
വാഷിംഗ്ടൺ: 32 വർഷങ്ങൾക്ക് മുമ്പാണ് അമേരിക്കൻ സിനിമ പ്രേക്ഷരുടെ പ്രിയ ബാലതാരം ജൂഡിത്ത് ബാർസിയും അമ്മ മരിയയും കൊല്ലപ്പെടുന്നത്. ഇപ്പോൾ, വീണ്ടും ജൂഡിത്ത് വാർത്തകളിൽ നിറയുകയാണ്. താൻ കൊല്ലപ്പെട്ട വീട്ടിനുള്ളിൽ ശാന്തി കിട്ടാതെ ഇപ്പോഴും ജൂഡിത്തിന്റെ ആത്മാവ് അലയുന്നുണ്ടത്രേ... ജൂഡിത്തും അമ്മയും കൊല്ലപ്പെട്ട് വർഷങ്ങൾക്ക് ശേഷമാണ് ബെർണൽ കുടുംബം ആ വീട്ടിലേക്ക് താമസിക്കാൻ എത്തുന്നത്. എന്നാൽ, ആ വീട്ടിൽ അവരെ കാത്തിരുന്നത് ഭയാനകമായ സംഭവങ്ങളായിരുന്നു. ഗ്യാരേജിന്റെ വാതിൽ തനിയെ തുറക്കുന്നു അടയുന്നു... വീട്ടിനുള്ളിൽ പലയിടങ്ങളിലും പ്രേതസാന്നിദ്ധ്യവും അവർക്ക് അനുഭവപ്പെട്ടു. ജൂഡിത്തിന്റെ മൃതദേഹം കണ്ടെത്തിയ അതേ മുറിയിൽ കിടന്നുറങ്ങിയിരുന്ന കുടുംബാംഗങ്ങളിൽ ഒരാൾ ദുഃസ്വപ്നം കാണുന്നതും പതിവായി. ഒടുവിൽ വീടിന് മാറ്റം വരുത്താനായി ഡിസൈനർമാരുടെ സഹായം ബെർണൽ കുടുംബം തേടി. കൂടാതെ ഡിറ്റക്ടീവുമാരും പാരനോർമൽ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ടവരും സഹായത്തിനെത്തി. ഡിസൈനർമാർ വീടിന് അടിമുടി മാറ്റം വരുത്തിയതോടെ പ്രശ്നങ്ങൾ അവസാനിച്ചെന്നാണ് ബെർണൽ കുടുംബം പറയുന്നത്. വീഡിയോ സ്ട്രീമിംഗ് സൈറ്റായ ക്വീബിയിൽ മൂന്ന് എപ്പിസോഡുകളിലായി വന്ന 'മർഡർ ഹൗസ് ഫ്ലിപ്പി'ലാണ് പേടിപ്പെടുത്തുന്ന ഈ സംഭവങ്ങൾ ബെർണൽ കുടുംബം പങ്കുവച്ചത്.
ചോര മണക്കുന്ന ജീവിതകഥ
മകളായ ജൂഡിത്തിനെയും ഭാര്യ മരിയയെയും മദ്യാസക്തിയിൽ വെടിവച്ചു കൊന്ന് വീടിന് തീയിട്ട ശേഷം ജോസഫ് ബാർസി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. 1978 ലാണ് ജൂഡിത്തിന്റെ ജനനം. ജൂഡിത്തിന് അഞ്ച് വയസുള്ളപ്പോൾ മുതൽ മരിയ അവളെ ഒരു നടിയാക്കാനായി പരിശ്രമിച്ചിരുന്നു. 70ലധികം പരസ്യ ചിത്രങ്ങളിലും ടിവി സീരിയലുകളിലും ജോസ്: ദി റിവഞ്ച് അടക്കമുള്ള സിനിമകളിലും ജൂഡിത്ത് അഭിനയിച്ചിട്ടുണ്ട്.