satheesh

 കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം

ചേലക്കര: എളനാട് തിരുമണി ആദിവാസി കോളനിയിൽ പോക്‌സോ കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. എളനാട് തിരുമണി ആദിവാസി കോളനിയിൽ സതീഷാണ് (കുട്ടൻ- 37) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എളനാട് തിരുമണി കോളനിയിലെ ശ്രീജിത്തിനെ (24) മണിക്കൂറുകൾക്കകം തന്നെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെയാണ് തിരുമണി കോളനിയിലെ ഒരു വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ സതീഷിനെ കണ്ടത്. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമായി പറയുന്നത്. അഞ്ചു വർഷം മുമ്പ് ശ്രീജിത്തിനെ സതീഷ് വധിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിന്റെ പ്രതികാരമാണ് സതീഷിനെ വെട്ടിക്കൊല്ലാൻ കാരണമെന്നും പൊലീസ് പറഞ്ഞു. സതീഷുമൊത്ത് മദ്യപിച്ചവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയായ സതീഷിനെ കോളനിയിലെ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ സതീഷ് മലപ്പുറത്തായിരുന്നു താമസം. തിങ്കളാഴ്ച വൈകിട്ടാണ് ഇയാൾ കോളനിയിൽ എത്തിയത്. രാത്രി 12 വരെ പലതവണയായി സുഹൃത്തുക്കളായ പത്തു പേരോടൊപ്പം മദ്യപിച്ചിരുന്നു. അവസാനം മദ്യപിച്ച മൂന്നു പേരിൽ ശ്രീജിത്തുമുണ്ടായിരുന്നു. മദ്യപിച്ച ശേഷം കളത്തിലെ വരാന്തയിൽ കിടന്നുറങ്ങിയ സതീഷിനെ വീട്ടിലേക്ക് പോയ ശ്രീജിത്ത് തിരിച്ചുവന്ന് വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടാനുപയോഗിച്ച ആയുധം തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. എ.സി.പി ടി.എസ്.ഷനോജിന്റെ നേതൃത്വത്തിൽ പഴയന്നൂർ സി.ഐ ജെ.നിസാമുദ്ദീൻ, എസ്.ഐ കെ.ജെ.ജയപ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ പിടികൂടിയത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. സിറ്റി പൊലീസ്‌ കമ്മിഷണർ ആർ. ആദിത്യ,ചേലക്കര സി.ഐ ഇ.ബാലകൃഷ്ണൻ,വടക്കാഞ്ചേരി സി.ഐ കെ.മാധവൻകുട്ടി തുടങ്ങിയവരും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.