
മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്ക് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വാദം കേൾക്കൽ നേരത്തെ പൂർത്തിയാക്കിയിരുന്നു. റിയയുടെ സഹോദരൻ ഷോവിക്കിന്റെ ജാമ്യഹർജി തള്ളി. സെപ്തംബർ നാലിന് അറസ്റ്റിലായ ഷോവിക് നവിമുംബയ് തലോജ ജയിലിലാണ്. സെപ്തംബർ എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലായിരുന്നു. ഇന്നലെ വൈകിട്ട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ റിയയെ മാദ്ധ്യമങ്ങൾ വളഞ്ഞെങ്കിലും, അവർ പ്രതികരിക്കാൻ തയാറായില്ല. റിയയുടെ കാർ വിൻഡോകൾ ന്യൂസ് പേപ്പർ ഉപയോഗിച്ച് മറച്ചിരുന്നു. അതേസമയം, സിനിമാ താരങ്ങളടക്കമുള്ള സെലിബ്രിറ്റികളെ വിടാതെ പിന്തുടരുന്നതിന് മാദ്ധ്യമപ്രവർത്തകരെ കോടതി വിമർശിച്ചു.
ഒരു ലക്ഷം രൂപയുടെ പേഴ്സണൽ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് ഇടപാടുകാരുമായി റിയ്ക്ക് ബന്ധമില്ലെന്നും സാമ്പത്തിക ലാഭങ്ങൾക്കായി റിയ മയക്കുമരുന്ന് കൈമാറ്റം ചെയ്തിട്ടില്ലെന്നും കോടതി നീരിക്ഷിച്ചു.
സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഫോറൻസിക് സംഘവും, ലഹരിക്കേസും നടന്റെ മരണവും തമ്മിൽ വലിയ ബന്ധമില്ലെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും വ്യക്തമാക്കിയിരിക്കെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു റിയയുടെ കുടുംബം. ലഹരിക്കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇന്നലെ സെഷൻസ് കോടതിയിൽ ഹാജരാക്കിയ റിയയുടെ ജുഡിഷ്യൽ കസ്റ്റഡി 20 വരെ നീട്ടിയിരുന്നു.
അതിനിടെ, വ്യാജരേഖ ചമയ്ക്കൽ, വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരുന്നിനുള്ള കുറിപ്പടി തയാറാക്കൽ എന്നീ കുറ്റങ്ങളാരോപിച്ച് തങ്ങൾക്കെതിരെ റിയ നൽകിയ പരാതി റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ച് സുശാന്തിന്റെ സഹോദരിമാർ ബോംബെ ഹൈക്കോടതിയിൽ നൽകിയ അപേക്ഷ കോടതി 13ന് പരിഗണിക്കും.