modi-rahul

തിരുവനന്തപുരം: നരേന്ദ്രമോദിയെ തുറന്നെതിർക്കാൻ കഴിവുള‌ള ഏക നേതാവ് രാഹുൽഗാന്ധിയാണ്. എന്നാൽ രാഹുലിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന പ്രസിദ്ധ എഴുത്തുകാരി അരുന്ധതി റോയിയുടെ അഭിപ്രായം ഓർമ്മിപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. ഫേസ്‌ബുക്കിൽ കുറിച്ച ലേഖനത്തിലാണ് മണക്കാട് സുരേഷ് രാജ്യത്ത് കേന്ദ്ര നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് വേണ്ടിയുള‌ള പ്രക്ഷോഭത്തിലും ഉത്തർ പ്രദേശിലെ ഹത്രാസിൽ പെൺകുട്ടിക്ക് വേണ്ടി രാഹുൽഗാന്ധി നടത്തിയ പോരാട്ടവും പരാമർശിച്ചത്.

മണക്കാട് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ

അരുന്ധതി റോയിയിൽ നിന്നും ഹത്രാസിലേക്കുള്ള ദൂരം... ജൂൺ -7-2020 ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞത് ഇപ്രകാരമായിരുന്നു. "നരേന്ദ്രമോദിയെ തുറന്നെതിര്‍ക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാണ് എന്നാല്‍ രാഹുലിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല.'' സ്‌റ്റോപ് ദ വാര്‍ കൊളിഷന്‍ സംഘടിപ്പിച്ച കൊറോണ വൈറസ്, വാര്‍ ആന്‍ഡ് എംപയര്‍ എന്ന വെബിനാറില്‍ യു കെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബന്‍, പ്രമുഖ ചിന്തകന്‍ താരിഖ് അലി എന്നിവരോട് സംവദിക്കുകയായിരുന്നു അരുന്ധതി റോയ്. കൂടാതെ ചില നഗ്നസത്യങ്ങളും അവർ ഈ പരിപാടിയിൽ പങ്കുവയ്ച്ചു."രാജ്യത്ത് കൂട്ടപ്പലായനമുണ്ടായത് ജനങ്ങള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാന്‍ നിര്‍ബന്ധിതമാകുകയായിരുന്നതുകൊണ്ടായിരുന്നു. സര്‍ക്കാര്‍ പോയവർഷങ്ങളിൽ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. അവര്‍ ദേശീയ വിഭവങ്ങളെ സ്വകാര്യവത്കരിച്ചു, വിദ്യാഭ്യാസം പൊതുജനാരോഗ്യമടക്കം. ദളിതുകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു, കൊന്നൊടുക്കപ്പെടുന്നു. സമൂഹത്തിലെ താഴേക്കിടയില്‍ ഉള്ളവര്‍ പൊതുധാരയിൽ നിന്ന് പുറത്തായി. ഒരുപാട് ആളുകള്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമല്ല.GDP തകർന്നു തരിപ്പണമായി. സാമ്പത്തിക