
'വരിക വരിക സഹജരേ
വരിക സഹന സമരമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽ നടയ്ക്കു പോക നാം"
ഉപ്പു സത്യാഗ്രഹത്തിനു വീറേകിയ ഈ വരികൾ എന്റെ ഉള്ളിൽ സ്വാതന്ത്ര്യം എന്ന വികാരം ജനിപ്പിക്കുന്നു. ഏതാണ്ട് ഇതേ അർത്ഥം വരുന്ന ഗാനം ആലപിക്കുകയായിരുന്നു വാർദ്ധയിലെ ഗാന്ധിജിയുടെ ആശ്രമത്തിലെ മരത്തണലിലിരുന്ന് ഏതോ വിദൂര ഗ്രാമത്തിൽ നിന്നു ആശ്രമം കാണാനെത്തിയ സംഘം. അവർ തീർച്ചയായും തീർത്ഥയാത്രയിലാണെന്നു വിളിച്ചോതുന്നു അവരുടെ ഖാദി വസ്ത്രങ്ങളും വിപ്ലവാവേശം നിറഞ്ഞ പാട്ടും.
വാർദ്ധ ആശ്രമം ഒരു തിരുവോണ ദിവസം ഭർത്താവിനും മകൾക്കുമൊപ്പം നടന്നു കാണുകയായിരുന്നു, ഞാൻ. ആധുനിക ലോകത്തിന്റെ 'മഹാത്മാവ് " ജീവിച്ച സബർമതീ തീരത്തെ ഏറ്റവും എളിയ മുറി കണ്ട് എന്റെ മകൾ അദ്ഭുതം കൂറി. 'ഈ ജീവിതവും ഈ രാഷ്ട്രീയായുധവും എത്ര പെട്ടെന്നാണു നമുക്ക് അന്യമായിപ്പോയത്.!"".'നയി താലിം" എന്ന ഗാന്ധിജി വിഭാവനം ചെയ്ത വിദ്യാഭ്യാസരീതി നാം ഇന്ത്യക്കാരൊഴിച്ച് മറ്റെല്ലാവരും നടപ്പിലാക്കിയെന്നു തോന്നുന്നു. ഇവിടെ തൊഴിലിന്റെ, പ്രത്യേകിച്ചു കൈത്തൊഴിലിന്റെ മാഹാത്മ്യം നമ്മളോർക്കുന്നതേയില്ല'… ഗാന്ധിജി നൂൽനൂറ്റിരുന്ന ചർക്ക ആദരപൂർവ്വം നോക്കിക്കൊണ്ട് അവൾ പറഞ്ഞു. ഗാന്ധിജിയുടെ 151-ാം ജന്മദിനം കടന്നു പോയി.ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ള പുസ്തകം 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങ ൾ' ആണ്.
അഹിംസ, സത്യം ഇവയോടു കൂടി ഒരിക്കലും നശിക്കാത്ത പോരാട്ടവീര്യം കൂടിച്ചേരുമ്പോൾ 'സത്യാഗ്രഹം" എന്ന രാഷ്ട്രീയായുധം സൃഷ്ടിക്കപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയായുധമായി ഏറ്റവും വലിയ സാമ്രാജ്യശക്തിക്കെതിരെ ഉപയോഗിക്കപ്പെട്ടത് സത്യാഗ്രഹസമരമാണ്. അങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് ഭാരതം മാറി. അഹിംസ ഫലം കാണുന്ന ഒരു രാഷ്ട്രീയ ആയുധമാകുന്നത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്. രാഷ്ട്രീയവും സാമൂഹികവുമായ അധികാര ലഭ്യതയ്ക്കായി അഹിംസ ഒരു മാർഗ്ഗമായി സ്വീകരിക്കപ്പെടുന്നത് ലോക ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലാണ്. യാഥാസ്ഥിതികമായ തിയറികളിലെല്ലാം രാഷ്ട്രം പരിമിതമായെങ്കിലും ഹിംസ ഉപയോഗിച്ചുകൊണ്ടല്ലാതെ രാഷ്ട്രീയാധികാരവും സമാധാന ജീവിതവും നിലനിറുത്തുന്നില്ല. ഹോബ്സോ റൂസ്സോയോ മറ്റാരെങ്കിലുമോ മറിച്ച് ചിന്തിച്ചു കാണുന്നില്ല.
ടോൾസ്റ്റോയിയാകട്ടെ രാഷ്ട്രത്തെ ഒരു സംഘടനയായിപ്പോലും അംഗീകരിക്കുന്നില്ല. അഹിംസയെ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ടോൾസ്റ്റോയിയും ഗാന്ധിജിയും തമ്മിൽ നടത്തിയ കത്തിടപാടുകളും പ്രസിദ്ധമാണല്ലോ.
