french-open-nadal

പാരീസ് : മുൻനിര താരങ്ങളായ റാഫൽ നദാലും പെട്ര ക്വിറ്റോവയും ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ സെമിഫൈനലിലെത്തി.

ക്ളേ കോർട്ട് മാസ്റ്ററായി വാഴ്ത്തപ്പെടുന്ന നദാൽ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ യുവപ്രതിഭ യാന്നിക് സിന്നറിന്റെ കടുത്തവെല്ലുവിളി അതിജീവിച്ചാണ് അവസാന നാലിലെത്തിയത്.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയമെങ്കിലും ആദ്യ സെറ്റിൽ നദാലിന് ടൈബ്രേക്കർ കടക്കേണ്ടിവന്നു. സ്കോർ : 7-6(4),6-4,6-1.

2005ൽ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണിലേക്കുള്ള കന്നി വരവിൽ ക്വാർട്ടർ വരെയെത്തുന്ന ആദ്യ താരമാണ് സിന്നർ.

100

ഫ്രഞ്ച് ഓപ്പണിലെ നദാലിന്റെ നൂറാം മത്സരമായിരുന്നു ഇത്.98-ാമത്തെ വിജയവും.

13

തന്റെ പതിമൂന്നാം ഫ്രഞ്ച് ‌ഓപ്പൺ കിരീടം നേടി റോജർ ഫെഡററുടെ 20 ഗ്രാൻസ്ളാം കിരീടങ്ങളെന്ന റെക്കാഡിനാപ്പമെത്തുകയാണ് നദാലിന്റെ ലക്ഷ്യം.

സെമിയിൽ അർജന്റീനയുടെ ഡീഗോ ഷ്വാട്സ്മാനാണ് നദാലിന്റെ എതിരാളി.കഴിഞ്ഞ മാസം ഇറ്റാലിയൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ ഷ്വാട്സ്മാൻ നദാലിനെ തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ രാത്രി ക്വാർട്ടർ ഫൈനലിൽ യു.എസ് ഓപ്പൺ ചാമ്പ്യൻ ഡൊമിനിക്ക് തീമിനെ അട്ടിമറിച്ചാണ് ഷ്വാട്സ്മാൻ സെമിബർത്ത് സ്വന്തമാക്കിയത്.

അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ 7-6(7),5-7,6-7(8),7-6(7),6-2 എന്ന സ്കോറിനാണ് തീമിനെ തോൽപ്പിച്ചത്.

മുൻ ലോക ഒന്നാം നമ്പർ താരം പെട്ര ക്വിറ്റോവ എട്ടുവർഷത്തിന് ശേഷമാണ് ഫ്രഞ്ച് ഒാപ്പണിന്റെ സെമിയിലെത്തിയിരിക്കുന്നത്.

ക്വാർട്ടറിൽ ജർമ്മനിയുടെ ലോറ സിഗ്മണ്ടിനെ 6-3,6-3നാണ് ക്വിറ്റോവ കീഴടക്കിയത്.