
ചെന്നെെ: തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ സെപ്തംബർ 22 ന് കൊവിഡ് സ്ഥിരീകരിച്ച വിജയകാന്തിനെ അന്ന് തന്നെ ചെന്നൈ മിയോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയ്ക്കും കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇരുവരെയും ഒക്ടോബർ രണ്ടിന് ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും കൊവിഡ് നെഗറ്റീവായിരുന്നില്ല. അതുകൊണ്ടു തന്നെ ഇരുവരോടും വീട്ടിൽ കടുത്ത നിയന്ത്രണങ്ങളോടെ ഐസൊലേഷനിൽ കഴിയാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊവിഡ് രോഗലക്ഷണങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് വീണ്ടും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇത് അദ്ദേഹത്തിന്റെ പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പ് തള്ളിയിട്ടുണ്ട്.
രണ്ടാം ഘട്ട ടെസ്റ്റുകളുടെ ഭാഗമായാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.