kerala-covid

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് രോഗികളുടെ എണ്ണം പെരുകുകയാണ്. ഇന്നലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി പതിനായിരം പിന്നിട്ടു. റിപ്പോർട്ട് ചെയ്ത 10,606 കൊവിഡ് കേസുകളിൽ 9542 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 741 കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്‌തത്. ഈ സാഹചര്യത്തിൽ കൊവിഡ് സ്റ്റേറ്റ് നോഡൽ ഡോ.അമർ ഫെറ്റൽ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

ഈ പോക്ക് എങ്ങോട്ട്?

സംസ്ഥാനത്ത് പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി പതിനായിരം പിന്നിട്ടിരിക്കുകയാണ്. പോക്ക് എങ്ങോട്ടാണെന്ന് ചോദിച്ചാൽ സംസ്ഥാനത്ത് ഒരു സ്‌പൈക്ക് ഇല്ലാതിരുന്നാൽ നല്ലത്. ചെറിയ സമയത്തിനുളളിൽ ഒരുപാട് പേർക്ക് രോഗം ബാധിക്കുന്നതിനെയാണ് സ്‌പൈക്കെന്ന് പറയുന്നത്. നീണ്ട സമയത്തിനുളളിൽ കുറച്ച് പേർക്ക് രോഗം വരുന്നതാണ് വേവ്. സംസ്ഥാനത്ത് ഇപ്പോൾ വേവാണുളളത്.

സ്‌പൈക്ക് വന്നാൽ ചെറിയ സമയത്തിനുളളിൽ കൂട്ടത്തോടെ കൊവിഡ് രോഗികളുണ്ടാകും. അതിനുളള സൗകര്യം സംസ്ഥാനത്ത് ഉണ്ടായെന്ന് വരില്ല. ആളുകൾക്ക് സമ്മർദ്ദം കൂടിയാൽ നെട്ടോട്ടം തന്നെയുണ്ടാകും. വേവ് വലിയ പ്രശ്‌നമില്ല. കിടക്കകൾ ആവശ്യം പോലെ നമുക്കുണ്ടാകും. സ്‌പൈക്കുണ്ടാകാൻ പാടില്ല. അത്തരമൊരു അവസ്ഥ വന്നാൽ എല്ലാവരും നിസ്സഹായരാകും. നമ്മൾ ഇപ്പോൾ വേവിലാണ്.

വേണം അതീവ ജാഗ്രത

ഇപ്പോൾ രോഗം ബാധിക്കുന്നവരെ അഡ്‌മിറ്റ് ചെയ്യാനും അവരെ ചികിത്സിക്കാനുമൊക്കെയുളള സ്ഥല സൗകര്യം സംസ്ഥാനത്തുണ്ട്. എന്നാൽ, രോഗികളുടെ എണ്ണം കൂടുന്തോറും ആ മാർജിൻ കുറഞ്ഞു കുറഞ്ഞു വരികയാണ്. എന്തായാലും കൊവിഡ് വരും വലിയ പ്രശ്‌നമൊന്നുമില്ല എന്ന രീതിയിലാണ് പലരും ഇപ്പോൾ നടക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിരോധമുണ്ടാകണം. ജനങ്ങളെ പറഞ്ഞ് മനസിലാക്കണം. വന്നുപോട്ടെയെന്നുളളത് വളരെ അപകടം പിടിച്ച നയമാണ്. എത്രത്തോളം വരാതിരിക്കാം, എത്രത്തോളം വരുന്നത് നീട്ടി കൊണ്ടുപോകാം അതാണ് വേണ്ടത്.

നിലനിൽപ്പിന്റെ അൺലോക്ക്

മനുഷ്യർ പലർക്കും നിലനിൽപ്പിന്റെ സമയമാണിത്. കച്ചവടമൊക്കെ കൃത്യമായി നടക്കണം. അതുകൊണ്ട് തന്നെ അൺലോക്കിനെ കുറ്റം പറയാനാകില്ല. അതേസമയം അൺലോക്ക് എന്നുവച്ചാൽ കെയർലസായി പെരുമാറണം എന്നല്ല. നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ വേണ്ടിയാണ് ഇളവുകൾ.