അഹിംസയും സത്യവും പൊതുജീവിതത്തിൽ ഏറ്റവും മാറ്റേറിയ കാര്യങ്ങളായി കണക്കാക്കപ്പെടുകയും സുതാര്യത സൂക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്തേ എല്ലാവരേയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വികസനം സാധ്യമാവൂ. എന്റെ സഹപ്രവർത്തകൻ നാഗരാജു തന്റെ പഠന തീസിസിന്റെ ഭാഗമായി പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികളുടെ ഇടയിൽ ഒരു സർവേ നടത്തുകയുണ്ടായി. ചെറുപ്പക്കാരായ ഈ വിദ്യാർത്ഥികൾ തങ്ങളുടെ പരിജ്ഞാനം സത്യസന്ധമായല്ലാതെ അർഹതയില്ലാത്ത കാര്യങ്ങൾ നേടിയെടുക്കാനുള്ള ആയുധമായി ഉപയോഗിയ്ക്കാൻ മടിക്കുന്നില്ല. യുവതലമുറയിൽപ്പെട്ടവർ അഴിമതിയുടെ നിഴൽ വീണ കാര്യങ്ങൾ ചെയ്യാൻ ഒട്ടുമേ മടിക്കുന്നില്ല എന്നാണ് സർവേഫലം വ്യക്തമാക്കിയത്.
അഴിമതി നടത്തുന്നത് വളരെ സ്വാഭാവികമായ കാര്യമായി കരുതുന്ന ഒരു തലമുറ തീർച്ചയായും സമൂഹത്തിന്റെ കരുത്തല്ല. വ്യക്തിപരമായ സ്വഭാവശുദ്ധിയിലുള്ള നിഷ്ഠ തീരെയില്ലാത്തവർ ഒരു സമൂഹത്തിൽ അധികമാകുന്നത് തികച്ചും നിരാശാജനകം തന്നെയാണ്.
ജർമ്മനിയുടെ ചാൻസലറായ ആഞ്ചെലാ മെർക്കൽ തന്റെ വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങാനായി ഭർത്താവിനൊപ്പം സാധാരണക്കാരിയായി തെരുവിൽ നിൽക്കുന്ന കാഴ്ച നമ്മെ അദ്ഭുതപ്പെടുത്തുന്നു. പൗരന്മാർ അവരാരായാലും തങ്ങളു ടെ വ്യക്തിപരമായ ആവശ്യങ്ങൾ സത്യസന്ധതയോടെയും എളിമയോടെയും നിർവ്വഹിക്കുന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമായി മാറുന്നുണ്ടെങ്കിൽ ആ സമൂഹത്തിൽ അഹിംസയുടെയും സത്യത്തിന്റെയും സ്ഥാനം വളരെ പിന്നാക്കം പോയിരിക്കുന്നു എന്നു കണക്കാക്കാം.
നിർഭയത്വത്തിന്റെ പ്രതീകമായ സിംഹം ആലേഖനം ചെയ്യപ്പെട്ട സ്തംഭത്തിൽ 'സത്യമേവ ജയതേ' എന്ന് എഴുതിയ ദേശീയ ചിഹ്നമുള്ള രാജ്യത്ത് ചെറുപ്പക്കാരിൽ നിർഭയത്വവും സത്യസന്ധതയും അഹിംസയും ഊട്ടിയുറപ്പിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതെങ്ങനെ? ഈ വിഷയത്തിൽ നാം ഗൗരവതരമായ ഗവേഷണം നടത്തുന്നുണ്ടോ? മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ എന്തു പ്രായോഗികപദ്ധതികളാണു നമുക്കുള്ളത്? കലഹിക്കാതിരിയ്ക്കാനും സത്യം പറയാനും ത്രാണിയുള്ളവരെ സൃഷ്ടിക്കുക വിദ്യാഭ്യാസത്തിന്റെ പ്രധാന ധർമ്മമായി നാം കാണുന്നുണ്ടോ?
യുവാൽ നോവ ഹരാരി '21-ാം നൂറ്റാണ്ടിനുള്ള 21 പാഠങ്ങൾ'എന്ന തന്റെ പുസ്തകത്തിൽ പറയുന്നത് മനുഷ്യൻ എന്നും സത്യത്തിനുശേഷമുള്ള യുഗത്തിലാണു ജീവിച്ചത് എന്നാണ്. 'ഫേസ്ബുക്കി'നു എത്രയോ മുൻപ് 'ഫേക് ന്യൂസ്' ഉണ്ടായി എന്ന് അദ്ദേഹം പറയുന്നു. ഓരോ രാജ്യവും ഓരോ മതവും തങ്ങളുടെ അംഗങ്ങളെ ചേർത്തു പിടിയ്ക്കാനായി ഓരോ 'മിത്തുകൾ' സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം വാദിക്കുന്നു. മനുഷ്യ ചരിത്രത്തിലെ ഒരുപാടു മുഹൂർത്തങ്ങൾ അദ്ദേഹം തന്റെ വാദത്തിനായി വിവരിക്കുന്നുണ്ട്.
അഹിംസയിലും സത്യത്തിലുമധിഷ്ഠിതമായി ഒരു സമൂഹം മിത്തുകൾ സൃഷ്ടിക്കുകയോ യാഥാർത്ഥ്യം അനുഭവിയ്ക്കുകയോ ചെയ്യുമ്പോൾ സമഭാവനയ്ക്കും സമത്വത്തിനും സ്ഥാനമുണ്ടാകും എന്നു പ്രത്യാശിയ്ക്കാം.