emmanuelle-charpentier

സ്റ്റോക്ക്ഹോം: ജനിതകവും അല്ലാത്തതുമായ പല രോഗങ്ങൾ ചികിത്സിക്കാനും കാർഷിക വിപ്ലവമുണ്ടാക്കാനും കഴിയുംവിധം ജീനോം എഡിറ്റിംഗിന് സഹായിക്കുന്ന ശാസ്ത്ര സങ്കേതം കണ്ടെത്തിയതിന് ഇമ്മാനുവൽ ഷാർപെന്റിയേ, ജനിഫർ എ.ഡൗഡ്ന എന്നീ വനിതാ ശാസ്‌ത്രജ്ഞർ രസതന്ത്ര നോബൽ പുരസ്കാരം നേടി. ആദ്യമായാണ് വനിതകൾ മാത്രമായി ഒരു നോബൽ പുരസ്‌കാരം നേടുന്നത്. ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഫ്രാൻസ് സ്വദേശിയായ ഇമ്മാനുവൽ ഷാർപെന്റിയേ (51)​. അമേരിക്കൻ ബയോകെമിസ്റ്റും കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയുമാണ് ജനിഫർ ഡൗഡ്‌ന ( 56 ). സമ്മാനത്തുകയായ 8.2കോടി രൂപ ഇരുവരും പങ്കിടും.ജീവജാലങ്ങളുടെ ജനിതക ജാതകം തിരുത്തി കോശത്തിലെ ഡി.എൻ.എയുടെ അടിസ്ഥാന സ്വഭാവം എഡിറ്റിംഗിലൂടെ മാറ്റി മറ്റൊരു സ്വഭാവം തുന്നിച്ചേർക്കാൻ കഴിയും. ഇതിനായി CRISPR - Cas 9 എന്ന സങ്കേതം വികസിപ്പിച്ചതിനാണ് പുരസ്കാരം.ജനിറ്റിക് എൻജിനിയറിംഗിനുള്ള ലളിതവും ശക്തവുമായ സങ്കേതമാണ് Crispr - Cas 9 എന്ന 'ജനിറ്റിക് കത്രിക'.

നേട്ടങ്ങൾ

ഡി. എൻ. എയിൽ സൂക്ഷ്മമായ മാറ്റങ്ങൾ അതീവ കൃത്യതയോടെ വരുത്താം.

ഡി.എൻ.എയുടെ സ്വഭാവം എഡിറ്റ് ചെയ്‌ത് മാറ്റി ജനിതക വൈകല്യങ്ങൾ പരിഹരിക്കാം.

രോഗങ്ങൾക്ക് ചികിത്സാ പദ്ധതികൾ കണ്ടെത്താം.

പല രോഗങ്ങളും വ്യാപിക്കുന്നത് തടയാം.

കാ‌ർഷിക വിളകൾ മെച്ചപ്പെടുത്താം.

കണ്ടെത്തൽ ഇങ്ങനെ

മനുഷ്യരിൽ രോഗമുണ്ടാക്കുന്ന സ്ട്രെപ്റ്റോകോക്കസ് പയോജീനസ് എന്ന ബാക്ടീരിയയിലെ ഗവേഷണമാണ് ഇമ്മാനുവൽ ഷാർപെന്റിയേ എന്ന ശാസ്‌ത്രജ്ഞയെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ഗവേഷണത്തിനിടെ അതുവരെ അജ്ഞാതമായിരുന്ന ഒരു ആർ.എൻ.എ തന്മാത്ര (tracr RNA) കണ്ടെത്തി. അത് പ്രതിരോധ വ്യവസ്ഥയുടെ ഭാഗമാണെന്നും വ്യക്തമായി. ഈ തന്മാത്ര ഒരു കത്രികയെ പോലെ വൈറസുകളുടെ ഡി.എൻ.എയെ പിളർത്തി അവയെ നിർവീര്യമാക്കുന്നതായും കണ്ടെത്തി. 2011ൽ ജനിഫർ ഡൗഡ്നയോടൊപ്പം ചേർന്ന് ഗവേഷണങ്ങൾ തു‌ടർന്നു. ബാക്ടീരിയയുടെ 'ജനിറ്റിക്

കത്രിക' ടെസ്റ്റ് ട്യൂബിൽ പുനഃസൃഷ്‌ടിച്ചു. പിന്നീട് അതിനെ ഡി.എൻ.എയെ എഡിറ്റ് ചെയ്യാനായി പരിഷ്‌കരിച്ചു. കാസ് - 9 എന്ന പ്രോട്ടീൻ ആണ് എഡിറ്റിംഗിന് ഉപയോഗിക്കുന്നത്.

'മനുഷ്യർ,​ മൃഗങ്ങൾ, ചെടികൾ, സൂഷ്‌മജീവികൾ എന്നിവയുടെ ഡി.എൻ.എയിൽ അതീവ കൃത്യതയോടെ മാറ്റം വരുത്താനാകും. ഇതൊരു വിപ്ലവകരമായ കണ്ടുപിടിത്തമാണ്.'

-- സ്വീഡിഷ് അക്കാഡമി ഒഫ് സയൻസ്