ക്ഷീണത്തിന്റെ അങ്ങേയറ്റം

ആരോഗ്യപ്രവർത്തകർ ക്ഷീണത്തിന്റെ അങ്ങേയറ്റത്തിലാണ്. ആരോഗ്യപ്രവർത്തകർക്ക് കൗൺസലിംഗ് കൊടുക്കുന്നവർക്ക് തന്നെ പിടിപ്പത് പണിയാണ്. അവർ പക്ഷെ നല്ലൊരു അന്തരീക്ഷത്തിൽ ഇരുന്നാണ് ജോലി ചെയ്യുന്നത് എന്നെങ്കിലും പറയാം. പക്ഷേ നമ്മുടെ ആരോഗ്യപ്രവർത്തകരെല്ലാം വളരെ റിസ്‌ക്കെടുത്താണ് ജോലി ചെയ്യുന്നത്. ഐ.സി.യുവിലും വാർഡുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമൊക്കെ ജോലി ചെയ്യുന്നവർ വളരെയധികം റിസ്‌ക്കെടുത്താണ് പണിയെടുക്കുന്നത്.

ആരോഗ്യപ്രവർത്തകർ കൊവിഡ് പോരാളികൾ

ദിനംപ്രതി കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം തൊണ്ണൂറിന് മുകളിലാണ്. എത്രത്തോളം രോഗികളുടെ എണ്ണം കൂടുന്നുവോ അത്രത്തോളം ആരോഗ്യപ്രവർത്തകർക്ക് ജോലിയും കൂടും. സമയം കുറവും ലോഡ് കൂടുതലുമാണ്. അത്തരമൊരു അവസ്ഥ വരുമ്പോൾ ആരോഗ്യപ്രവർത്തകരുടെ ഭാഗത്ത് നിന്ന് വീഴ്‌ച കൂടും. അത് മനുഷ്യസഹജമാണ്. വീട്ടമ്മ പച്ചക്കറി മുറിക്കുമ്പോൾ ശ്രദ്ധയില്ലെങ്കിൽ അവരുടെ കൈ മുറിയും. അതുപോലെ വലിയ ലോഡ് കൊവിഡ് രോഗികളെ ചികിത്സിക്കുക എന്ന് പറയുമ്പോൾ അതൊരു വിഷയം തന്നെയാണ്. വീട്ടുകാരുമായി ആരോഗ്യപ്രവർത്തകർ അകന്ന് നിൽക്കുന്ന ഒരു സാഹചര്യമുണ്ട്. അകലം കൂടുമ്പോൾ മോറൽ സപ്പോർട്ട് ഇല്ലാതാകും. അത് ചിലപ്പോൾ ഡിപ്രഷനിലേക്കൊക്കെ ആരോഗ്യപ്രവർത്തകരെ തളളിവിട്ടേക്കാം.

കൊവി‌ഡ് കുറയേണ്ട സമയമായിട്ടില്ല

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കൊക്കെ വളരെ മെച്ചമാണ്. നമ്മുടെ സംസ്ഥാനത്ത് ജനസാന്ദ്രത വളരെയധികമാണ്. മരണ നിരക്ക് സംസ്ഥാനത്ത് കുറവാണ്. എൺപത് ശതമാനം മരണങ്ങളും മറ്റ് ഗുരുതര രോഗങ്ങളും കൂടി ബാധിച്ചവരാണ്. ജനസാന്ദ്രത വച്ച് നോക്കുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളെക്കാൾ കൊവിഡ് വ്യാപനത്തിന്റെ തോത് ഇവിടെ കുറവാണ്. എന്നാൽ കേരളത്തിൽ കൊവിഡ് കുറയേണ്ട സമയമായിട്ടില്ല.

ബ്രേക്ക് ദ ചെയിൻ കൈവിടരുത്

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ഒന്നുകൂടി ശക്തിപ്പെടുത്തേണ്ട സമയമാണിത്. ടി.വി ചാനലുകളിലെ പ്രോഗ്രാമുകളിലെല്ലാം എല്ലാവരും അടുത്തടുത്ത് ഇരിക്കുകയാണ്. അവിടെയൊക്കെ മെസേജ് പാളി പോകുന്നുണ്ട്. 24 മണിക്കൂറും നമ്മൾ കൊടുക്കുന്ന സന്ദേശം അവിടെ ഒന്നുമല്ലാതായി പോവുകയാണ്. മറ്റ് രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്നവർ വലിയ തോതിൽ ദുരിതം അനുഭവിക്കുന്നുണ്ട്. അവരൊക്കെ ടെലി കൺസൾട്ടേഷനെയാണ് ആശ്രയിക്കുന്നത്. വീഡിയോ കോളൊന്നും കൃത്യമായി കൈകാര്യം ചെയ്യാൻ അറിയാത്ത ആയിര കണക്കിന് ആളുകൾ നമ്മുക്കിടയിലുണ്ട്. അവർ വലിയ തോതിൽ ഈ കെയർ മിസ് ചെയ്യും. വീഡിയോ കോൾ വഴിയുളള പരിശോധനകളിൽ വീഴ്ചകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ശാരീരിക പരിശോധനയില്ലാതെ നിവൃത്തിയില്ല എന്നതാണ് സത്യം.