
ചെന്നൈ: തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു. സമവായത്തിന്റെ അടിസ്ഥാനത്തിൽ ഉപമുഖ്യമന്ത്രി ഒ.പനീർസെൽവമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 11 അംഗ മാർഗ നിർദ്ദേശക സമിതിയെയും പനീർസെൽവം പ്രഖ്യാപിച്ചു. മുതിർന്ന മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം പളനിസാമിയെ സ്ഥാനാർത്ഥിയാക്കുകയെന്ന തീരുമാനത്തിനു ഒ.പി.എസ് വഴങ്ങിയതോടെ പാർട്ടിയിലെ പ്രതിസന്ധിക്ക് അയവു വന്നിരുന്നു. മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല ജയിൽ മോചിതയായി തിരിച്ചെത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാടും ചർച്ചയായി.
അതിനായി ഒ.പി.എസ് മുന്നോട്ടുവച്ചു 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഇ.പി.എസ് വിഭാഗത്തിന് 6, ഒ.പി.എസിന് 5 അംഗങ്ങളാണുണ്ടാവുക. കമ്മിറ്റിയിൽ ഇടം ലഭിക്കാത്ത നേതാക്കളെ ഉൾപ്പെടുത്തി വിവിധ തിരഞ്ഞെടുപ്പു സമിതികളും പ്രഖ്യാപിച്ചേക്കും.