
കാൻബെറ : ഇന്നും ദുരൂഹതകൾ മാത്രം ബാക്കിയാക്കി ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ് വർഷങ്ങൾക്ക് മുമ്പ് കാണാതായ മലേഷ്യൻ എയർലൈൻസിന്റെ ഫ്ലൈറ്റ് എം.എച്ച് 370. 2014 മാർച്ച് 8നാണ് വിമാനം കാണാതായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ തിരച്ചിൽ നടത്തിയിട്ടും ഇതുവരെ വിമാനത്തിനും അതിലെ യാത്രക്കാർക്കും എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല. അന്ന് വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്ടൻ സഹരി അഹമ്മദ് ഷായോ സഹ പൈലറ്റ് ഫാരിഖ് അബ്ദുള്‍ ഹാമിദോ വിമാനം ബോധപൂർവം തകർത്ത് ആത്മഹത്യ ചെയ്തിരിക്കാമെന്നും അല്ലെങ്കിൽ ഹൈജാക്ക് ചെയ്യപ്പെട്ടതാകാമെന്നുമുൾപ്പെടെ നിരവധി ഊഹാപോഹങ്ങളും നിലവിലുണ്ട്.
ഇപ്പോഴിതാ ആസ്ട്രേലിയയിലെ ഒരു വിദൂര പ്രദേശത്തെ ബീച്ചിൽ, കാണാതായ ഫ്ലൈറ്റ് എം.എച്ച് 370ന്റേതെന്ന് കരുതുന്ന വിമാനാവശിഷ്ടം വന്നടിഞ്ഞിരിക്കുകയാണ്. വടക്കൻ ക്വീൻസ്‌ലാൻഡിലെ കേപ് ട്രിബ്യൂലേഷന് അടുത്തുള്ള ബീച്ചിൽ മൈക്ക് എൽകോട്ട് എന്ന മത്സ്യത്തൊഴിലാളിയാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. ബോട്ടിന്റെ ഭാഗമാണെന്നാണ് ആദ്യം കരുതിയതെങ്കിലും വിമാനത്തിന്റെ ചിറക് ഭാഗത്തോട് സാമ്യം തോന്നുകയായിരുന്നു. ഉടൻ തന്നെ ഇതിന്റെ ചിത്രങ്ങൾ എടുത്ത് ഫേസ്ബുക്കിൽ ഒരു എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിംഗ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ചിത്രം കണ്ട പലരും ഇത് കാണാതായ ബോയിംഗ് 777 വിഭാഗത്തിൽപ്പെട്ട എം.എച്ച് 370 ന്റെ അവശിഷ്ടമാകാമെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. മണലും ചിപ്പിയും നിറഞ്ഞ നിലയിലാണ് അവശിഷ്ടം. എന്നാൽ കാണാതായ മലേഷ്യൻ വിമാനത്തിന്റെ നിറവും ഘടനയുമായി ഈ അവശിഷ്ടങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നും ചിലർ അവകാശപ്പെടുന്നുണ്ട്.
2014 മാർച്ച് എട്ടിനാണ് ക്വാലാലംപൂരിൽ നിന്നും മലേഷ്യൻ വിമാനം ബീജിങ്ങിലേക്ക് പറന്നുയരുന്നത്. വ്യാപകമായ തിരച്ചിലുകൾ പിന്നീട് നടത്തിയെങ്കിലും ആരുടേയും മൃതദേഹ അവശിഷ്ടങ്ങൾ പോലും ലഭിച്ചില്ല. 239 യാത്രക്കാരും വിമാനജീവനക്കാരുമായി വിമാനം വൈകാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപ്രത്യക്ഷമാവുകയായിരുന്നു.