pinarayi-vijayan-

തിരുവനന്തപുരം : കൊവിഡ് വ്യാപനം കേരളത്തിൽ ദിവസം കഴിയുന്തോറും കൂടുന്ന അവസ്ഥയിലാണ് ഇപ്പോൾ. തുടക്കത്തിൽ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച കേരളത്തെ അഭിനന്ദിച്ചുകൊണ്ട് വിദേശ മാദ്ധ്യമങ്ങളിലടക്കം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതോടെ പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടായ ചില വീഴ്ചകളും മുഴച്ച് നിൽക്കുകയാണ്. കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുമ്പോഴും ആശ്വാസകരമാവുന്നത് മരണനിരക്കിലെ കുറവാണ്. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കിയാൽ ആരോഗ്യ സംവിധാനം ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന കേരളത്തിന് കൊവിഡിനെ പ്രതിരോധിക്കാനായെന്ന് മനസിലാക്കാം. കേരളത്തിൽ മരണനിരക്ക് 0.36 ശതമാനം മാത്രമാണ്.

കേരളത്തിൽ മരണനിരക്ക് കുറയാനുള്ള പ്രധാന കാരണം വൈറസിന്റെ മാരകശേഷി കുറഞ്ഞതിനാലാണെന്നാണ് പ്രശസ്ത വൈറോളജിസ്റ്റും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ക്ലിനിക്കൽ വൈറോളജി വിഭാഗം മുൻ മേധാവിയുമായ ഡോ ടി ജേക്കബ് ജോൺ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഓരോ 10 ദിവസം കഴിയുമ്പോഴും വൈറസിനു ജനിതകമാറ്റം വരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, 30 മുതൽ 40 തലമുറ ആയപ്പോഴേക്കും അവയുടെ മാരക സ്വഭാവം കുറഞ്ഞുവന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതോടൊപ്പം മാസ്‌ക് ശരിയായി ധരിക്കുന്നവരിൽ നടന്ന പരിശോധനയിൽ അവരുടെ ശരീരത്തിൽ കടന്നുകയറിയ വൈറസിന്റെ ശേഷിയും കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദിവസവും കൊവിഡ് വിവരങ്ങൾ പൊതുജനത്തിനോട് പങ്കുവയ്ക്കാനായി മാസങ്ങളായി തുടർച്ചയായി കേരള മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തെയും ഡോ ടി ജേക്കബ് ജോൺ പ്രശംസിക്കുന്നു. സർക്കാർ നൽകിയ വ്യാപക ബോധവൽക്കരണം ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുവാൻ സഹായിച്ചു. ഇതോടൊപ്പം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നതിനും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തടയിട്ടുവെന്നും ഡോക്ടർ അഭിപ്രായപ്പെടുന്നു.