
തിരുവനന്തപുരം: രാജ്യദ്രോഹപരമായ സ്വർണക്കടത്ത് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ട സ്ഥിതിക്ക് ഇനിയെങ്കിലും പിണറായി വിജയന് രാജിവച്ചൊഴിഞ്ഞുകൂടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. ശിവശങ്കറിന്റെ സാന്നിദ്ധ്യത്തിൽ ആറ് തവണ സ്വപ്‌നസുരേഷ് മുഖ്യമന്ത്രിയെ കണ്ടുവെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. സ്‌പേസ് പാർക്കിൽ സ്വപ്‌നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. ഇനി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാൻ പോകുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്.