coir-wood

തിരുവനന്തപുരം: പ്ലൈവുഡിന് പകരം ഇനി മേശയിൽ പുതിയ തരം പലക. പ്ലൈവുഡ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ബാംബു ബോര്‍ഡ് എന്നിവ പോലുള്ള ഒരു ഉത്പന്നമാണിതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. എന്താണ് ഈ പുതിയ തരം വസ്തു എന്ന് അറിയേണ്ടേ ? ഇതാണ് കയര്‍ ഉപയോഗിച്ചുള്ള പലക. കയര്‍ വുഡ് ഉപയോഗിച്ച് മേശയും കസേരയും നിര്‍മിക്കാമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.

ഫോംമാറ്റിംഗ്സിന്റെ കണിച്ചുകുളങ്ങരയിലെ ഫാക്ടറിയിലാണ് ഇവ നിര്‍മിച്ചത്. ആലപ്പുഴ കയര്‍ മ്യൂസിയത്തില്‍ പ്ലൈവുഡിന് പകരം ഈ ബോര്‍ഡാണ് ഉപയോഗിക്കുന്നത്. ആദ്യത്തെ ലോഡ് ഫ്ളാഗ് ഓഫ് ചെയ്തു. പ്ലൈവുഡ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ബാംബു ബോര്‍ഡ് എന്നിവ പോലുള്ള ഒരു ഉത്പന്നമാണിതെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

'കയറെന്നു പറഞ്ഞാല്‍ മലയാളികളുടെ മനസ്സില്‍ വരിക ഒന്നുകില്‍ കയര്‍ യാണ്‍, അല്ലെങ്കില്‍ കയര്‍ ചവിട്ടി. തമിഴ്‌നാട്ടുകാരുടെ മനസ്സില്‍ ചകിരിയും ചകിരിച്ചോറുമായിരിക്കും. എന്റെ അഭിപ്രായത്തില്‍ അതിവിദൂരമല്ലാത്തൊരു കാലത്തിനുള്ളില്‍ കയര്‍ എന്നാല്‍ ലോകത്ത് അറിയപ്പെടുക കയര്‍ വുഡ്ഡായിരിക്കും. കയര്‍ വുഡ്ഡെന്നു പറഞ്ഞാല്‍ ചകിരിയും മറ്റും ഉപയോഗിച്ചുള്ള പലക. മരത്തിന് പകരമുള്ള ബദല്‍ ഉല്‍പ്പന്നങ്ങളുടെ അന്വേഷണത്തിലാണ് ലോകം. ഇതില്‍ ഏറ്റവും സാധ്യത കയര്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും.


ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ജി. സുധാകരന്‍ മന്ത്രിയായിരിക്കുമ്പോള്‍ ബജറ്റില്‍ കയര്‍ ഉപയോഗിച്ചുള്ള കോമ്പോസിറ്റ് ബോര്‍ഡിന് ഫാക്ടറി സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചത്. കണിച്ചുകുളങ്ങരയില്‍ കെട്ടിടം തയ്യാറാക്കി. യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്തു. പിന്നെ യുഡിഎഫിന്റെ അഞ്ച് വര്‍ഷവും ഒന്നും നടന്നില്ല. ഇപ്പോള്‍ കുറേ കാലതാമസം ഉണ്ടായില്ലെങ്കിലും കയര്‍ കോമ്പോസിറ്റ് ബോര്‍ഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചു. ആലപ്പുഴ കയര്‍ മ്യൂസിയത്തില്‍ പ്ലൈവുഡ്ഡിനു പകരം ഈ ബോര്‍ഡാണ് ഉപയോഗിക്കുന്നത്. ആദ്യത്തെ ലോഡ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഫോംമാറ്റിംഗ്‌സിന്റെ ഓഫീസില്‍ ചെന്നാല്‍ കയര്‍ വുഡ്ഡ് കൊണ്ട് സജ്ജീകരിച്ച ഒരു ഓഫീസ് മുറി തന്നെ കാണാം. ഫോംമാറ്റിംഗ്‌സിന്റെ ചെയര്‍മാന്‍ ഭഗീരഥന്‍ കഴിഞ്ഞയാഴ്ച ഇതുകൊണ്ട് നിര്‍മ്മിച്ച മേശയും കസേരയും മുഖ്യമന്ത്രിക്ക് ഉപഹാരമായി നല്‍കിയിരുന്നു.