ബുദ്ധിമുട്ടുകളെ മറയ്ക്കാനായി സര്‍ക്കാര്‍ സാഹചര്യങ്ങളെ മാറ്റുകയാണ്. ഹിന്ദു ദേശീയ വാദികളെ വച്ച് മുസ്‌ലിം ദളിത് വിരുദ്ധ ആക്രോശങ്ങള്‍ നടത്തുന്നു. സർക്കാർ വിദ്വേഷം വില്‍ക്കുകയാണ്. മാദ്ധ്യമങ്ങളിലൂടെയും ശക്തരായ മദ്ധ്യവര്‍ഗത്തിലൂടെയും മോദിക്ക് എന്തും വില്‍ക്കാന്‍ കഴിയും. കഷണ്ടിയുള്ള ഒരാള്‍ക്ക് ചീപ്പ് വില്‍ക്കാന്‍ പോലും മോദിക്കു കഴിയുമെന്ന് അരുന്ധതി റോയി എടുത്ത് പറഞ്ഞിരുന്നു. ''അവിടെ പ്രതിപക്ഷമില്ലേ??" എന്ന താരിഖ് അലിയുടെ ചോദ്യത്തിന് ‘മോദിയെ തുറന്നെതിര്‍ക്കുന്ന ഒരാള്‍ ''രാഹുല്‍ഗാന്ധി" മാത്രമാണെന്നും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നും എന്നാലും അദ്ദേഹം അതു ചെയ്യുന്നുവെന്നും മറ്റെല്ലാവരും, അവര്‍ സംസ്ഥാന പാര്‍ട്ടിയാണെങ്കിലും സമ്പൂര്‍ണ്ണ സംഭ്രമത്തിലാണെന്നും റോയ് മറുപടി പറഞ്ഞു. എന്തു കൊണ്ടാണ് എന്നറിയില്ല കേസുകള്‍ കാണിച്ച് പ്രതിപക്ഷ പാർട്ടികളെ നിശ്ശബ്ദമാക്കുകയാണെന്നും കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തിരിക്കുന്നു.രാഷ്ട്രീയക്കാർ,ബ്യൂറോക്രാറ്റ്കൾ, വ്യവസായികൾ എന്ന വ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാവരിലും ഒരു ഭയമുണ്ടെന്നും അവര്‍ വായ തുറന്നാല്‍ ആക്രമിക്കപ്പെടുന്നുവെന്നും. ട്രോള്‍ ചെയ്യപ്പെടുന്നുവെന്നും കൂടി റോയ് താരിഖ് അലിയോട് പറയുകയുണ്ടായി. ഈ പറഞ്ഞ സത്യങ്ങൾക്ക് മാറ്റങ്ങളുണ്ടാകാൻ തുടങ്ങുന്നില്ലേയിപ്പോൾ? രാഹുൽ ഗാന്ധിയുടെ ഒറ്റപ്പെട്ട ശബ്ദത്തിന് മാറ്റൊലിയുണ്ടാകുന്നു ഇപ്പോൾ! അത് ജനം എറ്റെടുക്കുന്ന കാഴ്ച്ച നാം കാണുന്നു. ഹത്രാസിൽ പ്രതിധ്വനിച്ച ആ ശബ്ദത്തിന്റെ മാറ്റൊലി ദിനംപ്രതി അലയടിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ച നമ്മൾ കാണുന്നു. മാധ്യമങ്ങൾ രാഹുലിന് വേണ്ടി എഴുതി തുടങ്ങുന്നു, വിഷ്വൽ മീഡിയ സംപ്രേക്ഷണങ്ങൾ ചെയ്തുതുടങ്ങുന്നു. കർഷക മനസ്സുകൾ ഇൻഡ്യയൊട്ടുക്കും രാഹുലിനെയും കോൺഗ്രസ്സിനെയും കാതോർക്കുന്നു. അതേ ഇത് മാറ്റം തന്നെയാണ്! അരുന്ധതി റോയ് പറഞ്ഞ സകല കാര്യങ്ങൾക്കും മാറ്റം പെട്ടെന്നൊരുദിനം വന്നു ചേർന്നിരിക്കുന്നു. അതെ ഇത് രണ്ടാം വരവാണ് രാഹുൽ ഗാന്ധിക്ക്. കോൺഗ്രസ്സിനാകട്ടെ ധർമ്മസംസ്ഥാപനാർത്ഥം മുമ്പ് നിരവധി തവണ അവതരിക്കേണ്ടി വന്നതു പോലെ ഒരു പുതിയ അവതരിക്കൽ എന്നു പറയാം ഈ ഉയിർത്തെഴുന്നേൽപ്പിനെ. ഈ രണ്ടാം വരവിൽ രാഹുൽ ഒറ്റയ്ക്കല്ല. അഭിവന്ദ്യനും ആദരണീയനുമായ ശ്രീ AK ആൻ്റണി, സ്വന്തം സഹോദരിയും നേതാവുമായ പ്രിയങ്ക ഗാന്ധി അതുപോലെ പ്രിയപ്പെട്ട KC യും ഒപ്പമുണ്ട്. രാഹുൽ ഗാന്ധിക്ക് ഇടത്തും വലത്തുമായി തോളോട് തോൾചേർന്ന് ഇവർ നല്കുന്ന പുതിയ ഊർജ്ജം സമാനതകളില്ലാത്തതാണ്. ഒപ്പം ഈ പ്രസ്ഥനത്തിൻ്റെ മുഴുവൻ കർമ്മഭടന്മാരും രാജ്യമൊട്ടാകെ സടകുടെഞ്ഞെഴുന്നേൽക്കുന്നു. രാഹുലിന്റെ ഒന്നാം വരവ് 2004-ൽ UPയിൽ നിന്നായിരുന്നല്ലോ? 21 പാർലമെൻറ് സീറ്റ് പിടിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായ UP യിൽ അരങ്ങേറ്റം കുറിച്ച രാഹുൽ വീണ്ടും അതേ UP യിൽ നിന്നു തന്നെ തന്റെ രണ്ടാം വരവിന്റെ അരങ്ങേറ്റവും കുറിച്ചിരിക്കുന്നു. മനീഷി വാല്മീകി ഒരു ഒറ്റപ്പെട്ട സംഭവമല്ല. UPയിലെ ഒരോ പ്രഭാതവും നിരവധി ദളിത് പീഡനങ്ങളുടെ കഥ ലോകത്തോട് പറയുന്നു.ഇൻഡ്യയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ എറ്റവും കൂടുതൽ പീഡീക്കപ്പെട്ടുന്ന UP യിൽ എന്തുകൊണ്ട് വീണ്ടും ഒരു മനീഷി ശ്രദ്ധിക്കപ്പെട്ടു? അല്പമെങ്കിലും മാധ്യമ ശ്രദ്ധയും ഡൽഹിയിലെ ചികിത്സയുമാണ് ഈ സംഭവത്തിന് വൻവാർത്താപ്രാധാന്യം നല്കിയതെന്ന് നമുക്കറിയാം.എന്നാൽ ഈ സംഭവത്തെ മറയ്ക്കാൻ സർക്കാർ ചെയ്തശ്രമങ്ങൾ, പോലീസ് ചെയ്ത ശ്രമങ്ങൾ ഇവയെ പൊളിച്ചടുക്കുക എന്നതായിരുന്നല്ലോ രാഹുൽ ഗാന്ധി ചെയ്തത്. രാഹുൽ ഗാന്ധിയുടെ ആദ്യ ശ്രമത്തെ തള്ളിമറിച്ചാൽ തീരുന്നതാണ് നെഹ്റു പാരമ്പര്യ വീര്യം എന്ന യോഗി ആദിത്യനാഥിന്റെ കണക്കൂട്ടലിന്റെ കരണത്തിനേറ്റ പ്രഹരമായിരുന്നല്ലോ രണ്ടാം ശ്രമം. തന്ത്രശാലിയായ തന്റെ സഹചരൻ ശ്രീ KC വേണുഗോപാൽ തീർത്ത പത്മവ്യൂഹത്തിൽപ്പെട്ട് വട്ടം കറങ്ങിയ UP പോലിസിന് നാണംകെട്ട് പിൻമാറേണ്ടിവന്നത് ലോകം ലൈവായി കണ്ടില്ലേ? UP യിലെ ജാതിരാഷ്ട്രീയ കളരിയിൽ കോൺഗ്രസ്സിന്റെ സെക്കുലർ പൊളിക്ടിസിന് എന്ത് പ്രസക്തി എന്നു കണക്കു കൂട്ടിയവർ അടിത്തട്ടിൽ ഒരു നിശബ്ദ വിപ്ലവം കുറച്ചു നാളുകളായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. നോയിഡ ടോൾ പ്ലാസ സംഭവങ്ങൾ ആമയുടെയും മുയലിന്റെയും ഓട്ടമത്സരത്തിന്റെ കഥ നമ്മേ ഓർമ്മിപ്പിച്ചുവെങ്കിൽ നന്ദി പറയേണ്ടത് UP യിലെ ജാതിരാഷ്ട്രീയത്തിനോടാണ്. Sp യും BSp യും ഈ കളിയിൽ വെറും കാഴ്ച്ചക്കാരായില്ലേ? അവർക്ക് ഗാലറിയിൽ പോലും ഇടം കിട്ടിയില്ല കാരണം അവിടെ മുഴുവൻ കോൺഗ്രസ്സ് അനുഭാവികളായിരുന്നു. അതിനാൽ മായാവതിക്കും അഖിലേഷിനും വാതിൽപ്പടിയിൽ നിന്ന് എത്തിനോക്കേണ്ടി വന്നു. ജാതിരാഷ്ട്രീയ കോമരങ്ങളുടെ ചങ്കൂറ്റമില്ലായ്മയും രാഹുലിന്റെ ചങ്കൂറപ്പിനെയും തുലനം ചെയ്യുന്ന ഇന്നത്തെ UP രാഷ്ട്രീയത്തിൽ ഇനി Sp ക്കും BSp ക്കും എന്ത് പ്രസക്തി? ഇത്തരം വിഴുപ്പ് ഭാണ്ഡങ്ങൾ ചുമക്കാൻ ജനം ഇനി തയ്യാറാകില്ല. UP പോലീസ് തന്നിഷ്ടപ്രകാരം ശവശരീരം കത്തിച്ചു. ഹത്രാസ് ജോയിന്റ് മജിസ്ട്രേറ്റ് ഗുണ്ടയെപ്പോലെ പെരുമാറി. പ്രിയങ്ക ഗാന്ധിക്ക് നേരെ കൈ വയ്ക്കാൻ പോലും യോഗിയുടെ പോലീസ് തയ്യാറായി.ഇൻഡ്യയുടെ മതേതര മനസ്സാക്ഷി രാഷ്ട്രീയ ഭേദമന്യേ രാഹുലിനും പ്രിയങ്കയ്ക്കും നേർക്കുള്ള കൈയ്യേറ്റത്തെ അപലപിച്ചു മുന്നോട്ടുവന്നതും രാഹുൽ ഗാന്ധിയുടെ ചടുല നീക്കങ്ങളെ ശ്ലാഖിച്ചതും ഇക്കൂട്ടർക്ക് വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു.പ്രത്യേകിച്ച് ഇടതുപാർട്ടികളായ CPM ,CPI ,ഇവർ ആണവകരാറിന്റെ പേരിൽ UPA വിട്ടവരാണ്. കാലക്രമത്തിൽ തകർന്ന ഇന്നത്തെ ജനധിപത്യത്തെക്കുറിച്ചും ഫാസിസത്തെക്കുറിച്ചും വൈകി അവർക്ക് വന്ന ഈ വിവേകത്തിന് കാരണം രാഹുൽ ഗാന്ധിയുടെ തകർപ്പൻ പ്രകടനവും കോൺഗ്രസ്സിന്റെ ആത്മബലത്തിനെക്കുറിച്ചുള്ള വിശ്വാസവുമാണ്. കേന്ദ്ര ഏജൻസികളെ വച്ച് എത്ര കാലം മോദി രാഷ്ട്രീയം കളിക്കും? ഗ്രഹണത്തിന് ഒരു സമയമുണ്ട് അതു കഴിഞ്ഞാൽ സത്യത്തിന് പുറത്തുവന്നേ മതിയാകു. BJP യിലും അന്ത:ഛിദ്രത്തിന് തുടക്കമിടാൻ ഹത്രാസിനായി.