
ആസ്ട്രേലിയ: ഇംഗ്ലീഷ് സംസാരിക്കാത്ത വിദേശികളുമായി പ്രണയത്തിലായ ആസ്ട്രേലിയക്കാര്‍ക്ക് അവരുടെ പങ്കാളികളെ ആസ്ട്രേലിയയില്‍ എത്തിക്കണമെങ്കില്‍ ഇംഗ്ലീഷ് പഠിപ്പിക്കണം. പങ്കാളികളിലൊരാള്‍ സ്ഥിരതാമസത്തിനായാണ് ആസ്‌ട്രേലിയയില്‍ എത്തുന്നതെങ്കില്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവിണ്യം കാണിക്കുന്ന ടെസ്റ്റുകള്‍ പാസാകണം.
കഴിഞ്ഞ ചൊവ്വാഴ്ച്ചത്തെ ഫെഡറല്‍ ബജറ്റില്‍ ആണ് സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്. ഈ മാറ്റങ്ങള്‍ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുന്നതിനും സാമൂഹിക ഐക്യവും സാമ്പത്തിക പങ്കാളിത്ത ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും എന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. ഇത് നടപ്പിലാക്കുന്നതോടെ 4.9 മില്യണ്‍ ഡോളര്‍ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ആസ്ട്രേലിയയിലെ കാന്‍ബറ സ്വദേശിനിയായ ചെല്‍സി സോങ്കര്‍ ആണ് വാരണാസിയിലെ തന്റെ ഭര്‍ത്താവ് സഞ്ജയ് സോങ്കറിന് വേണ്ടി വിസക്ക് അപേക്ഷിച്ചത്. കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ അതിര്‍ത്തികള്‍ അടച്ചു. സഞ്ജയ് ഇന്ത്യയിലും, ചെല്‍സി ആസ്ട്രേലിയയിലും കുടുങ്ങി. ഇരുവരുടെയും ഒരു വയസ്സുള്ള മകനെ യുവതി ഒറ്റക്കാണ് നോക്കുന്നത്.
ആസ്ട്രേലിയക്കാര്‍ക്ക് അനുയോജ്യമെന്ന് കരുതുന്ന പങ്കാളിയെ മാത്രമേ തെരെഞ്ഞടുക്കാവൂ എന്ന സന്ദേശം ആണ് പുതിയ തീരുമാനത്തിലൂടെ നല്‍കുന്നതെന്ന് ചെല്‍സി അഭിപ്രായപ്പെട്ടു. ദരിദ്ര പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഇണകളെ സ്വാഗതം ചെയ്യുന്നില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും അവര്‍ ചൂണ്ടികാട്ടി.
ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിക്കുന്ന സോങ്കറിന് നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. എന്നാല്‍ എഴുത്തു പരീക്ഷയില്‍ അവന്‍ പരാജയപ്പെട്ടേക്കാം. പിതാവ് രോഗബാധിതനായതിനെ തുടര്‍ന്ന് കുടുംബത്തെ പോറ്റാന്‍ 16 വയസ്സുള്ളപ്പോള്‍ ജോലിക്ക് പോകാന്‍ തുടങ്ങിയ സോങ്കര്‍ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. ആസ്ട്രേലിയയില്‍ വിസ അപേക്ഷാ ഫീസ് 8000 ഡോളര്‍ ആണ്. കൂടാതെ പങ്കാളികള്‍ക്കുള്ള വിസ നടപടിക്രമം പൂര്‍ത്തിയാകാന്‍ എടുക്കുന്ന സമയം രണ്ട് വര്‍ഷത്തിലധികമാണ്. ഇതെല്ലാം വലിയ ബുദ്ധിമുട്ടുകള്‍ ആണ് ഉണ്ടാക്കുന്നതെന്ന് ചെല്‍സി പറയുന്നു.
എന്നാല്‍ പുതിയ മാറ്റത്തെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഒരാളുടെ സ്‌നേഹത്തിന്റെ അളവുകോല്‍ അല്ലെന്ന് മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് വക്താവ് ആന്‍ഡ്രൂ ഗൈല്‍സ് പറഞ്ഞു. 'നമ്മള്‍ ഇഷ്ടപ്പെടുന്നവരെ സ്‌നേഹിക്കാന്‍ ആരുടേയും അനുമതി വേണ്ട. ബജറ്റ് നയപ്രകാരം വിവാഹം കഴിക്കണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ സര്‍ക്കാര്‍ ബഹുരാഷ്ട്ര ദമ്പതികളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നു, അത് അവസാനിപ്പിക്കണം.' എന്നും അദ്ദേഹം പറഞ്ഞു.