മഡ്ഗാവ് : ഐ.എസ്.എൽ പുതിയ സീസണിനായി ഗോവയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങൾ ഏഴ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി പരിശീലനം തുടങ്ങി. സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് നേതൃത്വത്തിലുള്ള ക്യാമ്പിൽ 25 താരങ്ങളാണുള്ളത്. വിസ നടപടികൾ പൂർത്തിയാക്കിയാലുടൻ മുഖ്യപരിശീലകൻ കിബു വിക്കൂനയും സഹായികളും ഗോവയിലെത്തും. വിദേശതാരങ്ങൾ അടുത്തയാഴ്ച ടീമിനൊപ്പം ചേരും.

വടക്കൻ ഗോവയിലെ കാൻഡൊലിമിലെ നൊവോട്ടെൽ ഹോട്ടലിലാണു ടീമിന്റെ താമസം. 13 കിലോമീറ്റർ അകലെയുള്ള പെഡ്ഡെം സ്പോർട്സ് കോംപ്ലക്സിലാണു പരിശീലനം. ടീമിനെ കൊച്ചിയിൽനിന്നു ബസിലാണ് ഗോവയ്ക്ക് കൊണ്ടുപോയത് . കൊവിഡ് ചട്ടങ്ങൾ പാലിച്ചുള്ള ‘ബയോ സെക്യുർ ബബ്‌ൾ’ സംവിധാനത്തിലാണു ടീമിന്റെ താമസവും പരിശീലനവും.