കോവിഡ് കിടക്കയിൽ കിടന്ന് പോലും BJP യുടെ തീപ്പൊരി നേതാവ് ഉമാഭാരതി യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ചു. ഉൾപാർട്ടി പോരിനെ പുറത്തു കാണിക്കാൻ യോഗിയുടെ ചില തുടർ നടപടികൾക്കുമായി. ഗതികെട്ട കേന്ദ്ര നേതൃത്വത്തിന് CBI അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നത് ടീം രാഹുൽ ഗാന്ധിയുടെ വിജയമാണ്. തോറ്റ യോഗിയാകട്ടെ തനിക്കെതിരെ അന്താരാഷ്ട്ര ഗൂഡാലോചന നടക്കുന്നുവെന്ന് പറഞ്ഞ് വിലപിക്കുന്നു. സോഷ്യൽ മീഡിയ യൂസേഴ്സിനെതിരെ കള്ളക്കേസുകൾ എടുക്കുന്നു. നിരപരാധാകളെ ജയിലിലടയ്ക്കുന്നു.. എത്രകാലം? ഇൻഡ്യയുടെ കർഷക മനസ്സുകൾ ഇന്ന് ആർക്കൊപ്പമായി?അനുഭവ പാഠത്തെക്കാൾ മറ്റൊന്നുമില്ല വലുതായി. വിദർഭയിലെ കർഷകരുടെ കണ്ണീരൊപ്പാൻ 2014ൽ അധികാരത്തിൽ വന്ന മോദിയുടെ കർഷക ക്ഷേമ നടപടികൾ കഴിഞ്ഞ ആറു വർഷമായി ഭാരതമാകെ പ്രതിഷേധമായി അണപൊട്ടിയൊഴുകയാണല്ലോ! പഞ്ചവത്സര പദ്ധതികൾ, ഹരിത വിപ്ലവം, ധവളവിപ്ലവം ഇവയുടെ പ്രാധാന്യങ്ങൾ കാവികൊണ്ട് മറച്ചാൽ ഇൻഡ്യാ ചരിത്രത്തിൽ നിന്ന് മറച്ചുവയ്ക്കാൻ BJP ക്ക് ആകുമോ? മോദിക്കാകുമോ? രാജ്യത്തെ വിമാനത്താവളങ്ങൾ, ഖനികൾ, കടൽ തീരങ്ങൾ, തുറമുഖങ്ങൾ ഇവയെല്ലാം കോർപ്പറേറ്റ്കൾക്ക് നൽകിയിട്ട് ഇപ്പോ കർക്ഷകരുടെ കൃഷിഭൂമി കൂടി കോർപ്പറേറ്റുകൾക്ക് തീറെഴുതുവാൻ മോദി ബില്ലുമായി വന്നിരിക്കുന്നു. മുന്ന് കർഷകദ്രോഹ ബില്ലുകൾ കൊണ്ട് വന്ന് കർഷക ജീവിതങ്ങളെ പാടെ തകർക്കാമെന്ന മോദിയുടെ ശ്രമങ്ങൾക്കെതിരെ കർഷകർ ദേശീയാടിസ്ഥാനത്തിൽ ഒരുമിക്കുന്നു. അവർ കോൺഗ്രസ്സിനെയും രാഹുലിനെയും ഉറ്റുനോക്കുന്നു. നോട്ടു പിൻവലിച്ചപ്പോൾ 50 ദിവസം ആവശ്യപ്പെട്ട മോദിയെ ജനം വിശ്വസിച്ചു.പിന്നീട് എന്തായി? GST കോമ്പൻസേക്ഷന് 5 വർഷമാവശ്യപ്പെട്ടു. എന്നിട്ടെന്തായി? കൊടുത്തോ? കൊറോണയ്ക്ക് വേണ്ടി 21 ദിവസം ചോദിച്ചു. എന്നിട്ടെന്തായി? 50 രുപയുടെ പെട്രോളും അക്കൗണ്ടിലെ 15 ലക്ഷവും ഉത്തരത്തിൽ തൂങ്ങിയാടുന്ന ഉറിയിലെ ഒരിക്കലും കിട്ടാത്ത അപ്പങ്ങളായില്ലേ? ഇനി കർഷക ബില്ലുകൾ കൂടി വിശ്വസിച്ചു തരണമെന്നോ?? സ്വന്തം ജീവിതം, ഭൂമി ഇവ വച്ചൊരു കളിക്ക് നിന്നു തരാൻ എത്ര കടുത്ത വർഗ്ഗീയ വാദികളായാലും ബോധമുള്ളവർ നിന്നു തരില്ല.. പഞ്ചാബിൽ നിന്നും തുടങ്ങുന്ന കർഷക മോചന കാഹളം ഇൻഡ്യയൊട്ടുക്കു പടന്നു കയറുക തന്നെ ചെയ്യും. ഹരിയാനയുടെ അതിർത്തിയിൽ എന്നല്ല UP യിൽ തടഞ്ഞാൽപ്പോലും ആ തടയണകളെ തകർത്ത് എറിയാനുള്ള സർഗശേഷി ഈ മഹാപ്രസ്ഥാനത്തിനുണ്ടെന്ന് BJP യും NDA യും ഓർക്കുന്നത് നന്ന്. ആസേതുഹിമാചലം ഒറ്റക്കെട്ടായി കർക്ഷകർക്ക് വേണ്ടി നിലയുറപ്പിക്കും.