
ഓസ്‌ട്രേലിയയിൽ അത്യപൂർവ്വമായൊരു എട്ടുകാലിയെ കണ്ടെത്തി. നീല നിറമുളള ഈ എട്ടുകാലിക്ക് എട്ടു കണ്ണുകളുണ്ട്. ചാടി നടക്കുന്ന ഈ ജമ്പിങ് എട്ടുകാലിയെ ഇതിനോടകം തന്നെ ഗവേഷണവിധേയമാക്കിയിട്ടുണ്ട്. ന്യൂ സൗത്ത് വെൽസിലെ പ്രകൃതി സ്‌നേഹിയായ അമണ്ട ഡി ജോർജാണ് ഈ അപൂർവ്വയിനം എട്ടുകാലിയെ കണ്ടെത്തിയത്. യാദൃശ്ചികമായാണ് വീടിന്റെ പിൻവശത്ത് ഈ എട്ടുകാലി ശ്രദ്ധയിൽപ്പെട്ടത്. 18 മാസം മുമ്പും ഈ എട്ടുകാലി ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും വീണ്ടും കണ്ടപ്പോൾ കൗതുകം തോന്നി ചിത്രങ്ങൾ പകർത്തുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം ഈ ചിത്രം ഇതിനോടകം വൻ ജനശ്രദ്ധ നേടിയിട്ടുണ്ട്. എട്ടുകാലി വിദഗ്ധരുടെ നിർദ്ദേശപ്രകാരം ആഴ്ചകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ഇതിനെ പിടിച്ച് കൂട്ടിലാക്കി. തുടർന്ന് വിദഗ്ധ പഠനത്തിനായി മെൽബണിലെ എട്ടുകാലി വിദഗ്ധനായ ഷുബർട്ടിന് കൈമാറി. മുമ്പ് ഇതിനെ കാണുമ്പോൾ ഇതൊരു അപൂർവ്വയിനം എട്ടുകാലി ആണെന്ന് കരുതിയിരുന്നില്ലെന്ന് അമണ്ട ഡി ജോർജ് പറയുന്നു. നീല നിറത്തിലുളള മുഖത്തോട് കൂടിയ എട്ടുകാലിക്ക് എട്ടു കണ്ണുകളാണ് ഉളളത്. സമാനമായ മറ്റൊരു എട്ടുകാലിയെയും പിടികൂടിയിട്ടുണ്ട്. ജമ്പിങ് എട്ടുകാലികൾ പരസ്പരം ഭക്ഷിക്കുമെന്നതിനാൽ രണ്ട് എട്ടുകാലിയെയും പ്രത്യേകം ബോക്‌സുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്.