modi

ന്യൂഡൽഹി: രാഷ്ട്രീയ ജീവിതത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രേമോദി. ജനാധിപത്യരീതിയിലൂടെ അധികാരത്തിലെത്തി ഇടവേളകളില്ലാതെ തുടർച്ചയായി ഇരുപതുവർഷം പൂർത്തിയാക്കുന്നു എന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. മൂന്നുതവണ ഗുജറാത്ത് മുഖ്യമന്ത്രി ആയശേഷമാണ് അദ്ദേഹം ഭാരതത്തിന്റെ അമരക്കാരനായെത്തിയത്.

2001 ഒക്ടോബർ ഏഴിനാണ് മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. പിന്നീട് 2002, 2007, 2012 വർഷങ്ങളിലും അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയെ ഉയർത്തിക്കാട്ടി മത്സരിച്ച ബി ജെ പി നേതൃത്വത്തിലുളള എൻ ഡി എ ചരിത്രവിജയം നേടിയതോടെയാണ് മോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ എതിരാളികളെ നിഷ്‌പ്രഭരാക്കി മൃഗീയ ഭൂരിപക്ഷം നേടി അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ തുടർന്നു. കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാനുളള നയങ്ങൾ ആവിഷ്കരിച്ചും സർജിക്കൽ സ്ട്രൈക്കിലൂടെ പാകിസ്ഥാന് മറുപടികൊടുത്തും അതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ച ചൈനയെ നിലയ്ക്കുനിറുത്തിയും അദ്ദേഹം ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യനാവുകയായിരുന്നു.

അധികാരത്തിൽ ഇരുപതുവർഷം പൂർത്തിയാക്കിയ വേളയിൽ മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള സർക്കാർ കരസ്ഥമാക്കിയ നേട്ടങ്ങൾ സൂചിപ്പിക്കുന്ന ചെറുലേഖനവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ​

'പ്രധാനമന്ത്രി പദത്തിന്റെ ആദ്യ അഞ്ചുവർഷം മോദിയുടെ നേതൃത്വത്തിലുളള സർക്കാരിന്റെ ലക്ഷ്യം ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയായിരുന്നു. എന്നാൽ 2019 മുതൽ 130 കോടി ഭാരതീയരുടെ അഭിലാഷങ്ങൾ നിറവേറ്റുക എന്നതായി ലക്ഷ്യം. ജമ്മു കാശ്മീർ പൂർണമായും ഇന്ത്യയുടെ ഭാഗമായി മാറി.ഒപ്പം ഭരണഘടനയുടെ 370-ാം അനുച്ഛേദം ചരിത്രമായി മാറുകയും ചെയ്തു. ശ്രീരാമന്റെ ജന്മസ്ഥലത്ത് രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. കാർഷിക പരിഷ്‌കാരങ്ങൾ യാഥാർത്ഥ്യമായതോടെ രാജ്യത്തെ കർഷകർ അവരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിരുന്ന ചങ്ങലകളിൽ നിന്ന് മോചിതരായി. തൊഴിൽ, കൽക്കരി മേഖലകളിലെ പരിഷ്‌കാരങ്ങൾ, ബഹിരാകാശരംഗത്ത് സ്വകാര്യ സംരംഭങ്ങളെ അനുവദിക്കൽ, നികുതി പരിഷ്‌കാരങ്ങൾ എന്നിവ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറയിട്ടു'-ലേഖനത്തിൽ പറയുന്നു.