
ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ട് മത്സരങ്ങൾ നടന്നത് ഷാർജ സ്റ്റേഡിയത്തിലായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ തകർപ്പൻ വിജയം നേടുകയും 200 റൺസിന് മേൽ സ്കോർ ചെയ്യുകയുമുണ്ടായി. എന്നാൽ ഷാർജവിട്ട് മറ്റ് വേദികളിലേക്ക് മാറിയതോടെ വിജയവും ടീമിനെ വിട്ടകന്നു.ഷാർജയ്ക്ക് പുറത്തുനടന്ന മൂന്ന് മത്സരങ്ങളിലും സഞ്ജു സാംസണിന്റെ സംഘം തോറ്റിരിക്കുകയാണ്.
ഷാർജയിലെ ചെറിയ ബൗണ്ടറിയുള്ള ഗ്രൗണ്ടിൽ നിന്ന് ദുബായ്‌യിലെയും അബുദാബിയിലെയും വലിയ ഗ്രൗണ്ടുകളിലേക്ക് എത്തിയപ്പോൾ രാജസ്ഥാൻ ടീമിന്റെ ടോട്ടലുകളിൽ വന്ന വ്യത്യാസം പരിശോധിച്ചാൽതന്നെ കാര്യം മനസലാകും. ഷാർജയിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരെ ഉയർത്തിയത് 216 റൺസ്. രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ 226/6 എന്ന സ്കോറുയർത്തി ചേസിംഗിൽ റെക്കാഡും കുറിച്ചു. പക്ഷേ ദുബായ്‌യിൽ മൂന്നാംമത്സരത്തിൽ കൊൽക്കത്തയുടെ 174/6
ചേസ് ചെയ്യാനിറങ്ങിയവർ ചെന്നെത്തിയത് 137/9ൽ മാത്രം. അബുദാബിയിൽ ബാംഗ്ളൂരിനെതിരെ 154 റൺസും കഴിഞ്ഞ രാത്രി മുംബയ്ക്ക് എതിരെ 136 റൺസും മാത്രമാണ് ഉയർത്താനായത്.
ഷാർജയിൽ ഗ്രൗണ്ടിന് പുറത്തേക്കുപോയിരുന്ന പല ഷോട്ടുകളും മറ്റിടങ്ങളിൽ ക്യാച്ചായി മാറാൻ സാദ്ധ്യതയേറെയാണ്. ഗ്രൗണ്ടിന് അനുസരിച്ച് ബാറ്റിംഗ് ശൈലി മാറ്റാത്തതാണ് സഞ്ജു അടക്കമുള്ളവരുടെ പുറത്താകലിന് കാരണം. മുംബയ്ക്കെതിരെയും ഷോർട്ട്പിച്ച് പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച് മിഡ് ഒാണിൽ ഈസി ക്യാച്ച് നൽകുകയായിരുന്നു സഞ്ജു. പഞ്ചാബിനെതിരായ ചേസിംഗിലെ സൂപ്പർഹീറോ രാഹുൽ തെവാത്തിയയയും ഷാർജ നൽകിയ ഹാംഗ്ഓവറിൽ നിന്ന് ഉണർന്നിട്ടില്ല. കൊൽക്കത്തയ്ക്ക് എതിരായ മത്സരം കഴിഞ്ഞപ്പോൾ തന്നെ രാജസ്ഥാൻ നായകൻ സ്റ്റീവൻ സ്മിത്ത് ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പിഴവുകൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴും ഷാർജയിലാണ് കളിക്കുന്നതെന്ന തോന്നലിലാണ് പലരും എന്നാണ് സ്മിത്ത് പറഞ്ഞത്.
ഇനി ഷാർജയിൽ
ഷാർജയിൽ ഇനി ഒരു മത്സരം മാത്രമേ റോയൽസിന് ശേഷിക്കുന്നുള്ളൂ.നാളെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെയാണത്. കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ നാലും ജയിച്ചവരാണ് ഡൽഹിക്കാർ. അതുകൊണ്ടുതന്നെ കടുത്ത വെല്ലുവിളിയാണ് റോയൽസിന് നേരിടേണ്ടിവരിക.
സ്റ്റോക്സ് ഇറങ്ങും
നാളെ ഷാർജയിൽ ഡൽഹിക്കെതിരെ നടക്കുന്ന മത്സരത്തിൽ ഇംഗ്ളീഷ് ആൾറൗണ്ടർ ബെൻ സ്റ്റോക്സ് റോയൽസിനായി കളിക്കാനിറങ്ങിയേക്കും. ചികിത്സയിലുള്ള പിതാവിനൊപ്പം ന്യൂസിലാൻഡിലായിരുന്ന സ്റ്റോക്സ് കഴിഞ്ഞവാരമാണ് യു.എ.ഇയിലെത്തിയത്. ആറു ദിവസത്തെ ക്വാറന്റൈൻ പൂത്തിയാക്കിയശേഷമാണ് കളിക്കാനിറങ്ങുക.