പാറിപ്പറക്കുന്ന കൊടികളുടെ നിറങ്ങൾക്കിടയിൽ കാവിനിറമുണ്ടായിരിക്കില്ലെന്നു മാത്രം. ദേശീയ രാഷ്ട്രീയം മാറാൻ തുടങ്ങുന്നു. മാറ്റങ്ങൾ വളരെപ്പെട്ടെന്ന് പ്രകടമാകുന്നു. മോദിക്ക് കൈയ്യിൽ ഇനി മാജിക്കുകൾ ബാക്കിയില്ല. തകർന്ന GDP ഉടച്ച ഖജനാവിൽ നിന്നും ഇനി പുതിയ മാജിക്ക് ഐറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുമില്ല.GST കോമ്പൻസേഷൻ തിരികെ സംസ്ഥാനങ്ങൾക്ക് നൽകാൻ പാടുപെടുന്ന, ഒരിക്കലും കഴിയാത്ത NDA സർക്കാരിന് ഇനി കോടികൾ വാരിയെറിഞ്ഞ് ചാക്കിട്ടു പിടിക്കാനും കുതിര കച്ചവടത്തിനും കഴിയില്ല. GST കുടിശ്ശിക കണിശമായി ആവശ്യപ്പെടുന്ന BJP ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും മോദി ഷാ അച്ചുതണ്ടു ശക്തികളെ അവഗണിച്ചു തുടങ്ങിയിരിക്കുന്നു. ദേശീയ രാഷ്ട്രീയം പതിയെ കോൺഗ്രസ്സ് ശബ്ദങ്ങക്ക് കാതോർത്തു തുടങ്ങിയിരിക്കുന്നു. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും പൊതുമണ്ഡലത്തെ ഉണർത്തിതുടങ്ങിയിരിക്കുന്നു.1996-ൽ 1998-ൽ 1999-ൽ തുടരെ തുടരെ അധികാരത്തിൽ നിന്നും പുറത്തായ കോൺഗ്രസ്സ് 2004-ൽ അധികാരത്തിൽ വന്നത് വീണ്ടുമൊരു പത്തു വർഷം ഇൻഡ്യ ഭരിക്കാനായിരുന്നല്ലേ? 2014-ൽ അധികാരത്തിൽ നിന്നും പുറത്തു പോയ കോൺഗ്രസ്സ് അതിന്റെ അസാന്നിധ്യം കൊണ്ട് വീണ്ടും ശ്രദ്ധേയമാകുന്നു.. ജനം കോൺഗ്രസ്സ് ഭരണകാലത്തെ അയവിറക്കുന്നു.. ആ നല്ല ദിനങ്ങൾക്കായി മുന്നോട്ട് വരാൻ ജനം ആഗ്രഹിക്കുന്നു.. ജനം വിലപിക്കുന്നു. കർഷകർ കണ്ണീർ വാർക്കുന്നു. ദളിത് മക്കൾ തങ്ങളുടെ രക്ഷകനെ തേടുന്നു... ONV കുറുപ്പിന്റെ പ്രശസ്ത കവിത കൃഷ്ണപക്ഷത്തിലെ പാട്ടിലെ കണ്ണനെ തിരയുന്ന കണ്ണൻ വീണ്ടും വരാൻ ആഗ്രഹിക്കുന്ന മാനസികാവസ്ഥയുടെ അർത്ഥതലങ്ങളിലൂടെ ഒരു ശയനപ്രദക്ഷിണം, അതാണീ വർത്തമാനകാലമുണർത്തുന്ന ചിന്തകൾ.. അരുദ്ധതീ റോയിയിൽ നിന്നും ഹത്രാസിലേക്കും അതുവഴി ഇന്ദ്രപ്രസ്ഥത്തിലേക്കുമുള്ള ദൂരം കുറഞ്ഞു തുടങ്ങുന്നു.. മണക്കാട് സുരേഷ് KPCC ജനറൽ സെക്രട്ടറി.