
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായക കഥാപാത്രത്തെയും പേരിനെയും ചൊല്ലിയുള്ള വിവാദം കോടതിയില്‍ താല്‍ക്കാലികമായി അവസാനിച്ചെങ്കിലും സ്‌ക്രീനില്‍ തുടരുകയാണ്. പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമായ കടുവ എന്ന ചിത്രം കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായക കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഡിസംബറില്‍ ഷൂട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ സുരേഷ് ഗോപി ചിത്രവും ഷൂട്ടിലേക്ക്.
പുലിമുരുകന്‍ പുറത്തിറങ്ങി നാലാം വര്‍ഷം തികയുന്ന ഇന്ന് സിനിമയുടെ പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കളായ മുളകുപ്പാടം ഫിലിംസ് പുറത്തുവിട്ടു. എസ്.ജി 250 എന്ന് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന സിനിമയുടെ പേര് ഉടന്‍ പുറത്തുവിടുമെന്ന് ടോമിച്ചന്‍ മുളകുപ്പാടം ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപിയും പോസ്റ്റർ ഫേസ്ബുക്ക് പേജിൽ പങ്കുവവച്ചു.
ടോമിച്ചന്‍ മുളകുപ്പാടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
'അടങ്ങാത്ത ആവേശങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വര്‍ഷങ്ങള്‍. ഇന്നും സ്വീകരണമുറികളില്‍ പ്രേക്ഷകര്‍ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേല്‍ക്കുന്നത് എന്നത് ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകന്‍ കീഴടക്കി നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂര്‍ണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.'