
ജനീവ: കൊവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന് സ്ഥിരീകരിച്ച് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രിവൻഷൻ. ഇത് രണ്ടാം തവണയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി സി.ഡി.സി എത്തുന്നത്. വായുവിലൂടെ പകരുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങളും വ്യാജവാർത്തകളും ധാരാളം വന്നതിനാലാണ് തങ്ങൾ വീണ്ടും വിശദമായ പരിശോധന നടത്തി ഉറപ്പുവരുത്തിയതെന്നും സി.ഡി.സി പറയുന്നു. കൊവിഡ് ബാധിതനായ ആളിൽ നിന്ന് ആറടിയിൽ കൂടുതൽ അകലം പാലിച്ചാലും വായുവിൽ തങ്ങി നിൽക്കുന്ന വൈറസ് അടുത്ത ആളിലേക്ക് എത്തുമെന്നാണ് സി.ഡി.സി പറയുന്നത്. പുക പോലെ വായുവിൽ ലയിക്കുന്ന വൈറസ് തങ്ങി നിൽക്കുന്നതോടെ ഗാഢത വർദ്ധിക്കുന്നത് പകരാനുള്ള ശേഷി കൂട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 3,60,97,083 ആയി. ഇതുവരെ 10,55,639 പേർ മരിച്ചു. 2,71,78,508 പേർ രോഗവിമുക്തരായി. വേൾഡ് ഒ മീറ്റർ പ്രകാരമുള്ള വിവരങ്ങളാണിത്. അമേരിക്ക, ഇന്ത്യ, റഷ്യ, ബ്രസീൽ രാജ്യങ്ങളിൽ കൊവിഡ് വ്യാപനവും മരണവും അതീവ രൂക്ഷമായി തുടരുന്നു. കൊളംബിയ, പെറു, മെക്സിക്കോ, അർജന്റീന, സ്പെയിൻ എന്നിവിടങ്ങളിലും സ്ഥിതി മെച്ചമല്ല.
അതേസമയം, ഈ വർഷം അവസാനത്തോടെ പ്രതിരോധ വാക്‌സിൻ തയാറാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് രണ്ടുദിവസം നീണ്ടുനിന്ന ഡബ്ല്യൂ.എച്ച്.ഒ എക്‌സിക്യുട്ടീവ് യോഗത്തിൽ പറഞ്ഞിരുന്നു. ഒമ്പതോളം വാക്‌സിനുകളുടെ വികസന-പരീക്ഷണ പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി ഡോസുകൾ വിതരണം ചെയ്യാനാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്.