തോൽവിക്ക് 5 കാരണങ്ങൾ
1. സഞ്ജു സാംസൺ അടക്കമുള്ള മുൻനിര ബാറ്റ്സ്മാൻമാരുടെ നിരുത്തരവാദപരമായ പുറത്താകലുകളാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വലിയ ടോട്ടലിലേക്ക് എത്തുന്നതിൽ നിന്ന് രാജസ്ഥാനെ തടഞ്ഞുനിറുത്തിയത്.
2. അടിക്കുമ്പോൾ കൂട്ടത്തോടെ, വീഴുമ്പോഴും കൂട്ടത്തോടെ എന്നതാണ് റോയൽസിന്റെ ശൈലി. ഒന്നോരണ്ടോ വിക്കറ്റുകൾ വീഴുമ്പോൾ നങ്കൂരമിട്ടുകളിക്കാൻ മദ്ധ്യനിരയിൽ അനുഭവസമ്പന്നനായ ഒരു ബാറ്റ്സ്മാൻ ഇല്ലെന്നുതന്നെ പറയാം. ഈ റോളിലേക്ക് കണ്ടെത്തിയ റോബിൻ ഉത്തപ്പ ഇതുവരെ ആ ലെവലിലേക്ക് ഉയർന്നില്ല.
3. ബെൻ സ്റ്റോക്സിനെപ്പോലൊരു ആൾറൗണ്ടറുടെ അഭാവം ബാറ്റിംഗിലും ബൗളിംഗിലും നിഴലിക്കുന്നു.സ്റ്റോക്സ് എത്തുമ്പോൾ മുൻ നിര തകർന്നാലും നല്ല ടോട്ടലിലേക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചേക്കാം.
4.ഏറെ പ്രതീക്ഷയോടെ ടീമിലെടുത്ത കൗമാരതാരം യശ്വസി ജയ്സ്വാളിന് നൽകിയ അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
5. എതിർ ബാറ്റ്സ്മാന്മാരെ സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന ബൗളർമാരും കുറവ്. ജൊഫ്ര ആർച്ചർക്ക് ബ്രേക്ക് ത്രൂ വിക്കറ്റുകൾ വീഴ്ത്താൻ കഴിയുന്നില്ല. സ്പിന്നർമാരുടെ നിലവാരവും മെച്ചമല്ല.
5 വർഷത്തെ കാത്തിരിപ്പ്
രാജസ്ഥാനെതിരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുംബയ് നേടുന്ന ആദ്യ ജയമായിരുന്നു അബുദാബിയിൽ . ഇരുടീമുകളും ഒടുവിൽ ഏറ്റുമുട്ടിയ അഞ്ച് മൽസരങ്ങളിൽ നാലിലും രാജസ്ഥാനായിരുന്നു ജയം. ഇതിൽ മുംബൈയുടെ ജയമാകട്ടെ 2015 മേയ് ഒന്നിനായിരുന്നു.
പിന്നീട് നാലു മൽസരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയെങ്കിലും രാജസ്ഥാനെ തോൽപിക്കാൻ മുംബയ്യ്ക്കു സാധിച്ചിരുന്നില്ല. ഇതിനിടെ കോഴ വിവാദവുമായി ബന്ധപ്പെട്ട് രണ്ടു വർഷം രാജസ്ഥാൻ റോയൽസിന് വിലക്കു ലഭിച്ചതും മുംബൈയുടെ പ്രതികാരം നീണ്ടുപോകാൻ കാരണമായി.
ഐപിഎല്ലിലേക്ക് രാജസ്ഥാൻ മടങ്ങിയെത്തിയ 2018ൽ ആദ്യ ഏറ്റുമുട്ടലിൽ മൂന്നു വിക്കറ്റിനും രണ്ടാം പോരാട്ടത്തിൽ ഏഴ് വിക്കറ്റിനും രാജസ്ഥാൻ ജയിച്ചു. മുംബയ് കിരീടം ചൂടിയ കഴിഞ്ഞ സീസണിലും രണ്ട് മത്സരങ്ങളിലും രാറസ്ഥാൻ അവരെ തോൽപ്പിച്ചിരുന്നു. ഈ മൽസരങ്ങളിലെല്ലാം രാജസ്ഥാനുവേണ്ടി സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
74,85,8,4,0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ ഇതുവരെയുള്ള സ്കോറിംഗ്