vaccine-

ന്യൂഡൽഹി: കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി ലോകരാജ്യങ്ങൾ വിവിധതരം പരീക്ഷണങ്ങളിൽ ഏർപ്പെട്ടുവരികയാണ്. ഇന്ത്യയിലും വിവിധ ഘട്ടങ്ങളിലായി വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. ഇതിനിടെ കുതിരകളുടെ ആന്റിബോഡികൾ കൊവിഡിനെതിരെ മനുഷ്യരിൽ പരീക്ഷിക്കാൻ ഐ.സി.എം.ആർ അനുമതി നൽകി.

നിർജീവമായ കൊവിഡ് വെെറസുകളെ കുതിരകളിൽ കുത്തിവച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. സാർസ് കൊവ് 2 കുത്തിവച്ച് രോഗമുക്തി നേടിയ കുതിരകളിൽ കാണപ്പെട്ട ആന്റി ബോഡികളുടെ സഹായത്തോടെയാണ് തെറാപ്പി ചികിത്സ നടത്തുന്നത്. ഐ.സി‌.എം‌.ആറും ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോളജിക്കൽ ഇ.ലിമിറ്റഡും ചേർന്നാണ് കൊവിഡിനെതിരെ ഫലപ്രദമായ ചികിത്സ നടത്താൻ ശ്രമിക്കുന്നത്.

പ്ലാസ്മ തെറാപ്പിക്ക് സമാനമായ രീതിയിലുള്ള ചികിത്സയാണിത്. കൊവിഡ് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് എടുക്കുന്ന രക്തരസമാണ് പ്ലാസ്മ തെറാപ്പിയെങ്കില്‍ ഇവിടെ കൊവിഡിനെ അതിജീവിച്ച കുതിരകളില്‍ നിന്ന് ശേഖരിക്കുന്ന രക്തരസമാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. കുതിരകളില്‍ നിര്‍വീര്യമാക്കിയ സാർസ് കൊവ് 2 കുത്തിവെച്ച് 21 ദിവസത്തിന് ശേഷമാണ് പ്ലാസ്മ സാംപിളുകള്‍ വികസിപ്പിച്ചത്.

പരീക്ഷണം മനുഷ്യരില്‍ വിജയകരമായാല്‍ പ്ലാസ്മ തെറാപ്പിക്ക് പകരം ഈ രീതി ഉപയോഗിക്കാന്‍ സാധിക്കും. മനുഷ്യരില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ ആളുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നത് ഒരു പോരായ്മയാണ്. എന്നാല്‍ കുതിരകളില്‍ നിന്ന് ആവശ്യാനുസരണം രക്തരസം വികസിപ്പിക്കാമെന്ന് പറയപ്പെടുന്നു.

(1/4) ICMR and Biological E. Limited, Hyderabad have developed highly purified antisera (raised in animals) for prophylaxis and treatment of COVID-19.

— ICMR (@ICMRDELHI) October 1, 2020