്കുക, അതായത് നാം കൊവിഡിനൊപ്പം ജീവിക്കുന്നതു പോലെ, പനിയെക്കാൾ കുറഞ്ഞ അപകടമാണ് കൊവിഡിനാൽ വലിയ ജനവിഭാഗത്തിന് ഉണ്ടാവുക"യെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഈ പോസ്റ്റ് ട്വിറ്റർ വ്യാജവിവരങ്ങളുടെ അലർട്ടിൽ ഉൾപ്പെടുത്തി. വാർത്ത മറുച്ചുപിടിച്ചു.വാസ്തവവിരുദ്ധമായ പ്രസ്താവനയാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു. കൊവിഡിന്റെ ആഘാതം സംബന്ധിച്ച് വ്യക്തതയില്ലാത്ത വിവരങ്ങൾ വന്നാൽ അത് നീക്കം ചെയ്യുകയാണ് തങ്ങളുടെ നയമെന്ന് ഫേസ്ബുക്ക് പോളിസി കമ്മ്യൂണിക്കേഷൻ മാനേജർ ആന്റി സ്റ്റോൺ പറയുന്നു. ജോൺസ് ഹോപ്പിൻസ് സർവകലാശാലയുടെ കണക്കുപ്രകാരം അമേരിക്കയിൽ ഒരു പനിക്കാലത്ത് മരിക്കുന്നതിന്റെ പത്തിരട്ടിയിലധികം മരണമാണ് കൊവിഡ് കാലത്ത് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ യു.എസ് പ്രസിഡന്റിന്റെ വാദം തെറ്റാണെന്നും സോഷ്യൽ മീഡിയ വാദിക്കുന്നു.