pkkuruvila

കൊച്ചി: യുദ്ധവിമാനങ്ങളുടെ വമ്പൻനിര ഇന്ത്യൻ എയർഫോഴ്സിന്റെ ശ്രേണിയിലുണ്ടെങ്കിലും സുഖോയ്, റാഫേൽ, മിറാഷ്, ജാഗ്വാർ, മിഗ് 21 എന്നിവയാണ് കെങ്കേമന്മാർ. മൂവായിരം കിലോമീറ്ററിലേറെ പറന്ന് ശത്രുവിനെ ചെറുക്കാനും തുരത്താനും ദൗത്യങ്ങൾ പൂർത്തിയാക്കാനുമുള്ള കഴിവാണ് ഇവയുടെ മികവ്.

സുഖോയ് എസ്.യു 35 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേന കൂടുതൽ ഉപയോഗിക്കുന്നത്. ശത്രുവിനെ ആക്രമിക്കാനും ബോംബുകൾ വർഷിക്കാനും ഇതിനും കഴിയും.റാഫേൽ ഇന്ത്യൻ വ്യോമസേനയിലെ പുതുമുഖമാണ്. അഞ്ചെണ്ണം കഴിഞ്ഞമാസം ഇന്ത്യയിലെത്തി. മിസൈൽവരെ ഉപയോഗിക്കാൻ കഴിയുന്ന കരുത്തുറ്റ യുദ്ധവിമാനമാണിത്.മിറാഷ് ഒറ്റ എൻജിനുള്ള ഫൈറ്റർ വിമാനമാണ് .

അതേ സമയം ന്യൂക്ളിയർ ആയുധങ്ങൾ പ്രയോഗിക്കാൻ വരെ കഴിയുന്നതാണ് ജാഗ്വാർ വിമാനങ്ങൾ.

യുദ്ധമുഖങ്ങളിലാണെങ്കിലും ദൗത്യങ്ങളുടെ പ്രാധാന്യവും രീതിയും അനുസരിച്ചാണ് ഏതു വിമാനങ്ങളെ ഉപയോഗിക്കണമെന്ന് നിശ്ചയിക്കുന്നത്. മുമ്പ് രണ്ടുതരത്തിലാണ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചിരുന്നത്. ശത്രുവിന്റെ അക്രമങ്ങളെ ചെറുക്കാൻ ഒരുവിഭാഗം വിമാനങ്ങളെ ഉപയോഗിക്കും. ബോംബുകൾ വർഷിച്ച് ശത്രുവിനെ തകർക്കാൻ മറ്റു വിമാനങ്ങളും ഉപയോഗിക്കും. ആധുനികവിമാനങ്ങൾ രണ്ടുദൗത്യവും ഒരേപോലെ നിർവഹിക്കാൻ കഴിവുള്ളവയാണ്. ആയുധങ്ങൾ തന്ത്രപരമായി ദൗത്യത്തിനനുസരിച്ച് പ്രയോഗിക്കാൻ കഴിയും. പ്രധാന യുദ്ധവിമാനങ്ങൾക്ക് പുറമേ ഹെലികോപ്ടറുകൾ ഉൾപ്പെടെ വലിയൊരു ശ്രേണിയും സേനയ്ക്കുണ്ട്.

ശത്രുവിന്റെ ഏത് ആക്രമണത്തെയും നേരിടാൻ ഇന്ത്യൻ എയർഫോഴ്സ് സജ്ജമാണ്. ചൈനയോ പാകിസ്ഥാനോ രണ്ടു രാജ്യങ്ങളും ഒരേസമയത്തോ ആക്രമിച്ചാലും നേരിടാൻ കരുത്തും ബലവും നമുക്കുണ്ട്. മൂവായിരത്തിലേറെ കിലോമീറ്ററുകൾ തുടർച്ചയായി പറക്കാൻ കഴിയുന്ന യുദ്ധവിമാനങ്ങൾ നമ്മുടെ കരുത്താണ്.

എവിടെനിന്ന് ഏതുവിധത്തിലാണ് ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് വിലയിരുത്തി അനുയോജ്യമായ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ശത്രുവിനെ തകർക്കാനും തുരത്താനും ഇന്ത്യയ്ക്ക് കഴിയും. കരയിൽ നിന്നും വിമാനങ്ങളിൽനിന്നും തൊടുക്കാവുന്ന മിസൈലുകളും സേനയുടെ കരുത്താണ്.