chandhanam

കാസർകോട്: ജില്ലാകളക്ടറുടെയും പൊലീസ് ചീഫിന്റെയും വസതിക്ക് സമീപത്തെ രഹസ്യകേന്ദ്രത്തിൽ നിന്ന് ചന്ദനമുട്ടികൾ കടത്താൻ ശ്രമിച്ച കേസിലെ സൂത്രധാരൻ കർണാടക തുംകൂർ സ്വദേശിയാണെന്ന് വനംവകുപ്പിന് സൂചന ലഭിച്ചു. കളക്ടറുടെ ഗൺമാൻ ദിലീഷ്‌കുമാറും ഡ്രൈവർ ശ്രീജിത്തും ചന്ദനമുട്ടികൾ പരിശോധിക്കുന്നതിനിടെ രക്ഷപെട്ട നാലുപേരിൽ ഒരാൾ കർണാടക സ്വദേശിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

വീട്ടുടമ അബ്ദുൽ ഖാദർ, മകൻ അർഷാദ്, ലോറി ഡ്രൈവർ എന്നിവരാണ് രക്ഷപെട്ട മറ്റുള്ളവർ. തുംകൂർ സ്വദേശിക്കും അർഷാദിനുമാണ് ചന്ദനമുട്ടികൾ ആന്ധ്രയിലെത്തിക്കുന്നതിനുള്ള ചുമതല. തുംകൂർ സ്വദേശി ആന്ധ്രയിലെയും കർണാടകത്തിലെയും ചന്ദന മാഫിയയിലെ പ്രധാനിയാണ്. കാസർകോട്ടെത്തി കച്ചവടം ഉറപ്പിച്ചശേഷം പോത്തിനെ കൊണ്ടുപോകുന്നുവെന്ന വ്യാജേന ക്യാബിന് സമീപം നിർമ്മിച്ച പ്രത്യേക അറയിൽ ചാക്കുകെട്ടുകൾ കടത്താനായിരുന്നു പദ്ധതി.

കാസർകോട് ഡി.എഫ്.ഒ അനൂപ് കുമാർ തുംകൂർ ഡി.എഫ്.ഒ ഗിരീഷിന് വിവരങ്ങൾ കൈമാറി. ഇതേത്തുടർന്ന് കർണാടകയിലും തുംകൂർ സ്വദേശിക്കായി തെരച്ചിൽ തുടങ്ങി. പിടികൂടിയ ചന്ദനം കാസർകോട് നിന്നുള്ളതല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. മോഷ്ടിച്ച ചന്ദനം മുട്ടികളായി സൂക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ കാസർകോട്‌ ഫോറസ്റ്റ്‌ റേഞ്ച് ഓഫീസർ അനിൽകുമാറാണ്‌ കേസന്വേഷിക്കുന്നത്.