pic

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം അതിതീവ്രമാകുന്നു. സംസ്ഥാനത്ത് ആദ്യമായി ഇന്ന് പതിനായിരത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 10,606 പേരിൽ 9542 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂർ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂർ 602, കോട്ടയം 490, കാസർഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിനൊപ്പം ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കൊവിഡ് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ വെെറസ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നലെ പൊതുസ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോക്കോളുകൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും കൊവിഡ് രോഗ ലക്ഷണമുള്ളവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും വേണ്ട നടപടി സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഗർഭിണികൾക്കും ഡയാലിസിസ് രോഗികൾക്കും കൊവിഡ് വന്നാൽ ചികിത്സയ്ക്കുള്ള സൗകര്യം ആവശ്യാനുസരണം ലഭ്യമാക്കാനുള്ള നടപടിയും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.