-ravinder-raina

ശ്രീനഗർ : തീവ്രവാദികൾക്ക് ഒരിക്കലും ഒരു പുനരധിവാസ നയവും ഉണ്ടാകില്ലെന്നും അവർക്കുള്ള പ്രതിഫലം അവരുടെ അതേ നാണയത്തിൽ തന്നെ തിരിച്ചുകൊടുക്കുമെന്നും ജമ്മു കാശ്മീർ ബി.ജെ.പി അദ്ധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു. പ്രാദേശിക തീവ്രവാദികൾ അക്രമത്തിന്റെ പാത വെടിയണമെന്ന ജമ്മു കാശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയുടെ പ്രതികരണത്തിന് മറുപടിയായിട്ടാണ് റെയ്നയുടെ പ്രതികരണം. ഇത്തരക്കാർക്ക് ജോലിയും സംരംഭക അവസരങ്ങളും നൽകി സഹായിക്കുമെന്ന് മനോജ് സിൻഹ പറഞ്ഞിരുന്നു.

' ഒരു തീവ്രവാദി ഒരു തീവ്രവാദി തന്നെയാണ്. കഴിഞ്ഞ 30 വർഷമായി പാകിസ്ഥാന്റെ സ്പോൺസർഷിപ്പിലുള്ള തീവ്രവാദം ജമ്മു കാശ്മീരിനെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവർ ( തീവ്രവാദികൾ ) ആയുധ പരിശീലത്തിനായി പാകിസ്ഥാനിലേക്ക് പോകുന്നു. ആയുധങ്ങളും വെടിക്കോപ്പുകളുമായെത്തി നിരപരാധികളായ മനുഷ്യരെയും സുരക്ഷാസേനയേയും വധിക്കുന്നു. അവർക്ക് ഒരിക്കലും ഒരു തൊഴിലും നൽകാൻ സാധിക്കില്ല.

അവർക്കായുള്ള ഏക നയം ബുള്ളറ്റ് മാത്രമാണ്. നമ്മുടെ സേനയിലെ ജവാൻമാരും പൊലീസും അർദ്ധ സൈനിക വിഭാഗങ്ങളും ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും അവർക്കെതിരെ പോരാടുകയാണ്. ഈ തീവ്രവാദികൾ കൊല്ലപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിന് കീഴിൽ ഈ രാജ്യത്ത് തീവ്രവാദികൾക്ക് ഒരു തരത്തിലുള്ള പുനരധിവാസവും നടക്കില്ല. രാജ്യത്തിനെതിരെ തോക്കെടുക്കുന്നത് ആരായാലും അവർ ഇല്ലാതാകണം. ' റെയ്ന പറഞ്ഞു.