hataka

ടോക്കിയോ: വ്യത്യസ്തമായ പല ഉത്സവങ്ങളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. സ്പെയിനിലെ ടൊമോറ്റോ ഫെസ്റ്റിവൽ, ബെൽജിയത്തിലെ ചോക്കോ ഫെസ്റ്റിവൽ, തമിഴ്നാട്ടിലെ ജെല്ലിക്കട്ട് എന്നിവ അവയിൽ ചിലത് മാത്രം.

ജപ്പാനിലും ഒരു ഉത്സവമുണ്ട്- ഹഡാക മട്‌സൂരി. നല്ല പച്ച മലയാളത്തില്‍ പറഞ്ഞാൽ നഗ്‌ന ഉത്സവം. ജപ്പാനിലെ ഒക്കയാമ നഗരത്തിൽ നിന്ന് കുറച്ചകലെ പ്രശസ്തമായ സൈദൈജക കനോനിൽ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. പ്രവേശനം പുരുഷന്മാർക്ക് മാത്രമാണ്. പൂർണ നഗ്‌നരാകുന്നതിനു പകരം അടിവസ്ത്രമായ ഫൊണ്ടോഷിയും ടാബി എന്ന വെള്ള സോക്‌സുമാണ് ഇവർ ധരിക്കുന്നത്.

ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് ഈ ഉത്സവം നടക്കുന്നത്. ഉത്സവദിവസം പുലർച്ചെ ക്ഷേത്രത്തിനടുത്തുള്ള കുളത്തിൽ കുളിച്ച് മേൽപ്പറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് അമ്പലം വലം വയ്ക്കണം. രാത്രിയിലാണ് പ്രധാന ചടങ്ങ്.

പുരുഷന്മാർക്കിടയിലേക്ക് പൂജാരി കടന്നുവന്ന ശേഷം മരച്ചില്ലകൾ വലിച്ചെറിയും. ഈ പുരുഷന്മാർ ചില്ല പിടിച്ചെടുക്കണം. ചില്ല കിട്ടുന്നവർ ഭാഗ്യവാന്മാരാണെന്നും ആ വർഷം അവർക്ക് സർവ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നുമാണ് കണക്കുകൂട്ടൽ. എന്നാൽ, മരച്ചില്ല കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെ അടിപിടിയും നടക്കും. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യും. കൃഷിയിൽ നല്ല വിളവ് ലഭിക്കാനും സമ്പദ് സമൃദ്ധിക്കും വേണ്ടിയാണ് ഈ ഉത്സവം നടത്തുന്നത്. ജപ്പാൻകാർ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ ഉത്സവത്തിൽ പങ്കെടുക്കാറുണ്ട്.