nobel

സ്റ്റോക്ക്ഹോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം സ്വന്തമാക്കി വനിതാ ഗവേഷകർ. ജീനോം എഡിറ്റിംഗിന് സഹായിക്കുന്ന ശാസ്ത്ര ഉപാധി കണ്ടെത്തിയതിന് ഇമ്മാനുവൽ ഷർപെന്റീർ, ജെനിഫർ എ. ഡൗഡ്ന എന്നിവരാണ് ഇക്കുറി നോബൽ പുരസ്കാരം നേടിയത്. ജീനോം എഡിറ്റിംഗിലുള്ള പ്രത്യേക ഉപാധിയായ ക്രിസ്പർ-CRISPR വികസിപ്പിച്ചെടുത്തതിനാണ് ഇരുവരും പുരസ്കാരത്തിന് അർഹരായത്. ബർലിനിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഷർപെന്റീർ. ബെർകിലിയിലെ യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയയിലെ ഗവേഷകയാണ് ഡൗഡ്‌ന. 10 ദശലക്ഷം സ്വീഡിഷ് ക്രോണയാണ് (8.2കോടി രൂപ) പുരസ്‌കാരത്തുക.

പുതിയ ഉപാധി ഉപയോഗിച്ച് മൃഗങ്ങൾ, ചെടികൾ, സൂഷ്മജീവികൾ, എന്നിവയുടെ ഡി.എൻ.എയ്ക്ക് ഏറ്റവും കൃത്യതയോടെ മാറ്റം വരുത്താനാകുമെന്നും ഇതൊരു വിപ്ലവകരമായ കണ്ടുപിടുത്തമാണെന്നും പുരസ്കാരം പ്രഖ്യാപിച്ച റോയൽ സ്വീഡിഷ് അക്കാഡമി ഒഫ് സയൻസ് സെക്രട്ടറി ജനറൽ ഗോറൻ ഹൻസൻ അറിയിച്ചു. കാൻസർ ചികിത്സകൾക്ക് ഈ ഉപാധി സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ മൂന്നാമത്തെ നൊബൽ സമ്മാന പ്രഖ്യാപനമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ മേഖലകളിലെ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിരുന്നു.
സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ പുരസ്‍കാരങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.