കയര്‍ കോമ്പോസിറ്റ് ബോര്‍ഡെന്നു പറഞ്ഞാല്‍ നീഡില്‍ ഫെല്‍റ്റ് യന്ത്രം ഉപയോഗിച്ച് ചകിരിയെ പിണച്ച് വിതാനിക്കുന്നു. റെസ്സിന്‍ ഉപയോഗിച്ച് വലിയ മര്‍ദ്ദത്തില്‍ ഇവയെ ബോര്‍ഡുകളാക്കി മാറ്റുന്നു. തൂക്കം നോക്കിയാല്‍ ചകിരിയെക്കാള്‍ കൂടുതല്‍ റെസ്സിനായിരിക്കും. പ്ലൈവുഡ്ഡ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ബാംബു ബോര്‍ഡ് എന്നിവ പോലുള്ള ഒരു ഉല്‍പ്പന്നം. വലിയ തോതില്‍ ഉല്‍പ്പാദനം നടത്തുകയാണെങ്കില്‍ കയര്‍ വുഡ്ഡിനും മറ്റ് ഉല്‍പ്പന്നങ്ങളോടൊപ്പം പിടിച്ചു നില്‍ക്കാനാവും. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ഇതിനോടകം ഓരോ ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ഫാക്ടറി കഴിഞ്ഞ വര്‍ഷം 18 കോടി രൂപയുടെ ബോര്‍ഡുകളാണ് വിറ്റത്. കര്‍ണ്ണാടക സര്‍ക്കാര്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയര്‍ വുഡ്ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവും ഇറക്കിയിട്ടുണ്ട്.


ജി.സുധാകരന്റെ കാലത്ത് തുടങ്ങിയ ഫാക്ടറി ഒന്നോ രണ്ടോ വര്‍ഷത്തിനകം പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നെങ്കില്‍ ഇതിനോടകം ഫോംമാറ്റിംങ്‌സ് വന്‍കിട സ്ഥാപനമായി മാറിയേനേ. ഇനിയും വൈകിയിട്ടില്ല. നിലവിലുള്ള യന്ത്രങ്ങളെ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും ആധുനീകരിക്കുന്നതിനും തീരുമാനമെടുത്തുകഴിഞ്ഞു. പക്ഷെ, ഈ വര്‍ഷം പുതിയൊരു യന്ത്രംകൂടി കണിച്ചുകുളങ്ങരയിലെ ഫാക്ടറിയില്‍ സ്ഥാപിക്കുകയാണ്. ഈ സാങ്കേതികവിദ്യ ഇന്ത്യയിലെന്നല്ല, ലോകത്തു തന്നെ ആദ്യമായിട്ടാണ് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പോകുന്നത്.


കയര്‍ കോമ്പോസിറ്റ് ബോര്‍ഡില്‍ നല്ലപങ്കും റെസ്സിനാണെന്നു പറഞ്ഞല്ലോ. ഇതാകട്ടെ കെമിക്കലുമാണ്. ഇതൊന്നുമില്ലാതെ ഉണക്കത്തൊണ്ടിന്റെ പൊടിയില്‍ നിന്നും നേരിട്ട് കയര്‍ വുഡ്ഡ് ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് നമ്മള്‍ പരീക്ഷിക്കാന്‍ പോകുന്നത്. ഈ പുതിയ സാങ്കേതികവിദ്യ പ്രകാരം ഉണക്കത്തൊണ്ട് പൊടിച്ച് അതിനെ ഉയര്‍ന്ന ഊഷ്മാവില്‍ കടുത്ത മര്‍ദ്ദത്തിനു വിധേയമാക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ചകിരിയിലെയും ചകിരിച്ചോറിലെയും ലിഗിനിന്‍ ഉരുകി കയര്‍ വുഡ്ഡ് രൂപംകൊള്ളും. എന്‍സിഎംആര്‍ഐയുടെ മേല്‍നോട്ടത്തില്‍ ഇതിന് അനുയോജ്യമായ പ്രസ്സ് ബാംഗ്ലൂരില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

ഈ സാങ്കേതികവിദ്യ ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റിയാണ് വികസിപ്പിച്ചെടുത്തത്. നമ്മുടെ ഈ പരീക്ഷണം വിജയിച്ചാല്‍ വലിയ തോതിലുള്ള ഉല്‍പ്പാദനത്തിനുള്ള ഫാക്ടറി ഉടനെ സ്ഥാപിക്കും. കേരളത്തിലെ പ്ലൈവുഡ് ഉല്‍പ്പാദനക കമ്പനികള്‍ക്കും മറ്റും ഈ സാങ്കേതികവിദ്യ കൈമാറാനും സര്‍ക്കാര്‍ തയ്യാറാണ്. കേരളത്തില്‍ 500 കോടി തൊണ്ട് ഉണ്ട്. കയറിന് പച്ചത്തൊണ്ട് വേണം. ഈ വര്‍ഷം നടപ്പുവര്‍ഷത്തില്‍ നമുക്ക് 40 കോടി തൊണ്ട് മതിയാകും.

100 കോടി തൊണ്ട് ഉണ്ടെങ്കില്‍ കയറിന്റെ പ്രതാപകാലത്തിലേയ്ക്ക് തിരിച്ചുപോകാം. ബാക്കി നാട്ടിന്‍പുറത്തുമെല്ലാം കിടക്കുന്ന ഉണക്കത്തൊണ്ട് ഉപയോഗപ്പെടുത്തി കയര്‍കൊണ്ട് ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് നമ്മുടെ നാളികേര കൃഷിക്കാര്‍ക്കും വലിയ താങ്ങായി മാറും. ഫോംമാറ്റിംഗിസിന്റെ കണിച്ചുകുളങ്ങരയിലെ ഫാക്ടറിയില്‍ ഒരു നിശബ്ദവിപ്ലവത്തിനു തുടക്കം കുറിക്കുകയാണ്.'